ENTERTAINMENT

സിദ്ദീഖ് എഴുതുന്നു എന്റെ ഭ്രാന്തൻ ചിന്തകൾ..

വൃത്തിയും ശുചിത്വവും..ആറേഴു നൂറ്റാണ്ട് മുമ്പ് ചൈനയുടെ ഒരു കോണിൽ..സുന്ഹയ് രാജ്യത്തിന്റെ കിരീടാവകാശി ഓങ് ചാൻ ഗുരുകുലത്തിൽ നിന്ന് തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തി.. രാഷ്ട്രമീമാംസയിൽ പരിജ്ഞാനം നേടിയ ചാൻ ഭരണകാര്യങ്ങളിൽ പിതാവിനെ സഹായിച്ചു.. കുറഞ്ഞ മാസങ്ങൾ കൊണ്ട് തന്നെ ചാൻ ഭരണ കാര്യങ്ങളെക്കുറിച്ചും രാജ്യത്തെക്കുറിച്ചും പഠിച്ചു .. ഭൂവിസ്തൃതി കുറവും ജനസാന്ദ്രത കൂടുതലുമുള്ള രാജ്യമായതിനാൽ ആഭ്യന്തര ഉൽപാദനം കൊണ്ട് മാത്രം രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമം സാധ്യമാകില്ലെന്ന് ഓങ്ങ് ചാന്‍ മനസ്സിലാക്കി..എന്തിനും ഏതിനും കപ്പം ചുമത്തി ജനങ്ങൾക്ക് താങ്ങാതെയായി.. അവൻ ഈ കാര്യങ്ങളെല്ലാം രാജാവിനെയും മന്ത്രിമാരെയും പറഞ്ഞ് ബോധ്യപ്പെടുത്തി..

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടമായതുകൊണ്ട് കൃഷി കൊണ്ടോ മറ്റ് വ്യവസായങ്ങൾ കൊണ്ടോ മാത്രം സ്വയം പര്യാപ്തത നേടാൻ കഴിയില്ലെന്ന് ഓങ്ങ് ചാൻ അവരോട് പറഞ്ഞു.. മറ്റേതെങ്കിലും തരത്തിൽ വരുമാനം ലഭിച്ചില്ലെങ്കിലേ ഇതിനൊരു പരിഹാരമാകൂ വെന്ന് അവൻ അവരെ പറഞ്ഞു മനസ്സിലാക്കി.. അതിന് പരിഹാരം എന്നോണം ഒരു തുക മാറ്റിവെച്ച് അതുമായി മുന്നോട്ടു പോകുവാൻ ഓങ്ങ് ചാനോട് രാജാവ് നിർദ്ദേശിച്ചു..വീടും പരിസരവും മറ്റ് സ്ഥാപനജംഗമ വസ്തുക്കളും വൃത്തിയായും ഭംഗിയായും സൂക്ഷിക്കാൻ ഓങ്ങ് ജനങ്ങളോട് കൽപ്പിച്ചു.. നിയമം ലംഘിക്കുന്നവർക്ക് പിഴയും വിധിച്ചു.. പാതകളും പാതയോരങ്ങളും വഴികളും വഴിയോരങ്ങളും ചെടികളും മരങ്ങളും വെച്ചുപിടിപ്പിച്ചും വൃത്തിയായും ഭംഗിയായും സൂക്ഷിക്കാൻ അദ്ദേഹം അധികാരികൾക്ക് നിർദ്ദേശം കൊടുത്തു..ജനങ്ങളും അധികാരികളും പരിസര ശുചിത്വവും പരിസരവും ചുറ്റുപാടും ഭംഗിയായി സൂക്ഷിക്കുന്നതും ഒരു ജീവിതചര്യ എന്നപോലെ ഏറ്റെടുത്തു.. നാലഞ്ചുവർഷം കൊണ്ട് സുന്ഹായ് രാജ്യത്തിന്റെ വൃത്തിയും മനോഹാരിതയും അയൽരാജ്യങ്ങളിലെ ജനങ്ങൾ മനസ്സിലാക്കുകയും അവരെ അങ്ങോട്ട് ആകർഷിക്കുകയും ചെയ്തു.. ആളുകളെ ആകർഷിക്കാനായി ആ നാട്ടിൽ പണിയുന്ന ഒരു ബാത്റൂമിന് പോലും കരകൗശല വിദഗ്ധനായ ഒരു ശില്പിയുടെ കയ്യൊപ്പ് ചാർത്തിയിട്ടുണ്ടായിരുന്നു.. ചപ്പുചവറുകളോ വൃത്തിഹീനമായ മറ്റെന്തെങ്കിലുമോ എവിടെയും കാണാൻ കഴിയാത്ത, മരങ്ങളും ചെടികളും കരകൗശല വസ്തുക്കളും കൊണ്ട് അലങ്കരിച്ച സുന്ഹായ് സന്ദർശകരുടെ കണ്ണിനും കാതിനും മനസ്സിനും കുളിർമയേകി..

ഒഴിവു ദിവസങ്ങൾ ആഘോഷിക്കാനും ജോലിയിലെയും മറ്റും സ്ട്രെസ്സും പ്രഷറും ഒഴിവാക്കി റിലാക്സ് ആവാനും അയൽ രാജ്യക്കാർ സുന് ഹായ് രാജ്യത്തെ തിരഞ്ഞെടുത്തു.. സാധാരണ ഒരു യാത്രയ്ക്ക് ചിലവാക്കുന്ന പണത്തിന്റെ അഞ്ചും പത്തും ഇരട്ടിയാണ് വിനോദയാത്രയ്ക്ക് ആളുകൾ ചിലവഴിക്കുന്നതെന്ന് ചാനിന് അറിയാമായിരുന്നു.. സന്ദർശകരുടെ വരവും പോക്കും തുടങ്ങിയതോടെ രാജ്യത്തിനും ജനങ്ങൾക്കും ഒരു വരുമാനമാർഗവുമായി.. സുൻ ഹായ് സമ്പൽസമൃദ്ധിയിലേക്ക് പോയിക്കൊണ്ടിരുന്നു..

കഴിഞ്ഞദിവസം ശ്രീ സന്തോഷ് ജോർജ് കുളങ്ങരയുടെ ഒരു വീഡിയോ ക്ലിപ്പ് കണ്ടു.. കേരളത്തിലെ ടൂറിസത്തിന്റെ സാധ്യത അദ്ദേഹം എത്രത്തോളം ആഴത്തിൽ മനസ്സിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ വീഡിയോകൾ കണ്ടാൽ ആർക്കും മനസ്സിലാകും.. ടൂറിസത്തിന്റെ സാധ്യതയും അത് നടപ്പിലാക്കേണ്ട രീതിയെ കുറിച്ചും പല നിർദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു.. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പരിസര മലിനീകരണം തന്നെയായിരുന്നു.. എനിക്കെന്നല്ല നമ്മിൽ പലർക്കും തോന്നുന്ന ഒന്നുതന്നെയാണ് അത്.. നമ്മുടെ പരിസരങ്ങളോ വഴിയോരങ്ങളോ നഗരങ്ങളോ പുൽമേടുകളോ പാർക്കുകളോ ബീച്ചുകളോ മനുഷ്യ വാസം എവിടെയെല്ലാം ഉണ്ടോ അവിടെയെല്ലാം മലിനമായി കിടക്കുന്നത് നമുക്ക് കാണാം.. സ്കൂളും കോളേജും വിട്ട് കുട്ടികൾ ഒരുമിച്ച് കടയിൽ വന്ന് അവർക്ക് വേണ്ടത് വാങ്ങി കഴിച്ച് തിരിച്ചുപോയി കഴിയുമ്പോൾ, ആന കരിമ്പിൻകാട്ടിൽ കയറിയത് പോലെ, കടയിലെ മേശയിലും കസേരയിലും നിലത്തും അവരുടെ വേസ്റ്റുകൾ നിരത്തിയിട്ടിട്ടുണ്ടാവും.. എന്റെ കടയിൽ എന്നല്ല, ഏത് കടയിലായാലും നമ്മൾ മലയാളികൾ അങ്ങനെയാണ്.. അത് ആ കടക്കാരന്റെ ജോലിയാണ് എന്ന ഒരു പൊതുബോധം എങ്ങനെയോ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.. കടക്കാരന് അത് വൃത്തിയാക്കാതെ പറ്റില്ലല്ലോ?. റോഡിലും വഴിയിലും മിട്ടായിയുടെ കവറോ വെള്ളത്തിന്റെ ബോട്ടിലോ എവിടെയെങ്കിലും ഒരു കോണിലേക്ക് എറിയുന്നതിൽ ഒരു തെറ്റും ഇല്ല എന്ന ഒരു ബോധം പലരിലും ഉടലെടുത്തിട്ടുണ്ട്.. അതെന്റെ ഉത്തരവാദിത്തമല്ല എന്നും പഞ്ചായത്തോ സർക്കാരോ മറ്റാരോ ആണ് അത് ചെയ്യേണ്ടത് എന്നും ഉള്ള ഒരു ഒരു ബോധം..ആ ബോധമാണ് മാറേണ്ടത്..

അതിരാവിലെ മൂന്നുമണിക്കോ നാലുമണിക്കോ വന്ന് റോഡും പരിസരവും വൃത്തിയാക്കുന്ന പഞ്ചായത്ത് നിയമിച്ച വേലായുധേട്ടനെ എനിക്ക് അറിയാം.. നമ്മൾ കൂട്ടിവെക്കുന്ന വേസ്റ്റ് കളക്ട് ചെയ്യുകയും ഡിസ്പോസ് ചെയ്യുകയും ചെയ്യുന്ന ഹരിത കർമ്മ സേനയിലെ വനിതകളെയും എനിക്ക് നേരിട്ട് അറിയാം.. നമ്മൾ നമ്മളുടെ വേസ്റ്റ് കൃത്യമായി നിക്ഷേപിച്ചാൽ മാത്രമേ അവർക്ക് അവരുടെ ജോലി ഭംഗിയായി ചെയ്യാൻ കഴിയുകയുള്ളൂ.. അവനവന്റെ വേസ്റ്റ്, വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ് എന്ന ഒരു ബോധം വരണം.. പഞ്ചായത്തിനോ മുൻസിപ്പാലിറ്റിക്കോ കോർപ്പറേഷനോ അവരുടെ ജോലി സുഖമമാക്കി നമ്മുടെ സംസ്ഥാനം മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റാൻ, വിനോദസഞ്ചാരികളെ ആകർഷിക്കാൻ, ഓരോരുത്തരും വൃത്തിയും ശുചിത്വവും അവനവന്റെ ഉത്തരവാദിത്തമായി ഏറ്റെടുക്കണം..

ഒരു ലേഖനത്തിൽ ഞാൻ പറഞ്ഞിട്ടുണ്ട്, സിംഗപ്പൂരിൽ ഒരു സ്ഥലത്ത് നിന്ന് ഒരു സോഫ്റ്റ്‌ ഡ്രിങ്ക് കുടിച്ച് കാലി ബോട്ടിൽ നിക്ഷേപിക്കാൻ ഇടം കാണാതെ ഇരുന്നൂറ് മീറ്ററോളം കയ്യിൽ പിടിച്ച് അടുത്ത് കണ്ട ഗാർബേജ് ബിന്നിൽ നിക്ഷേപിച്ചത്.. നമ്മളിൽ പകുതി ആളുകളെങ്കിലും അതിനു തയ്യാറായാൽ, ഞാൻ 200 മീറ്റർ കയ്യിൽ പിടിച്ച് വേസ്റ്റ് കൊട്ടയിൽ നിക്ഷേപിച്ചത് പോലെ, ബാക്കിയുള്ളവരും തയ്യാറാവും.. വൃത്തിയാക്കിയില്ലെങ്കിലും വൃത്തികേടാക്കാതിരിക്കുക..

N B : സുൻഹായും കേരളവും തമ്മിൽ എന്തെങ്കിലും സാദൃശ്യം ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചികമാണ്..Sidhique Patta..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com