LOCAL NEWS

ഫ്രഷ്‌കട്ട് മാലിന്യപ്രശ്നത്തിൽ ഇരകളോട് കാണിക്കുന്നത് കടുത്ത അനീതി -പി.കെ. ഫിറോസ്

താമരശ്ശേരി : കട്ടിപ്പാറ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് എന്ന സ്വകാര്യ കോഴിയറവുമാലിന്യ സംസ്കരണകേന്ദ്രത്തിന്റെ മാലിന്യപ്രശ്നത്തിന് ഇരകളാവുന്ന പ്രദേശവാസികളോട് സംസ്ഥാനസർക്കാർ കാണിക്കുന്നത് കടുത്ത അനീതിയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. നാലുപഞ്ചായത്തുകളിലായി താമസിക്കുന്ന ആയിരങ്ങൾ ശുദ്ധവായുവിനും ജലത്തിനും വേണ്ടി തെരുവിലിറങ്ങുന്ന സാഹചര്യത്തിലും പ്ലാന്റിനെയും ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സ്വകാര്യ കോഴിയറവുമാലിന്യ സംസ്കരണകേന്ദ്രം പൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇരുതുള്ളിപ്പുഴ സംരക്ഷണ ജനകീയസമരസമിതി അമ്പലമുക്കിൽ നടത്തിവരുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് ഓമശ്ശേരി പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി നടത്തിയ നൈറ്റ് മാർച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

വി.കെ. ഇമ്പിച്ചിമോയി അധ്യക്ഷനായി. കെ.കെ. അബ്ദുള്ളക്കുട്ടി, പി.വി. സ്വാദിഖ്, സൂപ്പർ അഹമ്മദ് കുട്ടി ഹാജി, റഫീഖ് കൂടത്തായ്, യൂനുസ് അമ്പലക്കണ്ടി, സൈനുദ്ധീൻ, പി.പി. കുഞ്ഞമ്മദ്, എ.കെ. അസീസ്, പുഷ്പൻ നന്ദൻസ്, കെ.കെ. മുജീബ് എന്നിവർ സംസാരിച്ചു. കൂടത്തായി അങ്ങാടിയിൽനിന്നാരംഭിച്ച നൈറ്റ് മാർച്ചിന് ടി.എൻ. അബ്ദുൽ റസാഖ്, മുനവ്വർ സാദത്ത്, പി.വി. മുഹമ്മദ് സാദിക്ക്, സക്കീർ, സൈനുദ്ദീൻ, ജീലാനി, എ.കെ. അഷ്റഫ്, സഹദ്, ഷാഹിദ്, റഷീദ് എന്നിവർ നേതൃത്വം നൽകി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com