LOCAL NEWS

പണമിടപാടുകള്‍ നടത്തുമ്പോള്‍ സ്ത്രീകള്‍ അതീവ ജാഗ്രത കാണിക്കണം: വനിതാ കമ്മീഷന്‍

കോഴിക്കോട്:സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പണമിടപാടുകള്‍ നടത്തുമ്പോള്‍ സ്ത്രീകള്‍ അതീവ ജാഗ്രത കാണിക്കണമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ അഡ്വ പി സതീദേവി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സ്ത്രീകള്‍ വളരെയേറെ ചൂഷണത്തിന് വിധേയരാകുന്നതായി അവര്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ആവശ്യമായ രേഖകള്‍ പോലും ഇല്ലാതെ സാമ്പത്തിക ഇടപാടുകളില്‍ പണം നഷ്ടമാകുമ്പോള്‍ സ്ത്രീകള്‍ അതിനു പരിഹാരം കാണാനാകാതെ മാനസിക സംഘര്‍ഷത്തിന്  ഇരകളാവുന്നതായി കമ്മീഷന് മുന്‍പാകെ വരുന്ന പരാതികളില്‍ നിന്നും മനസ്സിലാക്കാനായതായി കമ്മീഷന്‍ അധ്യക്ഷ നിരീക്ഷിച്ചു.

കമ്മീഷന്‍ മുന്‍പാകെ വരുന്ന ഗാര്‍ഹിക ചുറ്റുപാടുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണം വര്‍ധിക്കുന്നു. ഭാര്യാ ഭര്‍ത്താക്കള്‍ തമ്മിലുള്ള കലഹത്തില്‍ കുട്ടികള്‍ വലിയതോതില്‍ മാനസിക സംഘര്‍ഷത്തിനു ഇരകളാകുന്നു. കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കാതെ വാശിയേറിയ കലഹങ്ങള്‍ കുടുംബാന്തരീക്ഷം വളരെയേറെ സങ്കീര്‍ണ്ണമാക്കുന്ന  അവസ്ഥയാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം, സ്ത്രീകള്‍ക്ക് നിയമപ്രകാരം ലഭിക്കേണ്ട സ്വത്തവകാശം സഹോദരങ്ങള്‍ അടക്കമുള്ള ബന്ധുക്കള്‍ നിഷേധിക്കുന്ന സംഭവങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളും കമ്മീഷനു മുന്‍പാകെ എത്തിയതായി അവര്‍ പറഞ്ഞു.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍  വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പരാതി പരിഹാരത്തിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ഇന്റേണല്‍ കമ്മിറ്റികള്‍ വളരെ ഫലപ്രദമായി പരാതികള്‍ കൈകാര്യം ചെയ്യണമെന്ന് കമ്മീഷന്‍ പറഞ്ഞു.

വിദ്യാസമ്പന്നമായ നാടാണെങ്കിലും തെറ്റായ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരില്‍ സ്ത്രീകള്‍ക്കെതിരായ   ചൂഷണങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും അവര്‍ പറഞ്ഞു. അന്ധവിശ്വാസങ്ങളുടെ മറവില്‍ നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരായ ശക്തമായ ബോധവല്‍ക്കരണം ആവശ്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

സിറ്റിംഗില്‍ ആകെ പരിഗണിച്ച 65 പരാതികളില്‍ 11 പരാതികള്‍ തീര്‍പ്പാക്കി. ഏഴ് പരാതികളില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. 46 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. അമ്മയ്ക്കും കുട്ടിക്കും കൗണ്‍സിലിങ് ആവശ്യമായ ഒരു കേസ്  ചേളന്നൂരിലെ ഐ സി ഡി എസ് ഓഫീസിലേക്ക് കൈമാറി. മൂന്ന് പുതിയ പരാതികള്‍ ലഭിച്ചു.

സിറ്റിംഗില്‍ വനിത കമ്മിഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ, കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, അഭിഭാഷകരായ റീന, ജിഷ, കൗണ്‍സലര്‍മാരായ സബിന, അവിന എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com