News

ആശുപത്രിമേഖലയിൽ കൂടുതൽ സഹകരണ ഇടപെടൽ വേണം -മുഖ്യമന്ത്രി

കോഴിക്കോട് : സാധാരണക്കാർക്ക് ആശ്രയമാകുംവിധത്തിൽ ആശുപത്രിമേഖലയിൽ സഹകരണമേഖലയുടെ സാധ്യതകൾക്കനുസരിച്ച് കൂടുതൽ ഇടപെടൽ ഉണ്ടാവേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ജില്ലാ സഹകരണ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗത്തിനുള്ള പ്രത്യേകബ്ലോക്കായ ‘ജനനി’ നാടിനുസമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുജനാരോഗ്യമേഖലയിൽ ഫലപ്രദമായി ഇടപെടാൻ സഹകരണമേഖലയ്ക്ക് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. താങ്ങാനാവാത്ത ചികിത്സച്ചെലവിൽ നട്ടംതിരിയുന്ന സാധാരണക്കാർക്ക് സർക്കാർ ആശുപത്രികളുടെ അടുത്തപടിയായി നിൽക്കാനാവണം. സഹകരണമേഖലയെക്കുറിച്ച് നല്ല വിശ്വാസമാണ് ജനങ്ങൾക്കുള്ളത്.

രോഗികളെ ലാഭമുണ്ടാക്കാനുള്ള വസ്തുക്കളായി കാണാതെ സർക്കാർ മേഖല കഴിഞ്ഞാൽ ആശ്രയിക്കാവുന്ന സംവിധാനമാണതെന്നതിനാലാണ് ഈ വിശ്വാസം ആർജിക്കാനായത് -പിണറായി വിജയൻ പറഞ്ഞു.ഓഡിയോളജി ആൻഡ് സ്പീച്ച് തെറാപ്പിവിഭാഗം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

ആശുപത്രി ചെയർമാൻ പ്രൊഫ. പി.ടി. അബ്ദുൾ ലത്തീഫ് അധ്യക്ഷനായി.തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ., ആശുപത്രി വൈസ് ചെയർപേഴ്‌സൺ കെ.കെ. ലതിക, സി.ഇ.ഒ. എ.വി. സന്തോഷ് കുമാർ, സി.പി.എം. ജില്ലാസെക്രട്ടറി പി. മോഹനൻ, കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ്, കോർപ്പറേഷൻ സ്ഥിരംസമിതി അധ്യക്ഷ സി. രേഖ, ജോയന്റ് രജിസ്ട്രാർ ബി. സുധ, പി.കെ. നാസർ, മനയത്ത് ചന്ദ്രൻ, എം.കെ. ശശി, ഡോ. അരുൺ ശിവശങ്കർ, എ.കെ. രമേശ് ബാബു എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com