
എനിക്കും വേണം പണം...കൗമാരം വിട്ട് യൗവനത്തിലേക്ക് കടന്നു…. എങ്ങിനെയെങ്കിലും പണം സമ്പാദിക്കണം, പണക്കാരനാകണം, രാജകീയമായി ജീവിക്കണം, അതിനെന്താണ് വഴി, അതിനെന്തു ചെയ്യണം എന്നൊക്കെ ഞങ്ങൾ ചിന്തിച്ചിരുന്നു..ചർച്ച ചെയ്തിരുന്നു ..കൂലിപ്പണിക്കോ കൃഷിപ്പണിക്കോ പോയാൽ ഞങ്ങൾ ആഗ്രഹിച്ചതൊന്നും നേടാനാവില്ല എന്ന് ചിന്തിച്ച് , ഞങ്ങളാരും അത്യാദി ഒരു ജോലിക്കും ശ്രമിച്ചിട്ട് പോലുമില്ല.. അടക്കയും തേങ്ങയും റബ്ബറും മറ്റു പലതും വാങ്ങുന്നതിനെക്കുറിച്ചും വിൽക്കുന്നതിനെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു…എന്ത് ചെയ്യാൻ?.. ഇതിനൊക്കെ പണം വേണ്ടേ?.. എവിടുന്ന്?.. ഒരു ഉത്തരവാദിത്വവുമില്ലാതെ ഒന്നിനെക്കുറിച്ചും ചിന്തിക്കാതെ പാറിപ്പറന്ന് നടക്കുന്ന, ഒന്നും നടന്നില്ലെങ്കിൽ ഗൾഫിൽ പോയി അറബി പൊന്ന് വാരാം എന്ന മോഹവും ഉള്ളിലൊതുക്കി കഴിയുന്ന ഞങ്ങൾക്ക് ആരെങ്കിലും കാശ് തരുമോ?.. ഓരോരുത്തർക്കും അവനവനെപ്പറ്റിയും അവനവന്റെ കുടുംബത്തെപ്പറ്റിയും നല്ല ബോധ്യമുള്ളതുകൊണ്ട്, ആരും തരില്ല എന്ന ഉറപ്പുള്ളതുകൊണ്ട് വീട്ടുകാരോടോ മറ്റ് ആരോടെങ്കിലുമോ ഒരാളും കാശ് ചോദിച്ചിട്ട് പോലുമില്ല.. എങ്കിലും ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു..”എങ്ങിനെയെങ്കിലും കാശുണ്ടാക്കണം”.. ആഴ്ചയിലോ മാസത്തിലോ ഒന്നോ രണ്ടോ പണിക്ക് പോകുന്ന സുഹൃത്തുക്കൾ കൂടെയുണ്ട്.. ചീട്ടുകളിക്ക് അഡിക്റ്റായി അതിന്റെ പുറകെ നടന്നിരുന്നത് കൊണ്ട്, ദൈനംദിന ചിലവുകൾക്ക് എനിക്ക് മറ്റാരെയും ആശ്രയിക്കേണ്ടി വന്നിട്ടില്ല..ആർക്കും കുടുംബം നോക്കേണ്ട ഉത്തരവാദിത്വവും ( ഉണ്ടായിരുന്നെങ്കിലും) ഉണ്ടായിരുന്നില്ല.. രണ്ടുദിവസത്തെയോ ഒരു ദിവസത്തെയോ പണിക്ക് പോകുന്നതും വീട്ടിലെ ആവശ്യങ്ങൾക്ക് വേണ്ടിയൊന്നുമായിരുന്നില്ല.. ഞങ്ങളുടെ ദൈനംദിന ആവശ്യങ്ങളായ സിനിമക്ക് പോകാനും, രണ്ടെണ്ണം അടിക്കാനും , വയൽ കരയിലോ പുഴക്കരയിലോ സംഘം ചേർന്ന് ഭക്ഷണമുണ്ടാക്കി കഴിക്കാനും , ഉത്സവങ്ങൾക്കും പള്ളിപ്പെരുന്നാളിനും പോകാനും , ടൂർ പോകാനുമൊക്കെയായിരുന്നു.. ഇടയ്ക്കിടയ്ക്ക് നടക്കുന്ന ഇത്തരം ആഘോഷങ്ങൾ ( അതിനുള്ള പൈസയെ ഞങ്ങൾക്ക് സംഘടിപ്പിക്കാൻ പറ്റിയിരുന്നുള്ളൂ ) നിലനിർത്തണമെങ്കിൽ സാധാരണ ഒരു വരുമാനം മതിയാകില്ല. അതിന് പണക്കാരനാകണം.. പണവും ആർഭാട ജീവിതവും മാത്രമായിരുന്നു ഞങ്ങളുടെ മനസ്സ് നിറയെ..
പത്താം ക്ലാസ് വരെ പഠിച്ചവരാണ് ഞങ്ങളെല്ലാവരും. തോറ്റവരും ജയിച്ചവരും അതിൽ പെടും. ഒന്നോ രണ്ടോ വയസ്സിന്റെ വ്യത്യാസത്തിലുള്ള ഞങ്ങൾ ഒരു അഞ്ചെട്ടുപേർ ബാല്യകാലം മുതലേ സുഹൃത്തുക്കളാണ്.. കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞവനാണ് ഫസൽ. അവന്റെ ജേഷ്ഠനും ഞങ്ങളും സമപ്രായക്കാരാണ്. ജേഷ്ഠൻ കുടുംബത്തിന്റെ ഭാരം നന്നേ ചെറുപ്പത്തിലെ തലയിലേറ്റി ജോലിക്ക് പോയിക്കൊണ്ടിരിക്കുന്നു. അവൻ വല്ലപ്പോഴും മാത്രമേ ഞങ്ങളുടെ കൂടെ ഉണ്ടാകൂ. അവനില്ലാത്ത സമയങ്ങളിലൊക്കെ ഫസൽ ഞങ്ങളുടെ കൂടെ ഉണ്ടാകും.. അന്നത്തെ ഏറ്റവും വലിയ ബുദ്ധിമുട്ട് പെൺകുട്ടികളെ കെട്ടിച്ചു വിടുക എന്നതായിരുന്നു..രണ്ടോ മൂന്നോ പെൺകുട്ടികളായാൽ, പിന്നത്തെ കാര്യം പറയുകയും വേണ്ട.. നാല് പെങ്ങമ്മാരായിരുന്നു ഫസലിന്..അതുകൊണ്ടുതന്നെ അവനൊരു പണക്കാരനായേ മതിയാകൂ.. പതിനേഴാം വയസ്സ് മുതൽ നാഷണൽ പെർമിറ്റ് ലോറിയിലും ടൂറിസ്റ്റ് വണ്ടികളിലും മൈസൂരും ബോംബയും കൽക്കട്ടയുമൊക്കെ ജോലിയായും മറ്റെന്തൊക്കെയോ തേടിയും അവൻ ചുറ്റിക്കറങ്ങി.. ആയിടക്കാണ്, ഫസൽ ഒരു സന്തോഷവാർത്തയുമായി എത്തിയത്.. കർണാടകത്തിലെ വനമേഖലയിൽ ഏതോ ആദിവാസി ഊരിൽ നിന്ന് രത്നങ്ങൾ ( കാഴ്ചയ്ക്ക് അതുപോലെയുള്ള കല്ലുകൾ) കൊണ്ടായിരുന്നു അവൻ വന്നത്.. മുംബൈയിലും രാജസ്ഥാനിലും അത്തരം കല്ലുകൾക്ക് ആവശ്യക്കാർ ഏറെയാണ്.ആ കല്ലും കൊണ്ട് രാജസ്ഥാനിലോ മുംബൈയിലോ പോകണം, അതിന്റെ കാരറ്റും വിലയും ആവശ്യകതയും മറ്റും മനസ്സിലാക്കണം..
പിന്നെയുള്ള നാളുകൾ, ഞങ്ങളുടെ സംസാരത്തിലും ഊണിലും ഉറക്കത്തിലും ആ കല്ലുകളായിരുന്നു..അങ്ങനെയാണ് ഞങ്ങൾ മനസ്സിലാക്കുന്നത്, അത്തരത്തിലുള്ള കല്ലുകൾ നമ്മുടെ നാട്ടിൻപുറങ്ങളിൽ പലയിടത്തും ലഭ്യമാണ് എന്നത്.. മരക്കച്ചവടക്കാരനായ ബഷീർക്ക പെരുമ്പടപ്പിലുള്ള ഒരു വീട്ടിൽ മരം മുറിക്കാനായി പോയപ്പോൾ അത്തരത്തിലുള്ള ഒരു കല്ല് കണ്ടു, മറ്റാരോ മുഖേനെ ഞങ്ങളതറിഞ്ഞു.. ബഷീർക്കയുമൊത്ത് കൂട്ടുകാരന്റെ ജീപ്പിൽ ആ കല്ല് കാണാൻ പോകാൻ തീരുമാനിച്ചു.. ഇതൊക്കെ നടക്കുമോ?, ഇതിന്റെ ഒക്കെ പുറകെ നടന്നിട്ട് വല്ലതും കിട്ടുമോ?, എന്നൊക്കെ ചിന്തിച്ചിരുന്ന ഞാൻ, അഥവാ എന്തെങ്കിലും കിട്ടിയാലോ, അവരൊക്കെ പണക്കാരാകുമ്പോൾ ഞാൻ ദരിദ്രനായി തുടരേണ്ടിവരും എന്ന് മറിച്ചും ചിന്തിച്ച് ഞാനും പോയി അവരുടെ കൂടെ ആ അമൂല്യ കല്ല് കാണാൻ.. വീടിന്റെ പുറകുവശത്ത് ഒരു മൂലയിൽ തനി ക്രിസ്റ്റൽ നിറത്തിലുള്ള അര മുക്കാൽ ടെണ്ണോളം തൂക്കം വരുന്ന ഒരു കല്ല്.. അത് കണ്ട് ഉടനെ എന്റെ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ട് ഞാൻ ചിരിക്കാൻ തുടങ്ങി..കൂടെ മറ്റുള്ളവരും.. “ഈ കല്ലറ്റെ രത്നാണെങ്കി ഇന്ത്യ മുയുവനും ഞമ്മൾക്ക് മാങ്ങാം”..കൂട്ടത്തിലൊരുത്തന്റെ ഡയലോഗ് കേട്ട് ചിരി വീണ്ടും ശക്തമായി.. ഹിന്ദി അറിയാത്തതുകൊണ്ട് ഫസൽ, ഗുജറാത്തിലും ഡൽഹിയിലുമൊക്കെ ജോലി ചെയ്തിരുന്ന രാജീവിനെയും കൂട്ടിയാണ് ജയ്പൂരിലേക്കും മുംബൈയിലേക്കും പോയത്.. വളരെ ആഘോഷമായാണ് ഞങ്ങളവരെ യാത്രയാക്കിയത്…. അന്നെന്തും ആഘോഷങ്ങളായിരുന്നു..
ഈ ആഘോഷങ്ങൾക്ക് വേണ്ടിയാണല്ലോ ഞങ്ങൾ കഷ്ടപ്പെടുന്നത്..! അവർ ജയ്പൂരിലും മുംബൈയിലും പോയി പലയാളുകളെയും കണ്ടു, അവർക്കാർക്കും ആ കല്ല് വേണ്ട.. നാട്ടിൽനിന്ന് ഞങ്ങൾ സുഹൃത്തുക്കളെല്ലാവരും പിരിവിട്ട് കാശ് അയച്ചു കൊടുത്തിട്ടാണ് അവർ ഇങ്ങോട്ട്, നാട്ടിലേക്ക് തിരിച്ചു വന്നത്.. പലരുടെയും കോൺടാക്ട്സ് ഉപയോഗിച്ച് കല്ല് മാർക്കറ്റ് ചെയ്യാൻ പിന്നെയും ആരൊക്കെയോ ശ്രമിച്ചിരുന്നു.. അതിലൊന്നായിരുന്നു, ഫസലും മറ്റൊരുത്തനും കൂടി ഒരു തങ്ങളുടെ ബന്ധുക്കാരന്റെ അടുത്തുപോയി, കല്ല് വെച്ച് മോതിരം പണിത് തങ്ങളെ കാണാൻ വരുന്ന ഭക്തജനങ്ങൾക്ക് നല്ല വിലയ്ക്ക് വിൽക്കാൻ പറ്റുമെന്നും തങ്ങളെക്കൊണ്ട് സമ്മതിപ്പിച്ചാൽ അയാൾക്ക് കമ്മീഷൻ കൊടുക്കാമെന്നും പറഞ്ഞു.. ഞങ്ങളുടെ നിർഭാഗ്യവശാൽ ആ തങ്ങൾ അതിന് സമ്മതിച്ചില്ല..കല്ല് ഞങ്ങൾ ഉപേക്ഷിച്ചു..
ഏകദേശം ആ കാലഘട്ടത്തിൽ തന്നെയാണ്, ഫസൽ വീണ്ടും കൊണ്ടുവന്നു ഒരു നിധി.. ചന്ദനമായിരുന്നു അത്.. മൊറയൂര് കാട്ടിൽ എവിടെയോ ചന്ദനം കിട്ടാനുണ്ട്.. ഒരു ബയറെ വേണം.. അന്വേഷണങ്ങൾക്കൊടുവിൽ മൂർക്കനാട് എവിടെയോ ഉള്ള ഒരാളുടെ ഫോൺ നമ്പർ കിട്ടി.. എവിടെയും കയറി സംസാരിക്കാൻ മടിയില്ലാത്ത ഞാനാണ് അയാൾക്ക് ഫോൺ ചെയ്തത്.. കൂട്ടുകാർ ചുറ്റിനുമുണ്ട്..” ഹലോ, മുഹമ്മദ്ക്കയല്ലേ?…”അ, ആരാ?”..”ഞാൻ സിദ്ദിഖ്, തിരുവമ്പാടിയിൽ നിന്നാണ്. നിങ്ങളുടെ ഒരു പരിചയക്കാരൻ ജാഫറാണ് എനിക്ക് നിങ്ങളുടെ നമ്പർ തന്നത് “..”എന്താ കാര്യം”..” എന്റെ ഒരു കൂട്ടുകാരന്റെ അടുത്ത്, കുറച്ച് ചന്ദനമുണ്ട്, അത് നിങ്ങൾ എടുക്കുമോ എന്ന് അറിയാൻ വേണ്ടിയാണ് “…”എന്തോരുണ്ട് “.. ഞാൻ ഫോണിന്റെ മൗത്ത് പീസ് പൊത്തിപ്പിടിച്ച് കൂട്ടുകാരോട് എത്രയുണ്ടെന്ന് ചോദിച്ചു..മൊറയൂര് ചന്ദനമുണ്ട് എന്നുമാത്രമേ അവർക്കറിയൂ..”ഒരു ലോഡ് ഉണ്ടാവും”.. “ഒരു ലോഡോ” ആശ്ചര്യത്തോടെയുള്ള അയാളുടെ ചോദ്യം കേട്ട ഞാൻ കുറച്ചുകൂടി താഴ്ത്തി “ഒരു പിക്കപ്പിനുണ്ടാവും”.. ചിരിച്ചുകൊണ്ട് “നിക്കു വേണ്ട മക്കളെ” എന്നുപറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്തു.. ഒരു കുന്നിൻ മുകളിൽ, ഞങ്ങളെയാളുടെ വീട്ടിൽ പോയി.. ആ വീടും പരിസരവും ദൂരെ നിന്നേ കണ്ട ഞങ്ങൾ, അഞ്ച് കിലോയോ പത്ത് കിലോയോ ഒക്കെ വാങ്ങുന്ന ആളോടാണ് ഒരു ലോഡ് ഉണ്ട് എന്ന് പറഞ്ഞത് എന്നുപറഞ്ഞ് ഞങ്ങൾ ചിരി തുടങ്ങി..അവിടെയെത്തി, അയാളോട് സംസാരിച്ചതിന് ശേഷം ഞങ്ങൾക്ക് മനസ്സിലയി, നൂറ് ഗ്രാമും ഇരുന്നൂറ് ഗ്രാമും തൂക്കത്തിൽ ചന്ദനം വാങ്ങിയിരുന്ന ആളോടാണ് ഒരു ലോഡ് ചന്ദനം വേണോ എന്ന് ഞങ്ങൾ ചോദിച്ചത് എന്ന്.. അടക്കിപ്പിടിച്ച് ഞങ്ങളപ്പോഴും ചിരിക്കുകയായിരുന്നു…Sidhique Patta…..



