
തിരുവമ്പാടി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 2021- 22 ൽ വേറിട്ട പദ്ധതിക്ക് തുടക്കമിടുന്നതിൻ്റെ ‘ഭാഗമായി തുടക്കം കുറിച്ച കാർഷിക നഴ്സറി നിർമ്മാണ പദ്ധതിയിൽ ക്രമക്കേടും അഴിമതിയും ഉന്നയിക്കുന്ന ഇടത് നിലപാട് രാഷ്ട്രീയ പ്രേരിതവു അടിസ്ഥാന രഹിതവുമാണ്.കാർഷിക മേഖലക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ ഉണർവേകാനും കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് ദാരിദ്ര വിഭാഗത്തിലെ കുടുംബങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിനുമാണ് എം.സി.എഫ് കോംപൗണ്ടിനകത്ത് കാർഷിക നഴ്സറി പദ്ധതി നടപ്പാക്കാൻ ഗ്രാമ പഞ്ചായത്ത് തീരുമാനിച്ചത്. നാലര ലക്ഷം രൂപയായാണ് പദ്ധതിയുടെ പൂർത്തീകരണത്തിനായി തൊഴിലറപ്പ് പദ്ധതിയിൽ വകയിരുത്തിയിരുന്നത്.
ഇതിൽ 2.40 ലക്ഷം രൂപയാണ് വിവിധ ഇനങ്ങളിലായി ചിലവിട്ടത്.തൊഴിൽ ദിനങ്ങൾക്കായി ഒരു ലക്ഷത്തി ഇരുനൂറ്റി തൊന്നൂറ്റി അഞ്ച് രൂപയും, നെഴ്സറി ഷെഡ് നിർമ്മാണത്തിനായി മുപ്പതിനായിരം രൂപയും വിത്ത് തേങ്ങ വാങ്ങുന്നതിനായി ഒരു ലക്ഷത്തി പതിനായിരം രൂപയുമാണ് ഇതിൽ ചിലവിട്ടത്. കാട്ടുപന്നികളുടെ ശല്യം കണക്കിലെടുത്താണ് പദ്ധതിയുടെ മറ്റ് തൈകളുടെ നഴ്സറി തുടങ്ങാതിരുന്നത്.രണ്ടായിരം വിത്ത് തേങ്ങ അംഗീകൃത കാർഷിക ഏജൻസിയിൽ നിന്നും എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് വാങ്ങിയത്. ഇതിൽ ആയിരത്തിലധികം വിത്ത് തേങ്ങകൾ മുളക്കാതെ പോകുകയും പന്നി നശിപ്പിക്കുകയും ചെയ്തിരുന്നു. തൊള്ളായിരത്തോളം തൈകളാണ് ഇപ്പോൾ നഴ്സറിയിൽ ഉള്ളത്. ഈ തൈകളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയതിനുശേഷം കർഷകർക്ക് നൽകാനാണ് ഭരണസമിതി തീരുമാനം. ഗുണനിലവാരം പരിശോധിക്കാനായി വികസന സ്ഥിരം സമിതി അധ്യക്ഷ ലിസി മാളിയേക്കൽ അദ്ധ്യക്ഷയായും ഗ്രാമ പഞ്ചായത്ത് കൃഷി ഓഫീസർ കൺവീനറായും ഉപസമിതിക്ക് ഭരണസമിതി രൂപം നൽകുകയും ചെയ്തിട്ടുണ്ട്.



