
പിന്നിലേക്ക് ഒരു എത്തിനോട്ടം…
എനിക്കൊരു പത്ത് വയസ്സുള്ളപ്പോഴാണ്..ഞാനും എന്റെ മച്ചുനിയനും തമ്മിൽ ഒന്നും രണ്ടും പറഞ്ഞ് ഉടക്കി ..
ഞാനും അവനും തമ്മിൽ ഒരു മാസത്തിന്റെയോ രണ്ടുമാസത്തിന്റെയൊ പ്രായ വ്യത്യാസമേയുള്ളൂ..എന്റെ ഉപ്പയുടെ മൂന്നാമത്തെ സഹോദരിയുടെ മകനാണ്. വയനാട്ടിലേക്ക് വിവാഹം കഴിപ്പിച്ച് വിട്ട അവരുടെ മൂത്ത മകനെ തിരുവമ്പാടിയിലായിരുന്നു ഒന്നാം ക്ലാസിൽ സ്കൂളിൽ ചേർത്തിയത്..
ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്..അതുകൊണ്ടുതന്നെ പരസ്പരം വഴക്ക് കൂടുന്നത് പതിവുമാണ്..അന്നും ഞങ്ങൾ രണ്ടുപേരും വഴക്കായി, വായിൽ തോന്നിയത് പരസ്പരം വിളിച്ചുപറഞ്ഞു..അടിയും പിടിയുമായി…
വളരെ മുൻകോപക്കാരനായിരുന്ന ഞാൻ
അവനെ ഒരു കാനയിലേക്ക് തള്ളിയിട്ട്, അവിടെ കണ്ട ഒരു വലിയ കല്ലെടുത്ത്, വീണുകിടക്കുന്ന അവന്റെ തലയിലിടാനുള്ള ശ്രമത്തിലായിരുന്നു..
ഞങ്ങളുടെ ഒച്ചയും ബഹളവും കേട്ടിട്ട് എന്റെ അമ്മായി ( ഉപ്പയുടെ ഇളയ സഹോദരി) വടിയും കൊണ്ട് ഓടി വന്നില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ അവനിന്ന് ഉണ്ടാകുമായിരുന്നില്ല..മറ്റൊന്ന് അതിനും മൂന്നാലു വർഷം മുമ്പാണ്..
എന്റെ സുന്നത്ത് കല്യാണത്തിന് ഉമ്മ വീട്ടുകാർ ( അന്നൊക്കെ എല്ലാം ഉമ്മ വീട്ടുകാരുടെ ബാധ്യതയായിരുന്നു) വാങ്ങിത്തന്ന പുതിയ ഷർട്ടും പാന്റും ചെരുപ്പും വീട്ടിൽ ആരോടോ വഴക്കിട്ട് കോപപെട്ട് ഞാൻ കിണറ്റിലേക്കെറിഞ്ഞിട്ടുണ്ട്..
ഉപ്പ കാലാകാലങ്ങളായി ഗൾഫിലും, ഉമ്മയും ഉപ്പയുടെ വീട്ടുകാരും ചേരാത്തതുകൊണ്ട് ഉമ്മ ഉമ്മയുടെ വീട്ടിലും. ഞാൻ ഉപ്പയുടെ ഉമ്മയുടേയും ( വല്യമ്മ ) വിധവയും ഒരു മകളുടെ ഉമ്മയുമായ രണ്ടാമത്തെ സഹോദരിയുടെയും ഉപ്പയുടെ അനിയന്റെയും കല്യാണ പ്രായമാകാത്ത ഇളയ സഹോദരിയുടെയും കൂടെ തിരുവമ്പാടിയിലും..
അടുത്തടുത്ത വീടുകളിൽ എന്റെ സമപ്രായക്കാർക്ക് ലഭിക്കുന്ന സ്നേഹവും ലാളനയും എനിക്ക് ലഭിച്ചിരുന്നില്ല..ഉപ്പ ഗൾഫിലും ഉമ്മ ഉമ്മയുടെ വീട്ടിലും..
നേരം വെളുക്കുന്നതിനു മുമ്പ് ചൂട്ടും കത്തിച്ച് ചേട്ടന്മാരുടെ വീടുകളിലും മറ്റും അടക്ക പൊളിക്കാൻ പോയിരുന്ന വല്യമ്മയ്ക്കും മൂത്ത സഹോദരിക്കും അതിനെവിടാ നേരം?..
പഠിക്കാൻ ഉഴപ്പനും മടിയനുമായിരുന്ന ഞാൻ മൂന്നാം ക്ലാസിൽ ഒരു വർഷം തോറ്റ്, അടുത്തവർഷം നാലാം ക്ലാസിലേക്ക് ജയിച്ച് ക്ലാസിൽ രണ്ടാം സ്ഥാനക്കാരനും മൂന്നാം സ്ഥാനക്കാരനും ആയതൊന്നും എന്റെ വീട്ടിൽ ആരും അറിഞ്ഞിരുന്നില്ല..അതുകൊണ്ടൊക്കെ തന്നെയായിരിക്കാം എനിക്കെന്റെ വീട്ടുകാരോട് വെറുപ്പായിരുന്നു..അതായിരിക്കും എന്റെ കോപത്തിന് കാരണവും..ഓല മാറി ഓട് ആയിക്കൊണ്ടിരിക്കുന്ന കാലമാണ്..ഞങ്ങളുടെ വീടും ഓടിട്ടു..എന്നെ തല്ലാൻ വീട്ടുകാർ ഭയന്നു..
ഞാൻ ഓടിന്റെ പുറത്തേക്ക് കല്ലെടുത്തെറിയും..എന്റെ വീട്ടുകാർ അല്ലാത്തവർക്കെല്ലാം ഞാൻ പ്രിയപ്പെട്ടവനായിരുന്നു..ഏകദേശം ആ പ്രായത്തിൽ തന്നെയാണ്..
ഒരു സന്ധ്യയ്ക്ക് ഞാൻ വീട്ടുകാരോട് വഴക്കിട്ട് വീട്ടിൽ നിന്ന് ഇറങ്ങി ഓടി..റോഡുകൾ ഒന്നും ആയിരുന്നില്ല..ഇടവഴിയിലൂടെ ഓടി മുയലപ്പച്ചൻ ചേട്ടന്റെ കൊക്കോ കാപ്പി തോട്ടത്തിൽ കയറി ഒളിച്ചിരുന്നു..വീട്ടുകാരെല്ലാം എന്നെ പലയിടങ്ങളിലും തേടി..ഇരുട്ടിത്തുടങ്ങി, അയൽപക്കക്കാരും കൂടെ ചേർന്ന് തിരയാൻ തുടങ്ങി..ഏഴു മണിയായി എട്ടു മണിയായി ഒമ്പതു മണിയായി, എന്നെ കണ്ടില്ല..ഇഷാഹ് ബാങ്ക് കൊടുക്കലും, വലിയമ്മയുടേയും അമ്മായിയുടെയും നിസ്കാരവും മറ്റ് പ്രാർത്ഥനകളും കഴിഞ്ഞ്, എട്ടു മണിയോടുകൂടി ഞങ്ങൾ ഉറങ്ങുമായിരുന്നു..
അവർക്ക് അതി രാവിലെ എഴുന്നേറ്റ് അടക്ക പൊളിക്കാൻ പോകേണ്ടതാണ്..അതായിരുന്നു ഞങ്ങളുടെ വീട്ടിലെ രീതി..പത്ത് വയസ്സ് തികയാത്ത എന്നെ തേടി ആളുകൾ പിന്നെയും കൂടി..ആ കുറ്റിക്കാട്ടിൽ ഒരു കൊക്കോ കാപ്പിയുടെ ചില്ലയിൽ ഞാൻ കയറിയിരുന്നു..എന്നെ തിരയുന്ന ചൂട്ടിന്റെയും ടോർച്ചിന്റെയും വെളിച്ചങ്ങൾ മിന്നുന്നത് എനിക്ക് കാണാമായിരുന്നു. ഞാൻ അനങ്ങാതെ അവിടെത്തന്നെ ഇരുന്നു..എന്റെ തൊട്ടരികിലൂടെ പോലും എന്നെ തിരഞ്ഞ് ആളുകൾ പോയി..ഒമ്പതര പത്തു മണിയായി കാണും ഞാൻ ആ കാട്ടിൽ നിന്ന് ഇറങ്ങി വന്നു..
എന്നെ തേടിക്കൊണ്ടിരുന്ന എന്റെ അയൽക്കാരനായിരുന്ന യൂസുഫ്ക്കയാണ് എന്നെ ആദ്യം കണ്ടത്..ഞാൻ വീട്ടിൽ പോയി, ആരും എന്നെ വഴക്കു പറയുകയോ എന്നോട് ദേഷ്യപ്പെടുകയോ ചെയ്തില്ല..
വിവരവും വിദ്യാഭ്യാസവുമുള്ള ആരൊക്കെയോ വീട്ടുകാരോട് അങ്ങനെ പറഞ്ഞത് കൊണ്ടാവാമത് ..ഞാൻ ആദ്യമായി ഒരു മോഷ്ടാവാകുന്നത് എന്റെ അമ്മായിയുടെ സ്യൂട്ട് കേസിൽനിന്ന് അവര് കൊണ്ട് വെക്കുന്ന ചില്ലറ പൈസ, പത്ത് പൈസയും ഇരുപത് പൈസയും ഇരുപത്തിയഞ്ച് പൈസയും മോഷ്ടിച്ചിട്ടാണ്..എനിക്ക് അഞ്ചു പൈസയോ പത്തു പൈസയോ തരാൻ ആരുമുണ്ടായിരുന്നില്ല..ഉപ്പ ഗൾഫിലും ഉമ്മ ഉമ്മയുടെ വീട്ടിലും.
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്ന പോലെ ഞാനും പിടിക്കപ്പെട്ടു..ആ കാലഘട്ടത്തിൽ തന്നെയാണ് എന്റെ ഉപ്പ അബുദാബിയിൽ നിന്ന് ലീവിന് നാട്ടിൽ വന്നത്..അത്യാവശ്യം അല്ലറ ചില്ലറ ദുശ്ശീലങ്ങളൊക്കെയുള്ള വളരെ കർക്കശക്കാരനായിരുന്നു എന്റെ ഉപ്പ..
ഉപ്പയുടെ അടുത്ത സുഹൃത്തായ ഇബ്രാഹിംക്കയുടെ മകനും ഞാനും വാഴയുടെ നാര് കൊണ്ട് വലിച്ച് കളിച്ചപ്പോൾ അവന്റെ കൈ മുറിഞ്ഞ് ചോര ഒലിച്ചത് അവൻ ഉച്ചത്തിൽ കരഞ്ഞ് അവന്റെ വീട്ടിൽ പോയി ഞാൻ ചെയ്തതാണെന്ന് പരാതി പറഞ്ഞു..
ഇത് കേട്ട് വന്ന എന്റെ ഉപ്പ, എന്നോടൊന്നും ചോദിക്കുകയോ കാര്യങ്ങൾ മനസ്സിലാക്കുകയോ ചെയ്യാതെ, മുറ്റത്ത് ഒരു കോണിൽ നിന്നിരുന്ന മൈലാഞ്ചി മരത്തിന്റെ ഒരു കൊമ്പൊടിച്ച് എട്ടുവയസ്സുകാരനായ എന്നെ തലങ്ങും വിലങ്ങും അടിച്ചു..തൂറാൻ മുട്ടി ഇരിക്കുന്നത് കൊണ്ടാണോ അല്ലയോ എന്നറിയില്ല, ഞാൻ ട്രൗസറിലൂടെ തൂറിപ്പോയി..ബാല്യത്തിലെ ആ കോപക്കാരൻ ഒരുപാട് വർഷങ്ങൾക്കുശേഷം യൗവനത്തിന്റെ തീഷ്ണതയിൽ നിൽക്കുമ്പോൾ ദൈവത്തോട് പ്രാർത്ഥിച്ചിട്ടുണ്ട് “എനിക്ക് വല്ലപ്പോഴും ദേഷ്യപ്പെടാൻ കഴിയണമേ”എന്ന്..
Sidhique Patta..



