
സ്ത്രീ തന്നെയല്ലേ ധനം..
അൻപത് പവൻ സ്വർണം, അഞ്ചോ പത്തോ ഏക്കർ ഭൂമി, പത്തോ പതിനഞ്ചോ ലക്ഷം രൂപ, ഒരു ബിഎംഡബ്ലിയു കാറും ഒരു യുവ ഡോക്ടർ താൻ പ്രണയിക്കുന്ന, വിവാഹം കഴിക്കാൻ പോകുന്ന ഒരു ഡോക്ടർ പെണ്ണിന് വിലയിട്ടു..
അത്രയും കൊടുക്കാൻ ആ പെണ്ണിന്റെ വീട്ടുകാർ തയ്യാറായില്ല..
രണ്ടുമൂന്നു കോടിയുടെ സ്വത്ത് സ്ത്രീധനമായി തരാമെന്ന് അവർ മൊഴിഞ്ഞു..
അത് മതിയായിരുന്നില്ല അവനും അവന്റെ വീട്ടുകാർക്കും..
മിനിമം ഒരു അഞ്ചു തലമുറയ്ക്ക് ജീവിക്കാനുള്ള സ്വത്ത് എങ്കിലും കിട്ടാതെ എങ്ങനെയാണ് സമ്പന്നനും സുമുഖനും ഡോക്ടറുമായ ഒരു യുവാവ് വിവാഹം കഴിക്കുന്നത്?..
അവളെയും അവളുടെ പ്രണയത്തെയും സ്വത്തിന്റെയും പണത്തിന്റെയും പേരിൽ അവൻ നിസ്സാരമായി ഒഴിവാക്കി..
അത് താങ്ങാനാവാതെ ആ ഡോക്ടർ പെണ്ണ് ആത്മഹത്യ ചെയ്തു..
സ്ത്രീധനം ചോദിച്ചവനും കൊടുക്കാം എന്ന് ഏറ്റവരും ആ ആത്മഹത്യയിൽ പങ്കുള്ളവരാണ്..
കാമുകന്റെ പിന്മാറ്റമാണോ ആത്മഹത്യയുടെ യഥാർത്ഥ കാരണമെന്ന് അന്വേഷിച്ചു വരുന്നതേയുള്ളൂ. അടുത്ത ദിവസങ്ങളിൽ അത് വ്യക്തമാവുകയും ചെയ്യും..
എൽകെജി യുകെജി എൽ പി സ്കൂൾ യുപി സ്കൂൾ ഹൈസ്കൂൾ ഹയർസെക്കൻഡറി പിന്നെ എംബിബിഎസ് എന്ന പ്രൊഫഷണൽ ഡിഗ്രിയും സ്വായത്തമാക്കിയ ഒരു പെണ്ണിന് ( ആണിനും) തന്റെ കാമുകൻ അല്ലെങ്കിൽ കാമുകി എത്തരത്തിലുള്ള ആളാണ് എന്ന് മനസ്സിലാക്കാൻ കഴിയാതിരിക്കുക എന്നത് ഒരു ബുദ്ധിശൂന്യമായ പ്രവർത്തിയാണ്..
ഇത്രയൊക്കെ പഠിച്ചിട്ടും പരസ്പരം മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ അവർ നേടിയ വിദ്യാഭ്യാസത്തിന്റെയും ഒരു അപചയമാണത്..
സന്തോഷങ്ങളിലും ആഘോഷങ്ങളിലും മാത്രം ശ്രദ്ധിക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രശ്നം കൂടിയാണത്..
അവിടെ നല്ലതേ കാണൂ, നല്ലതേ പ്രവർത്തിക്കൂ..
അതിനർത്ഥം, അവന് അല്ലെങ്കിൽ അവൾക്ക് നല്ല ഗുണങ്ങൾ മാത്രമേ ഉള്ളൂ എന്നല്ല..
അവർക്ക് അവരുടേതായ ന്യൂനതകളും ഉണ്ട് എന്ന് മനസ്സിലാക്കി പ്രണയിക്കുമ്പോളാണ് പ്രണയം മനോഹരമാകുന്നത് ..
പ്രണയിക്കുമ്പോൾ ഏറ്റവും നല്ലത് മാത്രമേ കാമിതാക്കൾ പ്രകടമാക്കു..
അവരുടെ ഇഷ്ടങ്ങളും സന്തോഷങ്ങളും മാത്രം..
അനിഷ്ടങ്ങളും ന്യൂനതകളും ഒരിക്കലും അവരാരും പ്രകടമാക്കുകയുമില്ല..
ആഘോഷങ്ങളും സന്തോഷങ്ങളും എല്ലാവർക്കും എപ്പോഴും സ്വീകാര്യമാണ്. അനിഷ്ടങ്ങളും ദുശ്ശീലങ്ങളും മറ്റ് ന്യൂനതകളും ആ സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും കൂടെ അവരിൽ അടങ്ങിയിട്ടുണ്ട്. അത് പലരും തിരിച്ചറിയാതെ പോകുന്നു..
വൈകി തിരിച്ചറിയുമ്പോൾ താങ്ങാൻ ആവുന്നതിലും ദുഃഖങ്ങൾ സമ്മാനിക്കുന്നു..
പലരും അത് അതിജീവിക്കുമെങ്കിലും വളരെ ചുരുക്കം ചിലർ, ആ ഡോക്ടർ പെണ്ണിനെ പോലെയുള്ളവർ, അതിനെ അതിജീവിക്കാനാവാതെ സ്വയം ജീവനൊടുക്കുന്നു..
സ്ത്രീധനം എന്ന ഒറ്റ കാരണത്താൽ പെൺകുട്ടികൾ ജനിക്കുന്നത് പോലും ശാപമായി കണ്ടിരുന്ന രക്ഷിതാക്കൾ ഉണ്ടായിരുന്നു കുറച്ച് വർഷങ്ങൾ മുമ്പുവരെ നമ്മുടെ നാട്ടിൽ..
ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് ഞാനെന്റെ ഭാര്യയെ പെണ്ണ് കണ്ട് അവളെ എനിക്ക് ഇഷ്ടപ്പെട്ടു..
അത് അവരെ അറിയിച്ചതിനു ശേഷം അവർ എന്നെ പറ്റി എന്റെ നാട്ടിൽ അന്വേഷിച്ചു..
അവര് മനസ്സിലാക്കി ഞാനൊരു മുഴുക്കുടിയനാണെന്ന്..
രാവിലെ വീട്ടിൽ നിന്ന് ഉണ്ടാക്കുന്ന ഉള്ളിവട പഴംപൊരി നെയ്യപ്പം തുടങ്ങിയവ അനിയന്റെ കടയിൽ കൊണ്ട് കൊടുത്തിരുന്നത് ഞാനായിരുന്നു..
കടയുടെ അടുത്തുള്ള കള്ള് ഷാപ്പിലെ മാനേജർ സന്നൻ എന്റെ സുഹൃത്താണ്..
ചെറുകടികൾ കടയിൽ കൊടുത്ത് ഞാനും സന്നനും ഒരുമിച്ച് പോയായിരുന്നു ഷാപ്പ് തുറന്നിരുന്നത്..
ഞാൻ സ്ഥിരമായി ന്യൂസ് പേപ്പർ വായിച്ചിരുന്നത് കള്ള് ഷാപ്പിൽ നിന്നായിരുന്നു..
വിദേശം വല്ലപ്പോഴുമൊക്കെ അടിച്ചിരുന്ന ഞാൻ കള്ള് കുടിക്കാറില്ലായിരുന്നു..
ഞാൻ സ്ഥിരമായി കള്ളുകുടിക്കാറുണ്ടെന്ന് പെണ്ണ് വീട്ടുകാരെ ആരോ അറിയിച്ചു..
ദരിദ്ര ( സാമ്പത്തികം) കുടുംബത്തിൽ പിറന്ന എന്റെ ഭാര്യയെ മുഴുക്കുടിയനായ ( അവരുടെ കാഴ്ചപ്പാടിൽ ) എനിക്ക് കെട്ടിച്ച് തന്നത് അവളുടെ വീട്ടുകാർക്ക് സ്ത്രീധനം കൊടുക്കാനില്ലാത്തത് കൊണ്ടായിരുന്നു..
സ്ത്രീധനം പുരുഷന്മാരുടെ അവകാശമാണ് എന്നൊക്കെ ചിന്തിച്ചിരുന്ന തലമുറകളിലെ അവസാനത്തെ തലമുറയായിരുന്നു ഞങ്ങളുടെ തലമുറ എന്ന് എനിക്ക് പലപ്പോഴായി തോന്നിയിട്ടുണ്ട്..
സ്ത്രീ തന്നെയാണ് ധനം എന്ന് ചിന്തിക്കുന്ന പുതുതലമുറ ജന്മം കൊണ്ടിരിക്കുന്നു..
സ്ത്രീധനം പറഞ്ഞുറപ്പിക്കൽ ഏകദേശം അവസാനിച്ചു..
നിങ്ങളുടെ മകൾക്ക് നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് കൊടുക്കാം എന്ന രീതിയിലായി അത്..
അതും ഔട്ട് ഓഫ് ഫാഷൻ ആയി..
ചോദ്യവും വിലപേശലും ഒന്നുമില്ല..
തരക്കാർ തമ്മിലുള്ള വിവാഹമാകുമ്പോൾ പെണ്ണിന്റെ രക്ഷിതാക്കൾ വേണ്ടത് ചെയ്യും..
അവിടെയും പുരുഷന്റെ സ്ത്രീധനം എന്ന അവകാശം മറ്റൊരു രൂപത്തിൽ സ്ഥിതി ചെയ്യുന്നു..
പെൺകുട്ടികൾ സ്വയം തീരുമാനമെടുക്കാൻ തുടങ്ങിയതുകൊണ്ട് മകളുടെ ഭർത്താവിന് കൊടുക്കുന്ന സ്നേഹസമ്മാനങ്ങളുടെ അളവ് രക്ഷിതാക്കൾ കുറച്ചിരിക്കുന്നു..
പുരുഷധനം വേണം എന്ന നിലയിലേക്ക് വരെ ഇപ്പോൾ ആ പ്രവണത രൂപാന്തരം പ്രാപിച്ചു കൊണ്ടിരിക്കുന്നു..
Sidhique Patta..



