LOCAL NEWS

ഓമശ്ശേരിയിൽ വൻ തോതിൽ മലിന ജലമൊഴുക്കി സാമൂഹ്യ വിരുദ്ധർ

ഓമശ്ശേരി: പഞ്ചായത്തിലെ താഴെ ഓമശ്ശേരി ഇല്ലപ്പടി വളവിലും രണ്ടാം വാർഡിലെ കൊല്ലപ്പടിയിലും മുക്കം മുനിസിപ്പാലിറ്റി പരിധിയിലെ കല്ലുരുട്ടിയിൽ രണ്ടിടങ്ങളിലും ഇരുട്ടിന്റെ മറവിൽ വൻ തോതിൽ കക്കൂസ്‌ മാലിന്യം ഉൾപ്പടെയുള്ള മലിനജലം ഒഴുക്കി സാമൂഹ്യ വിരുദ്ധർ.വെള്ളിയാഴ്ച്ച രാത്രിയാണ്‌ സംഭവം.എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയോരത്ത്‌ ഓമശ്ശേരി മങ്ങാടിനടുത്ത ഇല്ലപ്പടി വളവിൽ കൃഷിയിടത്തിലേക്കാണ്‌ മലിന ജലം ഒഴുക്കിയത്‌.കൂടത്തായി കൊല്ലപ്പടിയിലും കല്ലുരുട്ടിയിലെ രണ്ടിടങ്ങളിലും സ്വകാര്യ വ്യക്തികളുടെ പറമ്പിലേക്കാണ്‌ വാഹനത്തിൽ നിന്ന് മലിന ജലം തുറന്നു വിട്ടത്‌.

ഒരേ സംഘമാണ്‌ നാലിടങ്ങളിലും കൃത്യം നടത്തിയതെന്ന് വ്യക്തമാണ്‌.കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുവാൻ ഓമശ്ശേരി പഞ്ചായത്ത്‌ ഭരണസമിതി യോഗം തീരുമാനിച്ചു.സ്വകാര്യ വ്യക്തികളും ആരോഗ്യ വിഭാഗവും പഞ്ചായത്തധികൃതരും പോലീസിൽ വെവ്വേറെ പരാതികൾ കൈമാറിയിട്ടുണ്ട്‌.ഈ റൂട്ടിലെ സി.സി.ടി.വി.ദൃശ്യങ്ങൾ പഞ്ചായത്തും പോലീസും പരിശോധിച്ച്‌ വരികയാണ്‌.ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിന്‌ മുന്തിയ പരിഗണന നൽകുന്ന പഞ്ചായത്താണ്‌ ഓമശ്ശേരിയെന്നും ഇത്തരം അനീതികൾ വെച്ചു പൊറുപ്പിക്കില്ലെന്നും പഞ്ചായത്ത്‌ ഭരണസമിതി മുന്നറിയിപ്പ്‌ നൽകി.മലിനജലമൊഴുക്കിയ സ്ഥലങ്ങൾ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ,വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,സൈനുദ്ദീൻ കൊളത്തക്കര,കെ.ആനന്ദകൃഷ്ണൻ,അശോകൻ പുനത്തിൽ,പഞ്ചായത്ത്‌ സെക്രട്ടറി എം.പി.മുഹമ്മദ്‌ ലുഖ്മാൻ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com