
കോഴിക്കോട് : ബീച്ചിലെ ഫുഡ് സ്ട്രീറ്റ് ഹബ്ബിൽ (തെരുവുഭക്ഷണവിൽപ്പന കേന്ദ്രം) വെക്കുന്ന ഉന്തുവണ്ടിയുടെ മാതൃക കോർപ്പറേഷൻ ഓഫീസിലെത്തിച്ചു. നേരത്തേ ഡിസൈൻ ചെയ്ത് തയ്യാറാക്കിയതു പ്രകാരമുള്ള ഉന്തുവണ്ടിയാണ് കൊണ്ടുവന്നത്. നവംബർ ഒന്നിന് ഫുഡ് സ്ട്രീറ്റ് തുടങ്ങാമെന്നാണ് പ്രതീക്ഷ.നേരത്തേ ഡി എർത്താണ് ഉന്തുവണ്ടി(ബങ്ക്) ഡിസൈൻ ചെയ്തത്. സ്റ്റീൽ കൊണ്ടുള്ള നിർമിതി തൃശ്ശൂരിൽ നിന്നുള്ള മെറ്റൽ ഇൻഡസ്ട്രീസാണ് ഉണ്ടാക്കുന്നത്. ബീച്ചായതിനാൽ തുരുമ്പെടുക്കാത്ത രീതിയിലാണ് നിർമാണം. 90 ഉന്തുവണ്ടികളാണ് ബീച്ചിൽ വെക്കുന്നത്.
ഭക്ഷണം സൂക്ഷിക്കാനുള്ള സംവിധാനം, തട്ടുകൾ എന്നിവയെല്ലാം ഇതിലുണ്ട്. കച്ചവടക്കാർക്ക് വണ്ടിയിൽ കയറിനിന്ന് വിൽക്കാൻ പാകത്തിലാണ് നിർമിച്ചിട്ടുള്ളത്. രണ്ട് ലക്ഷം രൂപയിലേറെ വരുമെന്നാണ് കരുതുന്നത്. നേരത്തേ 1.38 ലക്ഷമായിരുന്നു കണക്കാക്കിയിരുന്നത്.ആദ്യം കോർപ്പറേഷൻ വെൻഡിങ് സോൺ മാത്രം നടപ്പാക്കാൻ ആലോചിച്ചിരുന്നെങ്കിലും പിന്നീട് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ഫുഡ് സ്ട്രീറ്റ് ഹബ് കൂടി ചേർത്ത് ഒരു പദ്ധതിയായി നടപ്പാക്കുകയാണ്. ഇതിനുള്ള പണി ബീച്ചിൽ പുരോഗമിക്കുന്നുണ്ട്. അടിത്തറ ഒരുക്കി വൈദ്യുതി-വെള്ളം കണക്‌ഷനുകൾ നൽകാനുള്ള സൗകര്യമൊരുക്കുകയാണിപ്പോൾ. മലിനജലം സംസ്കരിക്കാനും സൗകര്യമുണ്ടാകും.4.06 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഇതിൽ 2.41 കോടി രൂപ ദേശീയനഗരഉപജീവനദൗത്യം വഴിയും ഒരു കോടി രൂപ ഭക്ഷ്യസുരക്ഷാ വകുപ്പും അനുവദിക്കും. ആധുനികരീതിയിൽ തെരുവു ഭക്ഷണത്തിന്റെ രുചി, വൃത്തിയോടെയും ആരോഗ്യകരമായും നൽകുകയെന്ന ലക്ഷ്യത്തോടെയാണ് സ്ട്രീറ്റ് ഫുഡ് ഹബ് ആസൂത്രണം ചെയ്തിട്ടുള്ളത്.



