
കോഴിക്കോട്:വളർത്തുനായകൾക്ക് ലൈസൻസ് വാങ്ങാൻ ഉടമകൾക്ക് മടി. മൃഗസംരക്ഷണ വകുപ്പ് സർവേ പ്രകാരം കോർപറേഷൻ പരിധിയിൽ 1300 വളർത്തുനായ്‌ക്കളുണ്ട്. ലൈസൻസ് 400 നായകൾക്ക് മാത്രം. പേ വിഷബാധയ്‌ക്കെതിരായ കുത്തിവയ്‌പ് ഉറപ്പാക്കാനും തെരുവിൽ ഉപേക്ഷിക്കുന്നത് തടയാനും കഴിഞ്ഞ വർഷം മുതലാണ് കോർപറേഷൻ ലൈസൻസ് നിർബന്ധമാക്കിയത്. ലൈസൻസ് എടുക്കാത്തവരെ കണ്ടെത്താൻ കർശന പരിശോധനയും നിയമനടപടികളും ആരംഭിക്കാനുള്ള നീക്കത്തിലാണ് കോർപറേഷൻ. വരും ദിവസങ്ങളിൽ ആരോഗ്യവിഭാഗം പരിശോധന നടത്തും. ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയാൽ പിഴ ഉൾപ്പെടെയുള്ള നടപടികളുണ്ടാവും.
കഴിഞ്ഞ ഏപ്രിൽ മുതലാണ് ലൈസൻസ് നിർബന്ധമാക്കിയത്. വാക്‌സിനേഷൻ ഉറപ്പാക്കിയശേഷമാണ് ലൈസൻസ് നൽകുക. നായകളുടെ ചെവിയിൽ ഒരു ചിപ്പും ഘടിപ്പിക്കും. പലയിടങ്ങളിലും വളർത്തുനായകളെ തെരുവിൽ ഉപേക്ഷിക്കുന്ന അവസ്ഥയുണ്ട്. ഉടമകളെ കണ്ടെത്തി നടപടിയെടുക്കാനും ചിപ്പ് ഘടിപ്പിക്കുക വഴി സാധിക്കും. കോർപറേഷന്റെ വെബ്‌സൈറ്റിൽനിന്നോ ഓഫീസിലെ കുടുംബശ്രീ സിയോസ്‌കിൽനിന്നോ അപേക്ഷാഫോറം ലഭിക്കും. തുടർന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ വീട്ടിൽ വന്ന് പരിശോധിച്ചശേഷമാണ് ലൈസൻസ് നൽകുക.



