
കോഴിക്കോട് : ഗുണ്ടകൾക്കെതിരേ ജില്ലയിൽ കർശന നടപടിയുമായി പോലീസ്. രണ്ടുപേർക്കെതിരേ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ഒട്ടേറെ കേസുകളിൽ പ്രതിയായ കുന്ദമംഗലം പെരിങ്ങൊളം സ്വദേശി ഷിജു എന്ന ടിങ്കു (32), കുറ്റിക്കാട്ടൂർ സ്വദേശി ബുഷർ ജംഹർ (29) എന്നിവരെയാണ് മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബെന്നി ലാലുവിന്റെ നേതൃത്വത്തിൽ കുന്ദമംഗലം സബ് ഇൻസ്പെക്ടർ അഷ്റഫും നടക്കാവ് സബ് ഇൻസ്പെക്ടർ കൈലാസ് നാഥും സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പ് (കാവൽ) ചേർന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി എ. അക്ബറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടറാണ് ഇവർക്കെതിരേ കാപ്പ ചുമത്താനുള്ള ഉത്തരവ് ഇറക്കിയത്. സിറ്റി സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി. എ. ഉമേഷിന്റെ നേതൃത്വത്തിൽ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഷിജു വധശ്രമം, കവർച്ച, ലഹരിക്കടത്ത് എന്നിവയടക്കം നാൽപ്പതോളം കേസുകളിൽ പ്രതിയാണ്. കൂടാതെ ആറുമാസംമുമ്പ് ഇയാളും കൂട്ടാളികളും ചേർന്ന് പോലീസുക്കാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഈ കേസിൽ ഈയിടെയാണ് ടിങ്കു ജാമ്യത്തിലിറങ്ങിയത്.
മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ബുഷർ അടിപിടി, കൊലപാതകശ്രമം, രാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയ കേസുകളിലെ പ്രതിയാണ്. ജില്ലയിലെ ഗുണ്ടകൾക്കും സമൂഹവിരുദ്ധർക്കുമെതിരേ ശക്തമായ നടപടികൾ വരും ദിവസങ്ങളിലും തുടരുമെന്നും ഗുണ്ടകളുടെ നീക്കങ്ങൾ കാവൽ സ്ക്വാഡ് പ്രത്യേകം നിരീക്ഷിക്കുമെന്നും ഡെപ്യൂട്ടി കമ്മിഷണർ അമോസ് മാമൻ അറിയിച്ചു.



