LOCAL NEWS

തിരുവമ്പാടി യുടെ കാർഷിക പെരുമക്ക് വീണ്ടും പുരസ്കാരത്തിളക്കം

തിരുവമ്പാടി:കൃഷി കൊമ്പൻമാരുടെ ആസ്ഥാനമായ തിരുവമ്പാടിയുടെ കാർഷിക പെരുമക്ക് വീണ്ടും സംസ്ഥാന തല പുരസ്കാരങ്ങളുടെ തിളക്കം. ഈ വർഷത്തെ വൈഗ എക്സിബിഷന്റെ ഭാഗമായി സംഘടിപ്പിച്ച കാർഷിക വിളകളുടെ മത്സരത്തിൽ രണ്ട് ഇനങ്ങളിലാണ് തിരുവമ്പാടി പഞ്ചായത്തിലെ കർഷകർ വിജയികളായത്. 

കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യവർദ്ധനവ്, സംസ്കരണം, വിപണനം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന  ലക്ഷ്യത്തോടെ കേരള കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര കാർഷിക പ്രദർശനവും ശിൽപ്പശാലയുമാണ് വൈഗ. ഇതിനോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ നാളികേര കുല ഇനത്തിൽ ഡൊമിനിക് മണ്ണൂക്കുശുമ്പിൽ ഒന്നാം സ്ഥാനവും വാഴക്കുല ഇനത്തിൽ ഫിലിപ്പ് പാമ്പാറ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

കേരകേസരി, കർഷകോത്തമ അവാർഡുകളും ഇന്ത്യയിലെ മികച്ച നാളികേര കർഷകനുള്ള അവാർഡും നേടിയിട്ടുള്ള ഡൊമിനിക് മണ്ണൂക്കുശുമ്പിൽ നാളികേര കൃഷി രംഗത്തെ ആധികാരിക ശബ്ദമാണ്. ഫാം ടൂറിസം രംഗത്തും സജീവമായ ഡൊമിനിക് ഈ വർഷത്തെ സംസ്ഥാന കാർഷിക അവാർഡ് നിർണയ കമ്മിറ്റി അംഗവും ആയിരുന്നു.

ഇപ്പോൾ സജീവ രാഷ്ട്രീയത്തിൽ നിന്നും പിൻമാറി കാർഷിക രംഗത്ത് പൂർണ്ണമായും സജീവമായിരിക്കുന്ന മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കൂടിയായ ഫിലിപ്പ് പാമ്പാറയുടെ സ്വർണമുഖി ഇനത്തിൽപ്പെട്ട ഏത്ത വാഴക്കുലയാണ് സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ വാഴക്കുലക്കുള്ള പുരസ്കാരം അദ്ദേഹത്തിന് നേടിക്കൊടുത്തത്. 

പുരസ്കാര തിളക്കത്തിൽ നിൽക്കുമ്പോഴും വാഴപ്പഴത്തിന് നേരിടുന്ന വില തകർച്ചയിൽ നട്ടം തിരിയുകയാണ് അവാർഡ് ജേതാവ് അടക്കമുള്ള കർഷകർ. വാഴക്കയുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും സംസ്കരിച്ച് സംഭരിക്കാനുമായി തിരുവമ്പാടി കൃഷി ഓഫീസർ മുഹമ്മദ് ഫാസിലിൻ്റെ നേതൃത്വത്തിൽ വിവിധ മാർഗ്ഗങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് കർഷക സമൂഹം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com