
കോടഞ്ചേരി: ഓഗസ്റ്റ് നാല്, അഞ്ച്, ആറ് തീയതികളിൽ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ ഒമ്പതാമത് അന്തർദേശീയ വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പ് കോടഞ്ചേരിയിൽ. പഞ്ചായത്തിലെ ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും ആണ് അന്താരാഷ്ട്ര കയാക്കിംഗ് മത്സരങ്ങൾ നടക്കുന്നത്.
മത്സരങ്ങളിൽ പങ്കെടുക്കുന്ന കയാക്കിംഗ് താരങ്ങൾ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും പരിശീലനം ആരംഭിച്ചു. വിവിധ വിഭാഗം മത്സരങ്ങളിലായി പത്ത് ലക്ഷം രൂപയാണ് സമ്മാനമായി നൽകുന്നത്.മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി ഓഫ് റോഡ് ഡ്രൈവിംഗ്, സൈക്ലിംഗ്, കക്കാടംപൊയിലിലും തുഷാരഗിരിയിലും മഴ നടത്തം, ട്രായതാലോൺ, ക്രോസ് കൺട്രി, ഓമശേരിയിൽ വച്ച് നടക്കുന്ന മഡ് ഫുട്ബോൾ തുടങ്ങിയ മത്സരങ്ങളും ഉണ്ടായിരിക്കും.ഡൽഹി, കർണാടക, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള കയാക്കിംഗ് താരങ്ങളും കേരള താരങ്ങളുമാണ് ഇപ്പോൾ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്.വിദേശത്തുനിന്നുള്ള മത്സരാർഥികളും വൈകാതെ കോടഞ്ചേരിയിൽ എത്തിച്ചേരും



