LOCAL NEWSMUKKAM

പോലീസുകാരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവംഉമ്മയും മകനും റിമാൻഡിൽ

മുക്കം : കാർ മോഷണക്കേസിൽ പ്രതിയായ മകനെ പിടികൂടാനെത്തിയ പോലീസുകാരെ കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഉമ്മയെയും മകനെയും റിമാൻഡുചെയ്തു.

നെല്ലിക്കാപ്പറമ്പ് തടത്തിൽ കോളനിക്കുസമീപം അയനിക്കുന്നുമ്മൽ അർഷാദ് (28), ഉമ്മയായ കദീജ (56) എന്നിവരെയാണ് താമരശ്ശേരി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) റിമാൻഡുചെയ്തത്.

അർഷാദിനെ കോഴിക്കോട് ജില്ലാ ജയിലിലേക്കും കദീജയെ മാനന്തവാടി വനിതാജയിലിലേക്കും കൊണ്ടുപോയി. വ്യാഴാഴ്ച വൈകീട്ട് മുന്നേകാലോടെ കാരശ്ശേരി വലിയപറമ്പിലാണ് സംഭവം.

വയനാട് എസ്‍പിയുടെ സ്പെഷ്യൽ സ്ക്വാഡിലെ സിപിഒമാരായ ഷാലു, നൗഫൽ എന്നിവർക്കാണ് വെട്ടേറ്റത്. കാർ മോഷണക്കേസിൽ പ്രതിയായ അർഷാദിനെ പിടികൂടാനെത്തിയ പോലീസുകാരെ കദീജ കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

ബുധനാഴ്ച എംഡിഎംഎയുമായി തിരുവമ്പാടി പോലീസ് പിടികൂടിയ അഫ്സലിന്റെ സഹോദരനാണ് അർഷാദ്. അഫ്സലും കോഴിക്കോട് ജയിലിൽ റിമാൻഡിലാണ്.

വീട്ടിൽവന്നതുകൊണ്ടാണ് വെട്ടിയത് -കദീജ

മുന്നറിയിപ്പൊന്നും നൽകാതെ വീട്ടിൽവന്ന് മകനെ പിടികൂടാൻശ്രമിച്ചതുകൊണ്ടാണ് പോലീസുകാരെ കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചതെന്ന് അർഷാദിന്റെ ഉമ്മ കദീജ. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മകനെ രക്ഷിക്കാൻ ശ്രമിക്കുകമാത്രമാണ് ചെയ്തത്.

അറസ്റ്റുചെയ്ത് ആരോഗ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് പോലീസുകാരോട് ഇവർ തന്റെ ‘നിരപരാധിത്വവാദം’ അവതരിപ്പിച്ചത്. മറ്റൊരു മോഷണക്കേസിൽ അർഷാദിന്റെ ബന്ധം സംശയിച്ച് തിരുവമ്പാടി പോലീസ് കഴിഞ്ഞദിവസം ഇയാളുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com