ENTERTAINMENT

സിദ്ധീഖ് എഴുതുന്നു…എൻ്റെ ഭ്രാന്തൻ ചിന്തകൾ..

സഹധർമ്മിണി….. ഭാഗം 4.

ഉമ്മയും ഉപ്പയും രണ്ട് അനിയത്തിമാരും ഒരനിയനും വലിയമ്മയും വലിയാപ്പയും അടങ്ങുന്നതായിരുന്നു സജിനയുടെ കുടുംബം.. സമ്പന്നരൊന്നുമായിരുന്നില്ല. അന്നന്ന് ജോലിക്ക് പോയി ജീവിക്കുന്നവരാണ്.. സജിന പ്ലസ് ടു കഴിഞ്ഞ് തുടർന്ന് പഠിക്കാതെ തയ്യിൽ പഠിക്കാൻ പോയി .. വിവാഹാലോചനകൾ തകൃതിയായി നടന്നു.. കറുത്ത നിറവും മെലിഞ്ഞ ശരീരവും കാലിന് ചെറിയ മുടന്തും ഉള്ളതുകൊണ്ട് ആർക്കും അവളെ ബോധിച്ചില്ല.. വീട്ടുകാർക്ക് ആധിയായി.. രണ്ട് വർഷം കടന്നുപോയി.. കെമന്മാർ തന്നെ വേണമെന്നില്ല, ആരായാലും മതി എന്നായി.. അവളുടെ അനിയത്തിയുടെ വിവാഹം കഴിഞ്ഞു.. അവളുടെ ഉമ്മാക്ക് അവളെ ഓർത്ത് സങ്കടപ്പെടാനെ നേരമുണ്ടായിരുന്നുള്ളൂ.. തനി യാഥാസ്ഥിതിക കുടുംബത്തിൽ നിന്നുള്ള സജിനയുടെ ഉപ്പയും ഉമ്മയും മറ്റ് അംഗങ്ങളും വിവാഹ പ്രായം താണ്ടിയിട്ടും കല്യാണം നടക്കാത്ത സജിനയുടെ കാര്യത്തിൽ സങ്കടപ്പെട്ടു..എല്ലാവരുടെയും കാര്യങ്ങൾ സജിന അവരവർക്ക് ഉതകുന്ന രീതിയിൽ ഒരു യന്ത്രം കണക്കെ ചെയ്തിരുന്നത് കൊണ്ട് അവർക്കെല്ലാം സജിനയെ വലിയ ഇഷ്ടമായിരുന്നു.. മാസങ്ങൾ പിന്നെയും കടന്നുപോയി..

രണ്ടാമത്തെ അനിയത്തിക്ക് വിവാഹാലോചനകൾ വന്നുതുടങ്ങി.. ആ കുടുംബത്തിലെ ആദ്യത്തെ കണ്മണിയായ, എല്ലാവരുടെയും പ്രിയങ്കരിയായ സജിന മറ്റുള്ളവരുടെയുള്ളിൽ ഒരു നീറ്റലായി.. 17,18 വയസ്സാകുമ്പോഴേക്കും മുസ്ലിം പെൺകുട്ടികളെ വിവാഹം കഴിപ്പിച്ച് വിടുന്ന കാലമായിരുന്നു അത്.. സജിനക്ക് 22 വയസ്സായി..സജിനയെ പെണ്ണ് കാണാൻ പലരും വന്നു. അതിൽ ചിലയാളുകൾക്ക് അവളെ ബോധിച്ചിരുന്നെങ്കിലും, അവരെക്കുറിച്ച് അന്വേഷിച്ചപ്പോൾ അവരുടെ ദുശ്ശീലങ്ങളും പെരുമാറ്റവുദൂഷ്യവും മനസ്സിലാക്കിയതുകൊണ്ട് അതൊന്നും നടന്നില്ല..രണ്ടാമത്തെ അനിയത്തിയുടെ വിവാഹവും കഴിഞ്ഞു.. കല്യാണം കഴിക്കാത്തതിലായിരുന്നില്ല സജിനക്ക് വിഷമം, അവളുടെ പ്രിയപ്പെട്ടവർ അവളോട് കാണിക്കുന്ന ദയയും അനുകമ്പയും കാണുന്നതാണ്..അത് അവളോടുള്ള ഇഷ്ടം കൊണ്ടായിരുന്നെങ്കിലും അവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത്.. മനോഹരമായി ചിരിക്കുകയും സംസാരിക്കുകയും ചെയ്തിരുന്ന സജിനയുടെ ചിരിയും സംസാരവും കുറഞ്ഞുകൊണ്ടിരുന്നു.. സജിനയുടെ അനിയത്തിക്ക് ഒരു പെൺകുഞ്ഞ് പിറന്നു.. രണ്ടാം കെട്ടുകാരിൽ നിന്നോ മറ്റെന്തെങ്കിലും തരത്തിൽ ബാധ്യത ഉള്ളവരോ ആയാലും വേണ്ടില്ല, ബ്രോക്കർമാരെ ഏൽപ്പിച്ച് വിവാഹാലോചനകൾ ക്ഷണിച്ചു.. അണ്ടനെയോ അടകോടനെയോ ആരെയായാലും വിവാഹം കഴിച്ച് അവളുടെ പ്രിയപ്പെട്ടവർക്ക് താനെന്ന ബാധ്യത ഒഴിവാക്കി കൊടുക്കണമെന്ന് സജിനയും തീരുമാനിച്ചിരുന്നു..

തയ്യൽ പണിയും വീട്ടിലെ മറ്റു കാര്യങ്ങളും ഒരു ഭംഗവും വരാതെ ഭംഗിയായി മുറ പോലെ ചെയ്തുകൊണ്ട് അവൾ അവളുടെ സങ്കടങ്ങൾ മറക്കാൻ ശ്രമിച്ചു.. സജിനക്ക് 23 വയസ്സായി.. തീർത്തും യാഥാസ്ഥിതികരായ അവളുടെ രക്ഷിതാക്കളും ബന്ധുക്കളും അവളെയോർത്ത് ദുഃഖിച്ചു.. അവസാനത്തെ ആളായാണ് സലീം സജിനയെ പെണ്ണ് കാണാൻ ചെല്ലുന്നത്.. അനിയത്തിയുടെ പ്രേമവും അതറിഞ്ഞ നാട്ടുകാരുടെ പരിഹാസവും അപമാനവും സഹിക്ക വയ്യാതെ , അവളെ അവന് തന്നെ വിവാഹം കഴിച്ച് കൊടുക്കാനായി, അവർ ആവശ്യപ്പെട്ട 50 പവൻ കൊടുക്കാൻ വേണ്ടി, ബ്രോക്കറോട് പറഞ്ഞ് സജിനയുടെ വീട്ടുകാരോട് സമ്മതിപ്പിച്ചതിന് ശേഷമാണ് സലീം സജിനയെ പെണ്ണ് കാണാൻ പോയത്.. അവസാനമായപ്പോഴേക്കും സജിന തന്നെ കാണാൻ വരുന്നവരെ, ആരായാലും തനിക്ക് കുഴപ്പമില്ല എന്ന മട്ടിൽ, ശരിക്കുമവരെ നോക്കുക പോലും ചെയ്തിരുന്നില്ല.. സുന്ദരനും സുമുഖനും ആരോഗ്യവാനുമായ സലീമിനെ ഒറ്റനോട്ടത്തിൽ കണ്ട സജിന ഞെട്ടിപ്പോയി..”ഇവനൊന്നും എന്നെ ഇഷ്ടപ്പെടില്ല” എന്ന് ചിന്തിച്ച് ഒരു കാഴ്ച വസ്തുവായി സജിന അവന്റെ മുന്നിൽ നിന്നു..അവർ ഒന്നും സംസാരിച്ചില്ല..അവനവളെ കണ്ടോ, നോക്കിയോ എന്നുപോലും സജിനക്ക് അറിയില്ല..എന്താണ് തീരുമാനമെന്ന് ബ്രോക്കറോട് പറഞ്ഞറിയിക്കാം എന്ന് സജിനയുടെ ഉപ്പയോട് പറഞ്ഞ് അവർ പോയി.. അടുത്ത ദിവസം തന്നെ സലീം അവളെ ഇഷ്ടമായി, വിവാഹം നടത്താം എന്ന് ബ്രോക്കർ വഴി സജിനയുടെ വീട്ടുകാരെ അറിയിച്ചു.. അവളുടെ വീട്ടുകാർ അവനെപ്പറ്റി അന്വേഷിച്ചു.. സുമുഖനും സുന്ദരനുമായ ഒരു ദുശ്ശീലവും ഇല്ലാത്ത, സുഹൃത്തുക്കൾക്കും നാട്ടുകാർക്കും പ്രിയങ്കരനായ, കുടുംബത്തിനു വേണ്ടി ചെറിയ പ്രായത്തിലെ കഷ്ടപ്പെട്ട് തുടങ്ങിയ സലീമിനെ അവർക്ക് ബോധ്യപ്പെട്ടു.. അവൾക്ക് കൊടുക്കുന്ന സ്വർണ്ണം സലീമിന്റെ അനിയത്തിക്ക് കൊടുക്കാം, എങ്ങിനെയെങ്കിലും കല്യാണം നടന്നാൽ മതി എന്ന് പറഞ്ഞ് അവളുടെ ഉപ്പയും മൂത്താപ്പയും സലീമുമായുള്ള വിവാഹം നിശ്ചയിച്ചു ..

അതറിഞ്ഞ മറ്റു ബന്ധുക്കൾ പലതരത്തിൽ എതിർപ്പ് പ്രകടിപ്പിച്ചു.. പലരും അത് ശരിയാവില്ല എന്ന് തീർത്ത് പറഞ്ഞു.. “സ്വർണ്ണവും പണ്ടവും ഒന്നുമല്ല പ്രശ്നം, അവൾക്കൊരു ജീവിതം വേണം. പറഞ്ഞത് പറഞ്ഞതുതന്നെ, ഇനി അതിൽ ഒരു മാറ്റവുമില്ല” എല്ലാവരുടെയും കാരണവരായ അവളുടെ മൂത്താപ്പയുടെ ഉറച്ച തീരുമാനമായിരുന്നു അത്.. സലീമിന്റെ അനിയത്തിയുടെയും അവരുടെയും വിവാഹം ഒരേ ദിവസം നടത്താൻ തീരുമാനിച്ചു.. വിവാഹത്തിന് തലേ ദിവസങ്ങളിൽ തന്നെ സജിനയുടെ ആഭരണങ്ങളിൽ പകുതിയും, നാട്ടുകാരാരും അറിയാതിരിക്കാൻ വേണ്ടി, സലീമിന്റെ സഹോദരി സാഹിറക്ക് അണിയാനായി വാങ്ങിക്കൊണ്ടു പോയി.. അടുത്ത ദിവസത്തിൽ കല്യാണമാണെങ്കിലും, തങ്ങളുടെ മകൾ അണിയേണ്ട സ്വർണ്ണം അവര് വാങ്ങിക്കൊണ്ടുപോയത് സജിനയുടെ വീട്ടിൽ പലർക്കും ഇഷ്ടപ്പെട്ടില്ല.. അതിനെക്കുറിച്ച് പല രീതിയിലുള്ള സംസാരങ്ങൾ വീണ്ടും അവിടെ നടന്നു.. വിവാഹ ദിവസം നിക്കാഹ് കഴിഞ്ഞ് താലിമാല അവളെ അണിയിക്കാൻ നിൽക്കാതെയും അവളെ കൂടെ കൂട്ടാതെയും ( ആ സമ്പ്രദായങ്ങളെല്ലാം മുസ്ലിം കല്യാണങ്ങളിൽ തുടങ്ങി വരുന്നതേ ഉണ്ടായിരുന്നുള്ളൂ) അവളെ വീട്ടിലേക്ക് ക്ഷണിച്ച് സ്വീകരിക്കാനായി ബന്ധുക്കളെയും മറ്റും ചുമതലപ്പെടുത്തി സലിം തിരിച്ചു പോയി.. നിക്കാഹ് സമയത്ത് സലീമിന്റെ കൂടെ ആണുങ്ങളാണ് ഉണ്ടായിരുന്നത്.. അവളെ കണ്ട സലീമിന്റെ ചില പരിചയക്കാര് “ഇവനെന്തു പറ്റി” എന്ന ഭാവേനെ മുഖം ചുളിച്ചത് സലീം ശ്രദ്ധിച്ചപോലെ സജിനയും ശ്രദ്ധിച്ചിരുന്നു..അത്രയ്ക്ക് സുമുഖനും സുന്ദരവുമായ സലീം തനിക്ക് ചേരുമോ എന്ന് അവൾക്കും തോന്നി.. അവളെ അണിയിച്ചൊരുക്കാനും മറ്റുമായി സലീമിന്റെ ബന്ധുക്കളും അയൽക്കാരുമായ സ്ത്രീകൾ സജിനയുടെ മുറിയിലേക്ക് പോയി.. പെട്ടെന്ന് സജിനയെ കണ്ട അവരിൽ പലർക്കും അവളെ ബോധ്യപ്പെട്ടിട്ടില്ല എന്ന് അവരുടെ ശരീര ഭാഷയിൽ നിന്ന് സജിനക്ക് മനസ്സിലായി.. അവൾക്ക് സങ്കടം വന്നു.. കരച്ചിൽ വന്നു.. ഉമ്മയെയും ഉപ്പയെയും മറ്റു പ്രിയപ്പെട്ടവരെയും വിട്ടുപിരിയുന്നത് കൊണ്ടായിരിക്കും എന്ന് പലരും കരുതി.. അവളെയും കൊണ്ട് അവർ സലീമിന്റെ വീട്ടിലെത്തി..

സലീമിന്റെ അനിയത്തിയെ അവളുടെ ഭർത്താവിന്റെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു.. അവിടെ കൂടിയിരുന്ന ചിലരുടെ മുഖത്തും ശരീരഭാഷയിലും സജിന ആ അനിഷ്ടം വീണ്ടും കണ്ടു.. രാത്രി ഏറെ വൈകിയാണ് സലീം ബെഡ്റൂമിലെത്തിയത്. ഒന്നോ രണ്ടോ വാക്കിൽ സംസാരം ഒതുക്കി കയറി കിടന്നു.. സലീമിന്റെ അനിയത്തിയെ കെട്ടിച്ചുവിടാൻ പണത്തിനു വേണ്ടിയാണ് തന്നെ വിവാഹം കഴിച്ചത് എന്ന് മനസ്സിലാക്കിയ സജിന എന്ത് ചെയ്യണമെന്നോ പറയണമെന്നോ അറിയാതെ കടലോളം സങ്കടങ്ങൾ ഉള്ളിലൊതുക്കി ഉറങ്ങാതെയും ഉറങ്ങിയും നേരം വെളുപ്പിച്ചു..അതായിരുന്നു അവരുടെ ആദ്യ രാത്രി.. സജിന അതിരാവിലെ എണീറ്റ് കുളിച്ച് പ്രാർത്ഥനയ്ക്ക് ശേഷം മറ്റുള്ളവർ എഴുന്നേൽക്കുന്നതിന് മുമ്പ് അടുക്കളയിലും പരിസരത്തും ചുറ്റിക്കറങ്ങി കൊണ്ടിരിക്കുമ്പോഴാണ് തളർന്നു കിടക്കുന്ന സലീമിന്റെ ഉപ്പ ഉണർന്നിട്ടുണ്ട് എന്ന് അവൾ മനസ്സിലാക്കിയത്.. അവൾ അദ്ദേഹത്തോട് എന്തെങ്കിലും വേണമോ എന്ന് ചോദിച്ചു.. ഒരു ചായ ഇട്ടു കൊണ്ടുവന്ന്, ഒരു പ്രത്യേക രീതിയിൽ തലഭാഗം ഉയർത്താവുന്ന കട്ടിൽ ഉയർത്തി, അദ്ദേഹത്തെ പിടിച്ച്, അവൾ അദ്ദേഹത്തിന് ചായ കൊടുത്തു.. ചലിക്കാൻ കഴിയാതെ കിടക്കുന്ന സലീമിന്റെ ഉപ്പയുടെ ചുറ്റുമിരുന്നിട്ടാണ് വീട്ടിലെയും ബന്ധത്തിലേയും സ്ത്രീകൾ, സലീം സജിനയെ കണ്ട് ഇഷ്ടപ്പെട്ടതിന് ശേഷം അവളെ കാണാൻ പോയി വന്നിട്ട് അവളുടെ കുറ്റങ്ങളും കുറവുകളും പറഞ്ഞിരുന്നത്..അദ്ദേഹത്തിന് ശരീരം ചലിപ്പിക്കാൻ കഴിയില്ലെങ്കിലും കാഴ്ചക്കും കേൾവിക്കും ബുദ്ധിക്കും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല.. തന്റെ കുടുംബത്തിന്റെ മാനം രക്ഷിക്കാനായി തന്റെ പ്രിയപ്പെട്ട മകന്റെ ഭാര്യയായ സജിനയെ കാണുന്നതിന് മുമ്പ് തന്നെ മകളുടെ സ്ഥാനം നൽകിയിരുന്ന അദ്ദേഹം അവിടെ കൂടിയിരുന്ന് ഏഷണി പറയുന്ന തന്റെ വീട്ടുകാരെയും ബന്ധുക്കാരെയും എതിർത്തിരുന്നു.. അഞ്ചാറു വർഷമായി തളർന്ന് കിടക്കുന്ന അദ്ദേഹത്തെ അനുസരിക്കാനോ കേൾക്കാനോ അവിടെ ആരും ഉണ്ടായിരുന്നില്ല.. ചായ കുടിച്ചു കൊണ്ടിരിക്കെ ഉപ്പ അവളോട് എന്തൊക്കെയോ സംസാരിച്ചു.. കൂടുതലും സലീമിനെ പറ്റിയായിരുന്നു. അവന്റെ നല്ലത് മാത്രമായിരുന്നു.. കല്യാണവും ആദ്യരാത്രിയും കഴിഞ്ഞ് തന്റെ വിധിയെ ശപിച്ച് എന്ത് ചെയ്യണം എന്നറിയാതെ നിന്ന സജിനയ്ക്ക് ആശ്വാസം നൽകുന്നതായിരുന്നു ഉപ്പയുമായുള്ള ആ സംസാരം.. ഉപ്പയും മകളും ഓരോന്ന് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും സജിന സലിം ഉണർന്നിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു, അവന് ചായ കൊടുക്കാൻ.. ഏഴു മണിയോടുകൂടി ഉമ്മ എണീറ്റ് വന്നു. അവരോടൊപ്പം കൂടി അടുക്കളയിൽ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ നിന്നു.. അതിനിടയിൽ സലീമിന് ചായ കൊടുക്കാൻ അവൾ മറന്നില്ല.. ബ്രേക്ക്ഫാസ്റ്റ് കഴിച്ച് സലിം വെളിയിൽ പോയി രാത്രിയാണ് തിരിച്ചു വന്നത്.. പുതുതായി വന്ന പെണ്ണിനെ കാണാൻ അയൽവക്കത്തുകാരും ബന്ധുക്കളും പല സമയങ്ങളിലായി വന്നു..ഒട്ടും മോഡേൺ അല്ലാത്ത, സൗന്ദര്യം സൂക്ഷിക്കുന്നതിൽ ഒരു ശ്രദ്ധയും ചെലുത്താത്ത തന്നെ അവരിൽ പലർക്കും, തൂവെള്ള നിറത്തിലുള്ള സലീമിന്റെ പത്നിയായി അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് സജിന മനസ്സിലാക്കി.. പ്രാതലും ഊണും അത്താഴവും ഉപ്പയും സലീമിന്റെ പരിമിതമായ സംസാരവും അവളുടെ ഭയഭക്തി ബഹുമാനത്തോടെയുള്ള മറുപടിയുമായി ആ ദിവസവും അങ്ങിനെ മറ്റ് പല ദിവസങ്ങളും കടന്നുപോയി.. അതിനിടയ്ക്കാണ് ആദ്യമായിട്ട് സലിം അവളുടെ വീട്ടിൽ വിരുന്നിന് പോയത്..

അവളുടെ കൂടെ നടന്ന് അടുത്തുള്ള കവലയിൽ വരെ അവളോട് ഒന്നിച്ച് നടക്കാനുള്ള മടി കൊണ്ട്, അവന്റെ വീട്ടിലേക്ക് ഓട്ടോ വിളിച്ച്, ആ ഓട്ടോയിൽ അവളുടെ വീട്ടിൽ പോയി അന്തിയുറങ്ങി അതിരാവിലെ എഴുന്നേറ്റ്, “നീ കുറച്ചു കഴിഞ്ഞിട്ടോ നാളെയോ വന്നാൽ മതി, വേണമെങ്കിൽ സൽമാനെ വിടാം” എന്നും പറഞ്ഞ് സലീം തിരിച്ചു പോന്നു .. സലീമിന്റെ വീട്ടിൽ അന്നുതന്നെ തിരിച്ചെത്തിയ സജിനയെയും അവനെയും പല ബന്ധു വീട്ടുകാരും അയൽപക്കക്കാരും സുഹൃത്തുക്കളും സൽക്കാരത്തിന് ക്ഷണിച്ചിരുന്നെങ്കിലും, സലീം പല ഒഴിവുകഴിവുകൾ പറഞ്ഞ് ഒരിടത്തും പോയില്ല.. കല്യാണം കഴിഞ്ഞ് എട്ടാം നാൾ, 12 ദിവസത്തെ ലീവ് ബാക്കിയിരിക്കെ, സജിനയോടൊന്ന് സംസാരിക്കുകയോ ഒന്ന് പുഞ്ചിരിക്കുകയോ സ്നേഹത്തോടെ ഒന്നു നോക്കുക പോലും ചെയ്യാതെ ഒരുപാട് തീ തിന്ന് മെഴുകുതിരി പോലെ അലിഞ്ഞ് ഇല്ലാതായിക്കൊണ്ടിരിക്കുന്ന സജിനയെ തനിച്ചാക്കി സലീം ഖത്തറിലേക്ക് തിരിച്ചു പോയി..

തുടരും….. Sidhique patta..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com