ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

വാഴക്കാട് : ഊർക്കടവ് വിരിപ്പാടത്ത് എ സി റഫ്രിജറേറ്റർ റിപ്പയറിങ് ഷോപ്പിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു.ഊർക്കടവ് എളോടത്ത് അബ്ദുൽ റഷീദ് (40) ആണ് മരിച്ചത്. അപകട സമയത്ത് കടയിൽ റഷീദ് മാത്രമാണ് ഉണ്ടായിരുന്നത്. മറ്റാർക്കും പരുക്കുകളില്ല.
ഫ്രിഡ്ജ് റിപ്പയറിംഗിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. എന്നാൽ ഫ്രിഡ്ജല്ല, കടയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിതെറിച്ചത്. കടയുടെ അടുത്തുണ്ടായിരുന്നവർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.കടയിലെ സാധനങ്ങളെല്ലാം നശിച്ചതായി കാണുന്നത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. സംഭവവുമായി ബന്ധപ്പെട്ട് വാഴക്കാട് പൊലീസ് വിശദമായ അന്വേഷണം നടത്തും.