
തിരുവമ്പാടി: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ 11-ാ മത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് പ്രീ ഇവന്റുകളിലൂടെ വലിയ പ്രചാരണം നടത്തണമെന്ന് കലക്ടർ സ്നേഹിൽ കുമാർ സിങ് പറഞ്ഞു. കോടഞ്ചേരിയിൽ നടന്ന മലബാർ റിവർ ഫെസ്റ്റ് സബ് കമ്മിറ്റി രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. ജൂലൈ 24, 25, 26, 27 തീയതികളിൽ ഇരുവഞ്ഞി പുഴയിലും ചാലിപ്പുഴയിലും ചക്കിട്ടപാറ മീൻതുള്ളിപ്പാറ കുറ്റ്യാടി പുഴയിലും നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ സുഗമമായ നടത്തിപ്പിന് 13 സബ് കമ്മിറ്റികൾ രൂപീകരിച്ചു.
ജില്ലയിലെ 8 പഞ്ചായത്തുകളിലും മുക്കം മുൻസിപ്പാലിറ്റിയിലും വ്യത്യസ്ത തരത്തിലുള്ള സാഹസിക കായിക മത്സരങ്ങൾ സംഘടിപ്പിക്കും. മഴ നടത്തം, നീന്തൽ മത്സരം, മഡ് ഫുട്ബോൾ, ഫാം ടൂറിസം യാത്രകൾ, കൈറ്റ് ഫെസ്റ്റ്, കബഡി, ഷട്ടിൽ, വോളിബോൾ, സൈക്കിൾ സവാരി, ട്രെക്കിങ്, ഓഫ്റോഡ് ഡ്രൈവ്, ഫൺ ഡ്രൈവ്, കയാക്കിങ് ലൈവ് ചിത്രരചന എന്നിവ വിവിധ പഞ്ചായത്തുകളിൽ നടത്തും. ജൂലൈ 20 ന് അകം മുഴുവൻ പ്രീ ഇവന്റുകളും പൂർത്തിയാക്കും.
ജൂലൈ 24ന് ഇന്ത്യൻ നാഷനൽസിന് വേണ്ടിയുള്ള ദേശീയ കയാക്കിങ് സ്ലാലം സിലക്ഷനും ട്രയൽസും നടക്കും.
മുക്കം നഗരസഭാധ്യക്ഷൻ പി. ടി.ബാബു, പഞ്ചായത്ത് പ്രസിഡന്റുമാരായ ആദർശ് ജോസഫ്, ബിന്ദു ജോൺസൺ, കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസ്, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ്, ടുറിസം ജോയിന്റ് ഡയറക്ടർ ഗിരീഷ് കുമാർ തുടങ്ങിയ വരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വിവിധ വകുപ്പു തല ഉദ്യോഗസ്ഥരും പങ്കെടു ത്തു.



