ENTERTAINMENT

സിദ്ധീഖ് എഴുതുന്നു. എൻ്റെ ഭ്രാന്തൻ ചിന്തകൾ…

വിതച്ചതെ കൊയ്യൂ…ഞാനൊരിക്കൽ ഒരു ലേഖനത്തിൽ പലതരം അഡിക്ഷനെ കുറിച്ച് പറഞ്ഞിരുന്നു.. അന്ന് ആ ലേഖനത്തിൽ ഞാൻ ഊന്നൽ നൽകി പറഞ്ഞത് പണത്തിനോടുള്ള, പണം സമ്പാദിക്കാനുള്ള മനുഷ്യന്റെ ആർത്തിയെ കുറിച്ചായിരുന്നു.. മദ്യത്തിനോടോ മയക്കുമരുന്നിനോടോ ചൂതാട്ടത്തിനോടോ സ്ത്രീകളോടോ ഉള്ള മനുഷ്യന്റെ ആസക്തി, അഡിക്ഷൻ അവനെയും അവന്റെ കുടുംബത്തെയും മാത്രമേ ബാധിക്കൂ എന്ന് ഞാൻ പറഞ്ഞിരുന്നു..

പണത്തിനോടുള്ള മനുഷ്യന്റെ ആസക്തി ( അഡിക്ഷൻ) മറ്റെന്തിനേക്കാളും അപകടമാണെന്നും അത് മറ്റുള്ളവരെയും കൂടി ബാധിക്കുമെന്നും ഞാനതിൽ പ്രതിപാദിച്ചിരുന്നു.. കഴിഞ്ഞ ദിവസം ഞാനെന്റെ ഒരു സുഹൃത്തിനോട് സംസാരിക്കുന്നിടയിൽ അയാളെ പറ്റി പറഞ്ഞു.. എനിക്കെന്റെ ചെറുപ്പം മുതലേ അറിയാവുന്ന ഒരാളായിരുന്നു അത്.. എൻപത് വയസ്സിനോടടുത്ത് പ്രായമുള്ള അയാളിപ്പോൾ മരണക്കിടക്കയിലാണ്.. മക്കളോ ബന്ധുക്കളോ സുഹൃത്തുക്കളോ ആരും നോക്കാനില്ലാതെ നരക ജീവിതം അനുഭവിച്ചുകൊണ്ടിരിക്കുന്നു.. കുടിയേറ്റത്തിന്റെ അവസാനഘട്ടത്തിലാണ് അയാളും അയാളുടെ കുടുംബവും തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലിലേക്ക് കുടിയേറുന്നത്.. അയാളുടെ അച്ഛനും അമ്മയും കൂടപ്പിറപ്പുകളുടെയും കൂടെ ആനക്കാംപൊയിൽ എത്തിയ അയാൾ ആരോഗ്യവാനായ ഒരു യുവാവായിരുന്നു.. മരം മുറിച്ചും അത് വണ്ടിയിൽ ലോഡ് ചെയ്തും ആനക്കാംപൊയിൽ അങ്ങാടിയിൽ അന്ന് ബസ്സുകളോ മറ്റു വാഹനങ്ങളോ വരാൻ ബുദ്ധിമുട്ടിയിരുന്ന കാലത്ത് തലച്ചുമടായി സാധനങ്ങൾ എത്തിച്ചും അയാൾ സമ്പാദിച്ചു..

കിട്ടുന്ന പൈസ ഒരു രൂപ പോലും ചിലവാക്കാതെ അയാൾ സൂക്ഷിച്ചുവെച്ചു..ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം പത്ത് പന്ത്രണ്ട് ഏക്കർ സ്ഥലം വാങ്ങി.. ചൂതാട്ടം ( ചീട്ട് കളി ) സജീവമായിരുന്ന ആ കാലത്ത്, ചീട്ടുകളിക്കാർക്ക് പലിശയ്ക്ക് പണം കൊടുത്ത് അയാൾ വീണ്ടും സമ്പന്നനായി..മറ്റെല്ലാ ജോലികളും നിർത്തി അയാൾ മുഴുവൻ സമയ പലിശക്കാരനായി.. ഇരുപതും അമ്പതും നൂറും ഇരുന്നൂറും ( നാല്പത് അൻപത് വർഷങ്ങൾക്ക് മുമ്മ്പാണ്) ആവശ്യക്കാർക്ക് അയാൾ പലിശയ്ക്ക് കൊടുത്തു,. കാശ് തിരിച്ചു വാങ്ങാനായി അല്ലറ ചില്ലറ റൗഡിസവും അയാൾക്കുണ്ടായിരുന്നു.. ആ കാലത്ത് എന്തോ ചെറിയ ഒരു കാശിന്റെ പേരിൽ അയാൾ ഒരാളെ കത്തികൊണ്ട് കുത്തിയത് ഈയടുത്ത് അയാൾ വലിയ ഗമയോടെ എന്നോട് പറഞ്ഞിട്ടുണ്ട്..അയാൾ സുന്ദരിയായ ഒരു സാധു സ്ത്രീയെ വിവാഹം കഴിച്ചു.. അയാൾ സമ്പന്നനായിരുന്നെങ്കിലും അയാളുടെ മാതാപിതാക്കളും കൂടപ്പിറപ്പുകളും ദുരിതക്കയത്തിൽ തന്നെയായിരുന്നു.. അയാളുടെ പിശുക്ക് കാരണം അവർക്കൊന്നും കൊടുക്കാൻ അയാൾ തയ്യാറാവാത്തത് കൊണ്ട് അവരാടെല്ലാം തെറ്റി അയാളും ഭാര്യയും മറ്റൊരു വീട്ടിലേക്ക് മാറി താമസിച്ചു.. ആദ്യത്തിലൊന്നും അയാളുടെ ഭാര്യക്ക് അയാളുടെ പണത്തിനോടുള്ള ആർത്തി ഒരു ബുദ്ധിമുട്ടായി തോന്നിയില്ലെങ്കിലും പിന്നെപ്പിന്നെ ആ സ്ത്രീക്ക് അതൊരു കൊടിയ വിപത്തായി തീർന്നു..

നൂറ് രൂപയുടെ ഒരു കാര്യം നടത്താൻ അയാൾ പത്തു രൂപയെ കൊടുത്തിരുന്നുള്ളൂ.. കഞ്ഞിയും കാന്താരി മുളകും പയറും കാച്ചിലും ചേമ്പും മാത്രമായിരുന്നു ആ വീട്ടിലെ അവരുടെ ഭക്ഷണം.. കാലങ്ങൾ കടന്നുപോയി. അയാൾക്ക് നാല് കുട്ടികളായി. മൂന്നാണും ഒരു പെണ്ണും.. റിയൽ എസ്റ്റേറ്റും വണ്ടി കച്ചവടവും മറ്റു പല പരിപാടികളും ഉണ്ടെങ്കിലും ഒരു രേഖയുമില്ലാതെ 10000 വും 20000വും അയാൾ ആവശ്യക്കാർക്ക് പലിശയ്ക്ക് കൊടുത്തു.. പെൺകുട്ടിയെ മൂന്നോ നാലോ ലക്ഷം കൊടുത്ത് കെട്ടിച്ചു വിട്ടു. പടിയടച്ച് പിണ്ഡം വെച്ചു എന്ന് പറയുന്നതാവും ശരി.. പിന്നീട് അവളുടെ ഒരു ആവശ്യത്തിനും അയാൾ ഒന്നും കൊടുത്തില്ല.. വളരെ ദരിദ്രരായ കുട്ടികൾ പത്തും ഇരുപതും അമ്പതും പൈസ സ്കൂളിൽ പോകുമ്പോഴും മറ്റും മിഠായിയോ മറ്റോ വാങ്ങാനായി കൊണ്ടുവന്നിരുന്നു.. അയാൾ അയാളുടെ കുട്ടികൾക്ക് ഒരു പൈസയും കൊടുത്തില്ല, അയാൾക്കും ആരും കൊടുത്തിരുന്നില്ല അയാളുടെ സ്വന്തം അധ്വാനം കൊണ്ട് ഉണ്ടാക്കിയതാണ്, മക്കളും അങ്ങനെ ദുരിതം അനുഭവിച്ച് വളർന്നാലേ 10 പൈസ സമ്പാദിക്കാൻ കഴിയൂ എന്നതായിരുന്നു അയാളുടെ നിലപാട്..

മക്കളുടെ മനസ്സിൽ നിന്ന് അച്ഛൻ എന്ന സ്ഥാനം അയാൾക്ക് നിഷേധിക്കപ്പെട്ടു.. വീട്ടിൽ പോകുന്നതും അച്ഛന്റെ സാമീപ്യവും അവർ വെറുത്തു.. അവരുടെ അമ്മ ആവശ്യങ്ങളൊന്നുമില്ലാതെ അവരുടെ വീട്ടിലോ ബന്ധു വീട്ടിലോ മറ്റെന്തെങ്കിലും ആഘോഷങ്ങൾക്കോ ഒന്നും പോകാതെ വിഷാദ രോഗിയായി വീട്ടിൽ കഴിഞ്ഞുകൂടി.. അയാൾ ഒരു രോഗത്തിനും ആശുപത്രിയിൽ പോയിരുന്നില്ല. എന്തെങ്കിലും അസുഖം വന്നാൽ എന്തെങ്കിലും നാട്ടുമരുന്ന് ഉപയോഗിച്ച് സുഖപ്പെടുത്തും. അല്ലെങ്കിൽ മെഡിക്കൽ ഷോപ്പിൽ പോയി എന്തെങ്കിലും മരുന്ന് വാങ്ങി കുടിക്കും.. നല്ലൊരു ഡോക്ടറെ കാണിച്ചാൽ ഭേദമാകുമായിരുന്ന അയാളുടെ ഭാര്യയുടെ അസുഖം മൂർച്ഛിച്ച് ഒൻപത് വർഷം മുമ്പ് അവർ മരിച്ചു.. മൂന്ന് ആൺമക്കളിൽ മൂത്തവൻ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് ഭാര്യയെ വിവാഹമോചനം ചെയ്ത്, മക്കളെയും അവളുടെ കൂടെ അയച്ച് ഒറ്റത്തടിയായി നടക്കുന്നു.. രണ്ടാമത്തെവൻ ചെറുപ്പത്തിലെ നാടുവിട്ട് പലയിടങ്ങളിലും കറങ്ങി ഇപ്പോൾ ബാംഗ്ലൂരോ മൈസൂരോ കുടുംബമായി ജീവിക്കുന്നു.. മൂന്നാമത്തവൻ നാട്ടിൽ തന്നെയുണ്ട്. എങ്ങനെയെങ്കിലും തന്റെ അച്ഛനെ പറ്റിച്ച് അച്ഛനോട് സ്നേഹം നടിച്ച് ജീവിച്ച് പോകുന്നു.. അയാളുടെ ഭാര്യ മരിച്ചതിനു ശേഷം ആരുടെയൊക്കെയോ ശുപാർശ പ്രകാരം മക്കൾ മൂന്നു പേർക്കും കുറെ സ്ഥലങ്ങളും മറ്റും അയാൾ എഴുതിക്കൊടുത്തു.. മകളുടെ ഭർത്താവും മകളും അയാളെ എന്നോ ഉപേക്ഷിച്ചിരുന്നു.. ഇതുപോലെയുള്ള ആളുകൾക്ക് പൊതുവേ കാണുന്ന ഒരു സ്വഭാവമാണ് മതപരമായ എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിൽ ഉണ്ടാവുക എന്നത്.. വളരെ വൈകിയാണെങ്കിലും അയാളും അങ്ങനെ ഒരു ആളായി മാറി.. ഞാൻ കട തുടങ്ങിയത് മുതൽ ( മൂന്നുവർഷമായി) അയാൾ ആരുടെയെങ്കിലും കൂടെ കാപ്പി കുടിക്കാനായി വരും. മധുരം കുറച്ച് ഒരു കാപ്പി, അത് ഗ്ലാസ് നിറച്ചും വേണം. കാപ്പി കുടിച്ച് കഴിഞ്ഞാലും അതിന്റെ പൈസ കൊടുക്കണം എന്നോർത്തിട്ടാവണം അയാൾ അവിടെ തന്നെ ഇരിക്കും, കൂടെയുള്ള ആൾ കാശ് കൊടുക്കുന്നത് വരെ.. ഒരിക്കൽ അയാൾ എന്നോട് അര ലിറ്റർ മിൽമയുടെ കട്ടി മോര് വാങ്ങി, 30 രൂപയുടെ മോരിന് അയാൾ 25 രൂപ എനിക്കു നേരെ നീട്ടി.. ഞാൻ 30 രൂപയ്ക്ക് വിൽക്കുന്നത് കൊണ്ട് പകുതിയും എന്റെ ലാഭമാണ് എന്ന് കരുതിയിട്ടാണ് അയാൾ 25 രൂപയ്ക്ക് വിലപേശി കൊണ്ടിരുന്നത്.. ഞാൻ അയാളോട് പറഞ്ഞു ഞാൻ 27 രൂപ കൊടുത്താണ് അത് വാങ്ങുന്നത്, ഒരു കുപ്പി വിറ്റാൽ എനിക്ക് മൂന്ന് രൂപയാണ് കിട്ടുക എന്ന്.. അയാൾ വീണ്ടും വിലപേശിയപ്പോൾ ഞാൻ പറഞ്ഞു, ഒന്നെങ്കിൽ ഞാൻ 30 രൂപയ്ക്ക് തരും, അല്ലെങ്കിൽ നിങ്ങൾക്ക് ഫ്രീയായിട്ട് തരും. 25 രൂപയ്ക്ക് ഞാൻ എന്തായാലും തരില്ല.. അവസാനം അയാൾ ആ മോര് 25 രൂപയ്ക്ക് വാങ്ങി അഞ്ചു രൂപ പിന്നെ തരാം എന്ന് പറഞ്ഞു പോയി..

വർഷം ഒന്നര കഴിഞ്ഞു. പിന്നീട് പലതവണ അയാൾ കടയിൽ വന്നിരുന്നെങ്കിലും ആ അഞ്ചു രൂപ അയാൾ തന്നിരുന്നില്ല. ഞാനൊട്ടു ചോദിച്ചതുമില്ല.. ആ സമയത്ത് അയാളുടെ ബാങ്ക് അക്കൗണ്ടിൽ 75 ലക്ഷത്തോളം രൂപ ഡിപ്പോസിറ്റ് ഉണ്ടായിരുന്നു എന്ന് അയാൾ മുഖേനയും അയാളുടെ കൂടെയുണ്ടായിരുന്ന ആളുകൾ മുഖേനയും ഞാൻ മനസ്സിലാക്കിയിരുന്നു.. ഞാൻ അയാളെ കളിയാക്കി റൂക്കോൾ എന്ന് വിളിച്ചു.. വില്യം ഷേക്സ്പിയറിന്റെ മെർജന്റ് ഓഫ് വെനീസ് എന്ന നോവലിലെ അതി പിശുക്കനായ വില്ലൻ കഥാപാത്രത്തിന്റെ പേരാണ് അത് എന്ന് ഞാൻ അയാളോട് പറഞ്ഞു.. ഇയാളുടെ പിശുക്ക് റൂക്കോളിനെയും മറികടക്കുന്നതാണെന്ന് ഞാൻ ചിന്തിച്ചു.. സിഗരറ്റ് വലിയോ മദ്യപാനമോ പരസ്ത്രീ ബന്ധമോ ചൂതാട്ടമോ അങ്ങനെയുള്ള ഒരു ദുശീലവും ഇല്ലാത്ത അയാൾ ഒരു വാഹനമോ വിലകൂടിയ വസ്ത്രങ്ങളോ നല്ല ഭക്ഷണമോ കഴിച്ചിരുന്നില്ല.. എനിക്കറിയാം ഇതു വായിക്കുന്ന പലരും ചിന്തിക്കും അങ്ങനെയും ഒരു പിശുക്ക് ഉണ്ടാകുമോ എന്ന്.. സത്യത്തിൽ അയാൾക്കത് ഒരിക്കലും തിരിച്ചറിയാൻ കഴിയാത്ത ഒരു രോഗമായിരുന്നു..

75 വയസ്സിൽ കൂടുതൽ പ്രായമുണ്ടായിരുന്നെങ്കിലും നല്ല ആരോഗ്യവാനായിരുന്നു അയാൾ..രണ്ടുവർഷം മുമ്പ് അയാളെ ഹാർട്ട് അറ്റാക്കായി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.. ആൻജിയോഗ്രാമും ആൻജിയോപ്ലാസ്റ്റിയും ചെയ്ത് രണ്ടുമൂന്നു മാസത്തെ വിശ്രമത്തിനുശേഷം കടയിൽ വന്ന് അതിനുവേണ്ടി ചിലവായ കാശിനെ കുറിച്ച് പറഞ്ഞ് അയാൾ സങ്കടപ്പെട്ടു.. കഴിഞ്ഞ ആറേഴു മാസം മുമ്പാണ് അയാൾക്ക് സ്ട്രോക്ക് വന്ന് ശരീരം മുഴുവൻ തളർന്നുപോയത്.. കടയിൽ വന്നിരുന്ന അയാളുടെ കൂടെ കണ്ടിരുന്ന ആളുകൾ മുഖേനയാണ് ഞാൻ അത് അറിഞ്ഞത്.. അയാളുടെ അയൽവാസിയായ എന്റെ സുഹൃത്ത് പറഞ്ഞാണ് അയാളുടെ ഇപ്പോഴത്തെ നരകിയ അവസ്ഥ മനസ്സിലാക്കുന്നത്.. മക്കളൊക്കെ അടുത്ത് കൂടിയിട്ടുണ്ട്. അത്‌ അവർക്ക് അച്ഛനോടുള്ള സ്നേഹം കൊണ്ടായിരുന്നില്ല, മറിച്ച് തങ്ങൾ അറിഞ്ഞതും അറിയാത്തതുമായ അച്ഛന്റെ സമ്പാദ്യത്തിന് വേണ്ടിയാണ്.. തന്ത ഒന്ന് ചത്ത് കിട്ടിയിരുന്നെങ്കിൽ എന്ന് വെറുപ്പോടെ അയാളുടെ മക്കൾ പലരോടും പറയാറുണ്ട് എന്ന് എന്റെ സുഹൃത്ത് എന്നോട് പറഞ്ഞു.. വലിയ ഒരു വീട്ടിൽ അയാളും അയാളെ നോക്കാൻ മക്കൾ ഏൽപ്പിച്ച മധ്യവയസ്കയായ ഒരു സ്ത്രീയും.. ശരീരം ചലിപ്പിക്കാൻ കഴിയാത്തത് കൊണ്ടും , ശരിയായി ശ്രദ്ധിക്കാത്തത് കൊണ്ടും ശരീരത്തിന്റെ പല ഭാഗങ്ങളും പൊട്ടി നീരും ചലവും ഒലിക്കുന്നുണ്ട്.. പാലിയേറ്റീവ് കെയറിൽ നിന്ന് ഡോക്ടർമാരും നേഴ്സുമാരും വന്ന് പരിചരിക്കുമെങ്കിലും കൂടെ നിന്ന് സ്നേഹത്തോടെ പരിചരിക്കാൻ ആളില്ലാത്തതുകൊണ്ട് അയാൾ ഇപ്പോൾ നരക കയത്തിലാണ്.. ശരീരത്തിലെ മുറിവുകളും മറ്റും കാരണം വേദനകൊണ്ട് അയാൾ അലറി വിളിക്കുന്നത് ചുറ്റുവട്ടത്തുള്ള എല്ലാ വീട്ടുകാർക്കും കേൾക്കാമായിരുന്നു..(കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽ പ്പികം)Sidhique Patta..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com