
സൗദിയാണ് രാജ്യം ശരിയത്താണ് നിയമം…. ഭാഗം 2.
ജീലു, ആ ബംഗാളി ഇന്ന് രാത്രി നാട്ടിൽ പോകും. നാളെ മുതൽ കടയിൽ ഞാൻ ഒറ്റയ്ക്കാണ്..അതിന്റെ ആകുലതകളൊന്നും എനിക്കുണ്ടായിരുന്നില്ല..
കഴിഞ്ഞ ഒന്നര മാസം കൊണ്ട് ആ കടയുടെ പൂർണ്ണ ഉത്തരവാദിത്വം ഞാൻ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. അഞ്ചും ആറും ഏഴും എട്ടും ഒമ്പതും പത്തും വയസ്സുള്ള ആ കുട്ടികൾ മാത്രമായിരുന്നു എനിക്കൊരു തലവേദനയായി ഉള്ളത്..കടയിലുള്ള എല്ലാ സാധനത്തിന്റെയും പേര് ഞാൻ എഴുതി പഠിച്ചു. അറബികൾ മാത്രമുള്ള ഒരു ഏരിയ ആയിരുന്നു അത്.
വൺ റിയാൽ എന്ന് പറഞ്ഞാൽ എത്രയാണെന്ന് പോലും അവർക്കാർക്കും അറിയില്ലായിരുന്നു. ഒന്നരമാസം കൊണ്ട് അത്യാവശ്യം പിടിച്ച് നിൽക്കാനുള്ള അറബി ഞാൻ സ്വായത്തമാക്കി..
ആ കൗമാരക്കാർ വളരെ അപകടം പിടിച്ചവരായിരുന്നു. എന്റെ തുടക്ക ദിവസങ്ങളിൽ ഒന്ന്, ഇവന്മാരെല്ലാം കൂടി തൊട്ടപ്പുറത്തുള്ള ഒരു ബംഗാളിയുടെ കട തല്ലിപ്പൊളിച്ച് ആ ബംഗാളിയെ അവിടുന്ന് അടിച്ചോടിച്ചു..ബംഗാളികളോടുള്ള താല്പര്യക്കുറവ് അവർ , ആ സ്കൂൾ കുട്ടികൾ പോലും, സംസാരത്തിലും പ്രവർത്തിയിലും പ്രകടമാക്കിയിരുന്നു..
ആ മനോഭാവം തന്നെയായിരുന്നു അവർക്ക് ജീലുവിനോടും. എന്റെ കൂടെയുള്ള, മോശം വസ്ത്രധാരണവും ആഴ്ചയിൽ മൂന്നോ നാലോ ദിവസം മാത്രം കുളിക്കുകയും, ചിരി എന്ന ഭാവം തൊട്ടു തീണ്ടിയിട്ടില്ലാത്ത ജീലുവിനെ, 50, 55 വയസ്സുള്ള ആ ബംഗാളിയെ പലപ്പോഴായി ആ കൗമാരക്കാർ തല്ലുകയും തള്ളുകയും തുപ്പുകയുമൊക്കെ ചെയ്തിട്ടുണ്ട്. അത് കണ്ടിട്ട് എന്ത് ചെയ്യണമെന്നറിയാതെ ഞാൻ പകച്ചു നിന്നിട്ടുമുണ്ട്..കോളേജിൽ പോക്കൊക്കെ നിർത്തി അലമ്പ് കളിച്ച് നടന്നിരുന്നെങ്കിലും വായന എനിക്ക് ഒരു ലഹരിയായിരുന്നു.ഇവരുമായിട്ട് എനിക്ക് ഒരു പ്രശ്നവും ഉണ്ടാകാതിരിക്കണമെങ്കിൽ ഞങ്ങൾക്കിടയിൽ ഒരു സൗഹൃദം സ്ഥാപിക്കണമായിരുന്നു..
ബംഗാളികളോടുള്ള വെറുപ്പും ജീലുവിനോടുള്ള ദേഷ്യവും, അവർക്ക് എന്നോടുള്ള താല്പര്യത്തിന്റെ അളവ് കൂട്ടി. മലയാളികളോടുള്ള അവരുടെ താൽപര്യവും എന്റെ പേഴ്സണാലിറ്റിയും ( 19year old , 5″10 hight ,78 kg weight ) ഇംഗ്ലീഷ് സംസാരവും അവരിലേക്ക് എന്നെ പെട്ടെന്ന് അടുപ്പിച്ചു..ബന്ദർ ആയിരുന്നു അവരുടെ നേതാവ്. വല്ലപ്പോഴും മാത്രം അറബി വസ്ത്രം (തോപ്പ്) ധരിച്ചിരുന്ന, കൂടുതലും പാന്റ്സും ഷർട്ടും അണിഞ്ഞിരുന്ന അവൻ പോലീസിലെ ഉയർന്ന റാങ്കുള്ള ഒരു ഉദ്യോഗസ്ഥന്റെ അനിയനാണ്. ഇടയ്ക്ക് അവൻ ആ പോലീസുകാരന്റെ തോക്ക് എടുത്തു കൊണ്ട് വന്ന് ഷോ ഓഫ് നടത്താറുമുണ്ട്.അവനെ എങ്ങിനെയെങ്കിലും പാട്ടിലാക്കണം….കിട്ടിയ ഒരവസരവും ഞാൻ പാഴാക്കിയില്ല. ഞങ്ങൾ തമ്മിൽ അടുത്തു..
ഒരു ദിവസം ഉച്ചയ്ക്ക് ളുഹറിന് മുമ്പ് ബന്ദർ കടയിലേക്ക് വന്നു. ജീലു നേരത്തെ റൂമിൽ പോയിരുന്നു.മദ്യമോ മയക്കുമരുന്നോ ഉപയോഗിക്കാതെ അത്രയും ഉന്മേഷവാനായി ഞാനന്നാണ് അവനെ കാണുന്നത്. വീട്ടിൽ എന്തോ ഫംഗ്ഷൻ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടായിരിക്കണം ഇങ്ങനെ ഫ്രഷായി കാണാൻ കഴിഞ്ഞത്. അവന് അത്യാവശ്യം ഇംഗ്ലീഷ് അറിയാം. എനിക്ക് ഇംഗ്ലീഷും വളരെ കുറച്ച് അറബിയും. ഇംഗ്ലീഷും അറബിയും കൂട്ടിക്കലർത്തിയും ആംഗ്യഭാഷയും ചേർത്ത് ഞങ്ങൾ സംസാരിച്ചു.അവൻ അവന്റെ ജീവിതത്തിന്റെ ഒരേട് എന്നോട് പറഞ്ഞു..പഠിക്കാൻ മിടുക്കനായിരുന്ന അവൻ എങ്ങനെയോ മയക്കുമരുന്നിന്ന് അടിമയായി. പഠനം എവിടെവച്ചോ നിന്നു. അധികാരവും സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിൽ നിന്നായതിനാൽ ഒന്നിനും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല…
അവിടെ കൂടിയിരിക്കുന്ന എല്ലാവരും കള്ളും കഞ്ചാവും അതുപോലെയുള്ള മറ്റു പലതും ഉപയോഗിക്കുന്നവരാണ് . ബന്ദറിന് അത് നിർബന്ധമാണ്. അതുകൊണ്ട് അവൻ അത് വാങ്ങി സൂക്ഷിക്കും. കാശിന്റെ പ്രശ്നം ഉണ്ടാവില്ലെങ്കിലും “ലഭ്യത” പ്രശ്നം തന്നെയായിരുന്നു. ബന്ദർ അറിയാതെ ഒരു ഇടനിലക്കാരനായി. അവൻ അത് ആവശ്യക്കാർക്ക് എത്തിച്ചുകൊടുത്തു. അങ്ങനെ അവന് ലീഡർ പട്ടം ചാർത്തി കിട്ടി. എന്തായാലും ഉള്ളവനാണ് വില. ആ കാശ് കൊണ്ട് അവനും അവന്റെ ശിങ്കിടികളും കാശുമുടക്കില്ലാതെ ലഹരി ഉപയോഗിച്ച് കുത്തഴിഞ്ഞ ജീവിതം നയിക്കുന്നു. ഇതായിരുന്നു അവൻ പറഞ്ഞതിന്റെ രത്നച്ചുരുക്കം..ഞങ്ങളുടെ കട ഒരു മൂലയിലാണ്. മുൻവശത്ത് നീണ്ടുകിടക്കുന്ന മൈതാനം, ഞങ്ങളുടെ ആ ബിൽഡിങ്ങിൽ ഓണറായ സൗദിയല്ലാതെ മറ്റു മൂന്ന് താമസക്കാരും മറ്റു രാജ്യക്കാരാണ്. അതുകൊണ്ടാണ് ഈ സ്ഥലം അവർക്ക് സുരക്ഷിതമാകുന്നത്. പലയിടങ്ങളിൽ നിന്നായി ചെറുപ്പക്കാർ അവിടെ എത്താറുണ്ട് ഈ ലഹരിയും തേടി..സൗദി അറേബ്യയിലേക്ക് വിസ അടിച്ചാൽ പാസ്പോർട്ടിന്റെ മുകളിൽ ഒരു സ്റ്റിക്കർ ഒട്ടിക്കും അത് ഓരോ യാത്രക്കാർക്കും ഉള്ള ഒരു വാണിംഗ് ആണ് “Drugs carrying is condemn to death” മയക്കുമരുന്ന് കൈവശം വച്ചാൽ ശിക്ഷ മരണം എന്ന് ..അവിടെയാണ് ഇതൊക്കെ നടക്കുന്നത്..
ഏതായാലും,കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ ഞാനവർക്ക് സ്വീകാര്യനായി..കടയിലെ ലാൻഡ് ഫോണിൽ നിന്ന് ഫോൺ ചെയ്യാൻ അനുവദിച്ച് കാശ് വാങ്ങിയും, സിഗരറ്റ് കച്ചവടവും സ്കൂൾ കുട്ടികളുടെ കച്ചവടവുമാണ് നഷ്ടത്തിൽ പോയിക്കൊണ്ടിരിക്കുന്ന ആ കടയ്ക്ക് കുറച്ചെങ്കിലും ആശ്വാസമാകുന്നത്..ജീലുവിനോടുള്ള അമർഷം ആ കുട്ടികൾ മോഷ്ടിച്ചും അദ്ദേഹത്തെ തെറിപറഞ്ഞും ഉപദ്രവിച്ചും പ്രകടമാക്കി..കുട്ടികളെ ആർക്കാണ് ഇഷ്ടമില്ലാത്തത്. എനിക്കും വളരെ ഇഷ്ടമാണ്. ഞാനാ കുട്ടികളെ സ്നേഹത്തോടെ ഉപദേശിച്ചും ശാസിച്ചും ഭയപ്പെടുത്തിയും ഒരു പരിധി വരെ ശരിയാക്കിയെടുത്തു. എന്നാലും പലരും തക്കം കിട്ടിയാൽ മിഠായികളോ മറ്റോ എടുത്ത് കീശയിലിടും. ശരീരത്ത് തപ്പുകയോ സ്പർശിക്കുകയോ ചെയ്യില്ല എന്ന് അവർക്കറിയയാം.പല കണ്ണുകളുമായി അവരെ നിരീക്ഷിക്കുക അതായിരുന്നു പോംവഴി..ജീലു നാട്ടിൽ പോയി. രണ്ടുമാസമായിട്ടും എനിക്ക് ശമ്പളം ഒന്നും തന്നിട്ടില്ല..ഭക്ഷണത്തിന്, ഉച്ചയ്ക്കും രാത്രിയും, കുറച്ചപ്പുറത്തുള്ള ചാവക്കാട്കാരൻ റഷീദ്ക്കായുടെ ഹോട്ടലിൽ മെസ്സാണ്.
ബ്രേക്ക്ഫാസ്റ്റ് തൊട്ടടുത്ത ബിൽഡിംഗിൽ മലപ്പുറത്തുകാരൻ കോയയുടെ കഫ്തീരിയയിൽ നിന്ന് കഴിക്കും. ഇടത്തട്ട് പെപ്സിയും ബിസ്കറ്റും അതുപോലെയുള്ള മറ്റെന്തെങ്കിലും കടയിൽ നിന്ന് എടുത്തും കഴിക്കും..എന്റെ അറബിയുടെ ചേട്ടന്റെ കടയിൽ നിന്നിരുന്ന എന്റെ മച്ചിനിയൻ ബഷീർ, അവിടെയുണ്ടായിരുന്ന മിസിരിയുടെയും ( ഈജിപ്ഷ്യൻ ) വല്ലപ്പോഴും വന്നിരുന്ന ആ അറബിയുടെയും കഷ്ടപ്പെടുത്തലും ഉപദ്രവും കാരണം അവിടെനിന്ന് ചാടി ഒരു ഐസ്ക്രീം കമ്പനിയിൽ ജോലിക്ക് കയറി..
ഇടയ്ക്ക് എന്നോട് എന്റെ അറബി ചോദിക്കും നിന്റെ സഹോദരൻ എവിടെയെന്ന്, എനിക്കറിയില്ലെന്ന് ഞാൻ മറുപടിയും പറയും..ശമ്പളം കിട്ടിയിട്ടില്ല എന്ന ഒരു ബുദ്ധിമുട്ടേയുള്ളൂ. ജീവിതം സന്തോഷമായി പോകുന്നു. ശമ്പളം ഇന്നല്ലെങ്കിൽ നാളെ കിട്ടുമല്ലോ?..കട വാങ്ങാനായി പലരും വന്ന് നോക്കുന്നുണ്ട്..മൂന്നാലു മാസം കൊണ്ട് ഞാൻ തടിച്ചു കൊഴുത്ത് കട്ടി മീശയോട് കൂടിയ ഒരു സുന്ദരക്കുട്ടപ്പനായി. ബന്ധറും അവന്റെ കൂട്ടാളികളും എന്റെ അറബിയും എന്നെ കെട്ടിപ്പിടിക്കുന്ന (Hug) രീതിയിലായി..ആ ഇടയ്ക്കാണ് സയ്യിദ് ഒവൈരാന്റെ നേതൃത്വത്തിൽ സൗദി അറേബ്യ, ഏഷ്യൻ കപ്പ് നേടുകയോ, വേൾഡ് കപ്പിലേക്ക് യോഗ്യത നേടുകയോ ചെയ്തത്..
അന്നാണ് ബന്ദറിന്റെയും കൂട്ടാളികളുടെയും ആഘോഷത്തിന്റെ ഒരു മാരക വേർഷൻ കാണുന്നത്. രണ്ട് കാർട്ടൂൺ കോഴിമുട്ട (720 എണ്ണം) റോഡ് സൈഡിൽ വെച്ചിട്ട്, അതിലെ പോകുന്ന വിദേശികളുടെ, അവരുടെ വണ്ടി കണ്ടാൽ അവർക്ക് തിരിച്ചറിയാം, വണ്ടിയുടെ ഗ്ലാസിലേക്കും മറ്റും കോഴിമുട്ട എറിയുന്നു..ശരിക്കും സങ്കടകരമായിരുന്നു ആ കാഴ്ച. അവർ ആക്രമിച്ച് ആഘോഷിക്കുകയായിരുന്നു..
അന്ന് സൗദി അറേബ്യ മുഴുവൻ ആഘോഷത്തിനിർപ്പിലായിരുന്നു..മാസങ്ങൾ രണ്ടുമൂന്ന് പിന്നെയും കടന്നുപോയി..അടുത്ത വീട്ടിലെ ഡ്രൈവറായ സുബൈറും ഞാനും നല്ല സുഹൃത്തുക്കളായി. അവന്റെ കൂടെയാണ് ഞാൻ അൽബയ്ക്ക് ( ബ്രോസ്റ്റഡ് ചിക്കൻ ) കഴിക്കാനും മറ്റും പോയിരുന്നത്.ഒരു ദിവസം രാത്രി രണ്ടുമണിക്ക് എന്റെ റൂമിൽ കിടന്നുറങ്ങുന്ന സുബൈറിന്റെ പേജർ റിംഗ് ചെയ്തു. മൊബൈൽ ഫോൺ ഒന്നും ആയിട്ടില്ലല്ലോ, വീട്ടിലെ നമ്പറിൽ നിന്ന് ഈ പേജറിലേക്ക് ഡയൽ ചെയ്താൽ, പേജറിൽ ആ നമ്പർ കാണും അത് കണ്ടാൽ ഉടനെ അവൻ അവിടെ എത്തണം, അവൻ പോയി..
പിറ്റേന്ന് കണ്ടപ്പോൾ ഞാനവനോട് ചോദിച്ചു എന്തിനായിരുന്നു നട്ടപ്പാതിരയ്ക്ക് അവർ നിന്നെ വിളിച്ചതെന്ന്, ക്യാരംസ് കളിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു കോയിൻ തെറിച്ചുപോയി. അത് വാങ്ങാൻ ആയിരുന്നുവെന്ന് അവൻ മറുപടിയും പറഞ്ഞു..അന്ന് രാവിലെ കട തുറന്നു. ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. സ്കൂൾ വിട്ടു. കുട്ടികളുടെ ഒച്ചയും ബഹളവും അവസാനിച്ചു തുടങ്ങി.
പെട്ടെന്ന് കടയുടെ അടുത്തേക്ക് ഒരു വണ്ടി കയറ്റി നിർത്തി. വണ്ടിയിൽനിന്ന് ഒരു മുത്തവ്വയും മറ്റൊരു സൗദിയും ചാടിയിറങ്ങി ആക്രോഷിച്ച് എന്റെ നേരെ വന്ന് തലയിൽ കെട്ടിയ വട്ട് അഴിച്ച് എന്നെ അടിക്കാൻ ഓങ്ങി. ഞാൻ ഒഴിഞ്ഞു മാറിയതുകൊണ്ട് അടി പൂർണ്ണമായും എനിക്ക് കൊണ്ടില്ല. അപ്പോൾ കടയിലുണ്ടായിരുന്ന ആ ബിൽഡിങ്ങിന്റെ ഓണർ, അവരോട് എന്തോ കയർത്ത് സംസാരിച്ചു. വന്ന രണ്ടുപേരും ആ ബിൽഡിംഗ് ഓണറും വെളിയിൽ ഇറങ്ങി എന്നെ അകത്താക്കി വാതിൽ പൂട്ടി.10, 15 മിനിറ്റിനുള്ളിൽ നാലുഭാഗത്തുനിന്നായി പോലീസ് വണ്ടിയുടെ സൈറൺ കേട്ട് തുടങ്ങി..ആ ബന്ധറും കൂട്ടരും എന്തോ ഒപ്പിച്ചോ എന്ന് ഞാൻ പേടിച്ചു..ഒരിക്കൽ ബന്ധർ ഒരു പൊതി കടയിൽ വെക്കാൻ പറഞ്ഞിട്ട് അവന്റെ ഒരു ശിങ്കിടി ഖാലിദിന് കൊടുക്കാൻ പറഞ്ഞു. അതെന്തോ മയക്കുമരുന്നാണ് എന്നറിയുന്നത് കൊണ്ട് ഞാൻ പേടിച്ച് അതവിടെ വെക്കാൻ അനുവദിച്ചില്ല. അവനത് കടയുടെ മുമ്പിൽ വച്ചിരുന്ന വേസ്റ്റ് ബിന്നിന്റെ അടിയിൽ വെച്ച് ഖാലിദ് വന്നാൽ അവന് കാണിച്ചുകൊടുക്കണം എന്നും പറഞ്ഞു പോയി. അങ്ങിനെ എന്തെങ്കിലും ആണോ?.
ഞാൻ 100% നിരപരാധിയാണെന്ന് എനിക്ക് ബോധ്യമുണ്ടെങ്കിലും, മയക്കുമരുന്ന് കേസിന് തലവെട്ടാണ് ശിക്ഷ എന്നുള്ളത് എന്റെ ഭയം വർധിപ്പിച്ചു…മൂന്നാല് വണ്ടിയിലായിട്ട് പോലീസുകാരെത്തി. കടയ്ക്ക് ചുറ്റും നിറയെ ആളുകൾ കൂടിയിരുന്നു.
എന്നെ പുറകിലോട്ട് കയ്യാമം വെച്ച് വണ്ടിയിൽ കയറ്റി കൊണ്ടുപോയി…..
തുടരും....
Sidhique Patta…



