
തിരുവമ്പാടി : എട്ട് മനുഷ്യ ജീവനുകൾ പൊലിഞ്ഞു പോയ ഉരുൾപൊട്ടലിന് ഇന്ന് 10 വർഷം തികയുന്നു. ആനക്കാംപൊയിൽ, ചെറുശ്ശേരി, കോടഞ്ചേരി പൊട്ടൻ കോട് എന്നിവിടങ്ങളിലെ ഉരുൾ പൊട്ടലിൽ ആണ് 8 പേർ മരിച്ചത്. 2012 ഓഗസ്റ്റ് 6 ന് വൈകുന്നേരം രണ്ട് മണിക്കൂറിനുള്ളിൽ ചെറുതും വലുതുമായ ഉരുൾപൊട്ടലുകൾ ആണ് മലയോരത്ത് അന്ന് ഉണ്ടായത്. ആനക്കാംപൊയിൽ ചെറുശ്ശേരി തുണ്ടത്തിൽ ബിജുവിന്റെ മാതാപിതാക്കളും ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെ 5 പേരും പടന്നമാക്കൽ ബിനുവിന്റെ മകൾ ജ്യോത്സന , മഞ്ഞുവയലിൽ ഗോപാലൻ, വർക്കി എന്നിവരാണ് ഉരുൾ പൊട്ടലിൽ മരിച്ചത് മലയോരത്തെ ഉരുൾ പൊട്ടലിന്റെ സംഗമ സ്ഥാനം ആനക്കാംപൊയിൽ റോഡിലെ മാവിൻ ചുവട് ആയിരുന്നു.
ജോയി റോഡിനു മുകളിൽ ഉണ്ടായ ഉരുൾ പൊട്ടലിന്റെ വെള്ളവും വലിയ പാറകളും മരങ്ങളും ഒഴുകി എത്തി മാവിൻ ചുവട് കോളനിയും റോഡും ഇല്ലാതെ ആയി. ആനക്കാംപൊയിൽ റോഡ് മുറിഞ്ഞ് 2 കലുങ്കകൾ ഇല്ലാതെ ആയി. നിരവധി വീടുകൾ ഇല്ലാതെ ആകുകയും 500 ഹെക്ടറിൽ കൃഷി നാശം ഉണ്ടാകയും ചെയ്തു. പൊതു മരാമത്ത് വകുപ്പ് റോഡുകളും പഞ്ചായത്ത് റോഡുകളും ഉൾപ്പെടെ 24 റോഡുകളാണ് ഉരുൾ പൊട്ടലിൽ ഇല്ലാതെ ആയത്. 28 വീടുകൾ പൂർണമായും 23 വീടുകൾ ഭാഗികമായും തകർന്ന ഉരുൾ പൊട്ടലിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും ഈ പ്രദേശത്ത് ഉണ്ട്.
ഉരുൾ പൊട്ടലിൽ വീട് നഷ്ടപ്പെട്ട 24 കുടുംബങ്ങൾ ആനക്കാംപൊയിലിലെ താൽക്കാലിക പുനരധിവാസ ക്യാംപിൽ 8 വർഷത്തോളും കഴിഞ്ഞു. കഴിഞ്ഞ വർഷം എല്ലാവരും ഒഴിഞ്ഞു പോയപ്പോൾ ഈ ക്യാംപ് പൊളിച്ചു മാറ്റി.
താമരശ്ശേരി രൂപതയുടെ ഇടപെടൽ.
താമരശ്ശേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ സി ഒഡിയുടെ നേതൃത്വത്തിൽ ദുരന്ത ബാധിതരായ 13 കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകി. 1.25 ഏക്കർ സ്ഥലം വിലയ്ക്ക് വാങ്ങി ആണ് രണ്ട് ബഡ്റും അടുക്കള, സിറ്റൗട്ട്, ഹാൾ, ടോയ് ലെറ്റ് എന്നിവയുള്ള വീടുകൾ ഒരുൾ പൊട്ടലിന്റെ രണ്ടാം വാർഷികത്തിൽ നിർമ്മിച്ച് നൽകിയത്.
ഉരുൾപൊട്ടൽ ദിവസം മുതൽ ദുരിത ബാധിതർക്ക് സഹായം എത്തിക്കാൻ ക്രിയാത്മകമായ ഇടപെടൽ നടത്തിയത് സി ഒ ഡി ആയിരുന്നു. ആനക്കാംപൊയിൽ പാരിഷ് ഹാളിൽ തുറന്ന ദുരിതാശ്വാസ ക്യാംപിന്റെ നടത്തിപ്പ് ചുമതല പഞ്ചായത്ത് ഏൽപിച്ചത് സി ഒഡി യെ ആണ്. 79 കുടുംബത്തിലെ 273 പേർക്ക് ഒരു മാസക്കാലം ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവയ്ക്കൊപ്പം കൗൺസിലിങ് സൗകര്യങ്ങളും മറ്റ് സന്നദ്ധ സംഘടനകളുടെയും സുമനസുകളുടെയും സഹകരണത്തോടെ ഡി ഒഡി ഒരുക്കി.വൈകി എങ്കിലും എല്ലാവർക്കും പുനരധിവാസo
ഉരുൾ പൊട്ടലിൽ വീട് പൂർണമായി നഷ്ടപ്പെട്ട 24 കുടുംബങ്ങൾക്ക് വൈകിയാണെങ്കിലും സർക്കാർ സംവിധാനത്തിലൂടെ പുനരധിവാസം ഒരുക്കി. അരിപ്പാറയ്ക്ക് സമീപം 85 സെന്റ് സ്ഥലം ഏറ്റെടുത്താണ് ഇതിന് സൗകര്യം ഒരുക്കിയത്. 13 കുടുംബങ്ങൾക്ക് ഇവിടെ സ്ഥലം നൽകി. ഐ എ വൈ പദ്ധതിയിലും മറ്റ് സർക്കാർ സഹായത്തിലും ഇവിടെ വീട്ടുകൾ വച്ചു. സ്വന്തമായി സ്ഥലം കണ്ടെത്തി കുറെപ്പേർ അവിടെ വീട് വച്ചു.
ഉരുൾ പൊട്ടലിൽ തകർന്ന റോഡുകൾ വിവിധ പദ്ധതികളിലൂടെ പൂർണമായി പുനർ നിർമിച്ചു. ഉരുൾ പൊട്ടലിൽ തകർന്ന കൃഷി മേഖല ഇനിയും പൂർണമായി ഉയർത്തെഴുന്നേറ്റിട്ടില്ല. മലയോര പ്രദേശത്തിന്റെ ആവാസ വ്യവസ്ഥ തന്നെ തകർത്തെറിഞ്ഞ ഉരുൾ പൊട്ടലിന്റെ നടുക്കം പത്താം വർഷവും ജനങ്ങളുടെ ഓർമയിൽ മുഴങ്ങുന്നുണ്ട്.
റിപോർട്ട്;തോമസ് വലിയപറമ്പിൽ









