
നാണക്കേട്….എട്ടിലോ ഒമ്പതിലോ പഠിക്കുന്ന ഒരു ആൺകുട്ടി. റോഡ് സൈഡിലുള്ള അവന്റെ വീടും പരിസരവും വൃത്തിയാക്കുന്നു..റോഡിനോട് ചേർന്നുള്ള ഗേറ്റിന്റെ സമീപത്തുള്ള കൊഴിഞ്ഞുവീണ ഇലകളും ചപ്പുചവറുകളും വൃത്തിയാക്കി കൊണ്ടിരിക്കുമ്പോൾ, റോഡിലൂടെ വരുന്ന ബൈക്കിന്റെ ശബ്ദം കേട്ടിട്ടോ, ബൈക്ക് കണ്ടിട്ടോ അവനപ്പോൾ ചൂൽ വഴിയിലൂടെ പോകുന്ന ആ ബൈക്ക് യാത്രക്കാർ കാണാതിരിക്കാൻ വേണ്ടി അവന്റെ പുറകിൽ മറച്ചുപിടിച്ച് റോഡിന് അവർക്കഭിമുഖമായി നിന്നു..ബൈക്ക് പോയി. അവൻ ചൂലെടുത്ത് വീണ്ടും അവന്റെ പണി തുടങ്ങി…
ആ വഴി വന്നുകൊണ്ടിരുന്ന കാൽനടയാത്രക്കാരെ പെട്ടെന്ന് കണ്ട അവൻ, ആ ചൂൽ ഒരു മൂലയിലേക്ക് എറിഞ്ഞ് അണ്ടി കളഞ്ഞ അണ്ണാനെ പോലെ ആ വഴിയാത്രയ്ക്കാർക്ക് അഭിമുഖമായി നിന്നു.. അവനറിയാതെ അത് ഷൂട്ട് ചെയ്ത് വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തു..”അഭിമാനം വിട്ടൊരു കളിയുമില്ല” എന്നൊരു തലക്കെട്ടും കൊടുത്തു.. അത് കണ്ട് എന്നിലെ എട്ടാം ക്ലാസുകാരനെ ഞാൻ ഓർത്തുപോയി.. ബാല്യം, അണ്ടി (കശുവണ്ടി) കളിയും കോട്ടി കളിയും പന്ത് കളിയും മീൻപിടുത്തവും വയലിലും തോട്ടിലും കുത്തി മറയലുമൊക്കെയായി മറ്റൊന്നിനെ പറ്റിയും ചിന്തിക്കാതെ കടന്നുപോയി.. കൗമാരത്തിന്റെ തുടക്കത്തിലാണ്. ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ, എന്റെ സുഹൃത്തുക്കളെയും, ഞാൻ കളിച്ചിരുന്ന എല്ലാ കളികളും, ഗോലി കളിയും പന്ത് കളിയും വയലിലും തോട്ടിലും കുത്തിമറയലും, ആ തോടും വയലും, ഞാൻ കളിച്ചിരുന്ന കളിസ്ഥലങ്ങളും, 12 അംഗങ്ങളോളം താമസിച്ചിരുന്ന മൂന്നു മുറികളുള്ള വീടും വിട്ട് രണ്ടു കിലോമീറ്റർ അപ്പുറത്തുള്ള കുട്ടപ്പൻ ചേട്ടന്റെ ഒറ്റമുറി വാടക വീട്ടിലേക്ക് താമസം മാറുന്നത് ..ഞാനും ഉമ്മയും എന്റെ മൂന്ന് അനിയന്മാരും.. ഉപ്പ ഗൾഫിലായിരുന്നു.. ഒരു വലിയ വീട് പല ഭാഗങ്ങളാക്കി, പല മുറികളാക്കി, ഓരോ ഒറ്റമുറി വീടുകളിലായി ആറോളം കുടുംബങ്ങൾ.. രാമേട്ടനും ഭാര്യയും മൂന്ന് മക്കളും ഒരു വീട്ടിൽ, രവിയേട്ടനും ഗിരിജ ചേച്ചിയും സന്ധ്യാ സൗമ്യ എന്ന രണ്ട് സുന്ദരിക്കുട്ടികളും മറ്റൊരു വീട്ടിൽ, മറ്റൊരു രവിയേട്ടനും അദ്ദേഹത്തിന്റെ ഭാര്യയും രണ്ട് ചെറിയ കുട്ടികളും ഒരു മുറിയിൽ. വക്കച്ചേട്ടനും കുടുംബവും, ശശിയേട്ടനും കുടുംബവും ഓരോരോ മുറികളിൽ. വളരെ ചെറിയ ഒരു മുറിയിൽ ആരും തുണയില്ലാതെ ഒരു വയോധികൻ, കുഞ്ഞേട്ടനും.. രണ്ട് കക്കൂസും, കിണറിനോടടുത്ത് ചാമ്പ മരത്തോട് ചേർന്ന് ഓലകൊണ്ട് മറച്ച ഒരു കുളിമുറിയും..
ചില വീട്ടിലെ ആണുങ്ങൾ, ഞങ്ങളുടെ ഒറ്റ മുറി വീടിനോട് ചേർന്നുള്ള 20 25 അടിയോളം നീളമുള്ള വരാന്തയിലാണ് അന്തിയുറങ്ങാറ്.. തുടക്കത്തിൽ എനിക്കെന്റെ കളികളും സുഹൃത്തുക്കളും കളിയിടങ്ങളും വീടും നഷ്ടപ്പെട്ടതിൽ ദുഃഖം തോന്നിയിരുന്നു.. പതിയെ എനിക്ക് അവിടെ താമസിക്കുന്നത് നാണക്കേടായി തോന്നിത്തുടങ്ങി.. വീട്ടിലെ സാഹചര്യം അറിയുന്നതുകൊണ്ട്, ഞാൻ ആരോടും പരിഭവമോ പരാതിയോ പറഞ്ഞിരുന്നില്ല.. എന്റെ കൂടെ പഠിക്കുന്ന, പ്രത്യേകിച്ച് പെൺകുട്ടികൾ സ്കൂളിൽ വരുമ്പോഴും പോകുമ്പോഴും റോഡ് വക്കത്തുള്ള ആ വീട്ടിൽ എന്നെ കാണുന്നത് നാണക്കേടായി തോന്നിയതുകൊണ്ട്, അവരെന്നെ കാണാതിരിക്കാൻ ഞാൻ ശ്രമിച്ചിരുന്നു..മറ്റൊന്ന്, എനിക്ക് 20 വയസ്സുള്ളപ്പോഴാണ്. 4 ആൺമക്കൾക്ക് ജന്മം നൽകിയതിനു ശേഷം എന്റെ ഉമ്മ അഞ്ചാമതും ഗർഭിണിയായി.. ഇരുപത് വയസ്സായ മകനുള്ള, വയറ് വീർത്ത് നിൽക്കുന്ന എന്റെ ഉമ്മയെ എന്റെ സുഹൃത്തുക്കളോ സഹപാഠികളോ കാണുന്നത് എനിക്ക് നാണക്കേടായി തോന്നി.. കുറച്ച് കാലങ്ങളെടുത്താണ് ഞാൻ മനസ്സിലാക്കിയത് അതൊക്കെ എന്തിനായിരുന്നു എന്ന്..എന്നും ഞാൻ ഞാൻ തന്നെ ആയിരുന്നല്ലോ, പിന്നെയെന്തിനാണ് മറ്റുള്ളവർ കാണും എന്ന് നാണക്കേടായി തോന്നുന്നത്?.. കുറച്ചുകാലങ്ങൾക്ക് ശേഷം ആ വീഡിയോ കണ്ടാൽ ആ പയ്യൻ ചിന്തിക്കും, തന്റെ അമ്മയ്ക്ക് സഹായമായി, സഹോദരിക്ക് സഹായമായി, തന്റെ വീടും പരിസരവും വൃത്തിയാക്കുന്നത് ആരെങ്കിലും കണ്ടാൽ എന്തിനാണ് നാണക്കേടാവുന്നത്?, അതൊരു അഭിമാനമല്ലേ?, എന്ന്..Sidhique Patta…



