
മുക്കം:സംസ്ഥാനതലപ്രവൃത്തിപരിചയമേളയിൽ പോട്ടറിപെയിന്റിംഗ് മത്സരത്തിന് ഒന്നാം സ്ഥാനം നേടി നീലേശ്വരം ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ പ്ലസ്‌ടു വിദ്യാർത്ഥിനി തീർത്ഥ. എസ് നാടിനും വിദ്യാലയത്തിനും അഭിമാനമാവുന്നു. കോഴിക്കോട് റവന്യൂ ജില്ലയിൽ ലഭിച്ച രണ്ടാംസ്ഥാനവുമായാണ് തീർത്ഥ പാലക്കാട് സംസ്ഥാനതലമത്സരത്തിൽ പങ്കെടുക്കുന്നത് എന്നതുകൊണ്ടുതന്നെ ഈ വിജയത്തിന് ഇരട്ടിമധുരമാണ്. കുട്ടിക്കാലം മുതലേ വരയുടെയും നൃത്തത്തിന്റെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചു വരുന്ന ഈ മിടുക്കി സംസ്ഥാന ദേശീയതലങ്ങളിലെ വിവിധ മത്സരങ്ങളിൽ വിജയിയാണ്. വരാനിരിക്കുന്ന കോഴിക്കോട് റവന്യൂജില്ലാകലാമേളയിൽ ഭരതനാട്യം, കേരളനടനം, ഓട്ടൻതുള്ളൽ എന്നീ ഇനങ്ങളിൽ മത്സരിക്കാനുള്ള തീവ്രപരിശീലനത്തിനിടയിലാണ് ഈ വിജയം കരുത്ത് പകരുന്നത്. ദേശീയ ഇന്റർസ്‌കൂൾ പെയിന്റിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം, പഞ്ചപ്രാൺ പോസ്റ്റർരചനാമത്സരത്തിൽ ഒന്നാം സ്ഥാനം, നാഷണൽ യൂത്ത് കൗൺസിൽ സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്നീ മൂന്ന് ദേശീയഅവാർഡുകളും നിരവധി സംസ്ഥാനതലപുരസ്കാരങ്ങളും ഇക്കാലത്തിനിടയിൽ തീർത്ഥ സ്വന്തമാക്കിയിട്ടുണ്ട്. താമരശ്ശേരി സ്വദേശിയും പി. എസ്.സി പരിശീലകനുമായ പി. വിജേഷിന്റെയും സ്‌കൂൾ അധ്യാപിക ഷബ്നയുടെയും മകളാണ് തീർത്ഥ. ഏകസഹോദരിയായ പുണ്യ കലാമേഖലയിൽ പിൻഗാമിയാണ്.



