വന്യജീവി ആക്രമണ നഷ്ടപരിഹാരം 100% വർധിപ്പിക്കും: മന്ത്രി ഷിബു ബേബി ജോൺ
വന്യജീവി സംഘർഷം ലഘൂകരിക്കാൻ ബഹുതല പ്രതിരോധ സംവിധാനങ്ങൾ; 55 മുൻഗണനാ പഞ്ചായത്തുകളിൽ പ്രത്യേക പദ്ധതി

തിരുവമ്പാടി: വന്യജീവി ആക്രമണത്തിൽ ജീവഹാനിയും കൃഷിനാശവും സംഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാരത്തുക 100 ശതമാനം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. കൃഷി വകുപ്പുമായി സഹകരിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ചർച്ച് പാരിഷ് ഹാളിൽ സംഘടിപ്പിച്ച ‘കർഷക സുരക്ഷ – വന്യജീവി സംഘർഷ ലഘൂകരണം’ സംസ്ഥാനതല കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വന്യജീവി സംഘർഷം വനം വകുപ്പിന്റെ മാത്രം ഉത്തരവാദിത്തമായി കാണാതെ കൃഷി, റവന്യൂ വകുപ്പുകളുടെ സംയോജിത ഇടപെടലിലൂടെ പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. തദ്ദേശീയമായ അനുഭവങ്ങളും ആധുനിക സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തി കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കും. ചടങ്ങിൽ കൃഷി മന്ത്രി ടി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു.
വന്യജീവികൾ മൂലമുണ്ടാകുന്ന കാർഷിക നാശനഷ്ടങ്ങൾക്കുള്ള ധനസഹായ വിതരണത്തിലെ കാലതാമസം ഒഴിവാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുമായും കൃഷി, ധനകാര്യ മന്ത്രിമാരുമായും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരത്തുക ഇരട്ടിയാക്കാൻ തീരുമാനിച്ചത്.
ഇതനുസരിച്ച് കുരങ്ങ് ഉൾപ്പെടെയുള്ള വന്യജീവികൾ നശിപ്പിക്കുന്ന ഒരു തേങ്ങയ്ക്ക് 15 രൂപയും കൊക്കോ കൃഷിനാശത്തിന് ഒരു തടത്തിന് 30 രൂപയും നഷ്ടപരിഹാരം നൽകും.
ഇക്കോ സെൻസിറ്റീവ് സോൺ, ഇ.എഫ്.എൽ നടപടികളുടെ പേരിൽ അർഹമായ നഷ്ടപരിഹാരം നൽകാതെ ഭൂമി ഏറ്റെടുക്കുന്ന രീതി അനുവദിക്കില്ലെന്നും തറവില നിശ്ചയിച്ച് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് തടഞ്ഞുനിർത്തൽ (Containment), ആഘാതം കുറയ്ക്കൽ (Mitigation), അർഹമായ നഷ്ടപരിഹാരം (Compensation) എന്നീ മൂന്ന് തന്ത്രങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി തീവ്ര വന്യജീവി സംഘർഷ മേഖലകളും 55 മുൻഗണനാ പഞ്ചായത്തുകളും കണ്ടെത്തി ബഹുതല പ്രതിരോധ സംവിധാനങ്ങൾ ഒരുക്കും. വനമേഖലയോട് ചേർന്ന് താമസിക്കുന്ന കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കുന്നതിനായി ഇക്കോ ടൂറിസവുമായി ബന്ധപ്പെടുത്തി ഹോംസ്റ്റേ, ബാക്ക്‌പാക്കിങ് പദ്ധതികളുടെ പൈലറ്റ് സംരംഭവും ഉടൻ ആരംഭിക്കും.
വന്യമൃഗങ്ങൾ നശിപ്പിക്കാൻ സാധ്യത കുറഞ്ഞ കാർഷിക വിളകളുടെ കൃഷിയും വിപണന സൗകര്യങ്ങളും പ്രോത്സാഹിപ്പിക്കും. ഉയർന്ന കുർക്കുമിൻ അടങ്ങിയ മഞ്ഞൾ കൃഷി ഇതിന്റെ ഭാഗമായി പരിഗണിക്കുന്നുണ്ട്.
സി.കെ. കാസിം, വി.ടി. സൂരജ്, വിദ്യ ബാലകൃഷ്ണൻ, പി.കെ. ഫിറോസ്, കെ.എം. അഭിജിത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് തുടങ്ങിയ ജനപ്രതിനിധികളും വനം, കൃഷി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും കോൺക്ലേവിൽ പങ്കെടുത്തു.
‘കർഷക സുരക്ഷയ്ക്കായുള്ള സർക്കാർ സംരംഭങ്ങൾ – കേരളത്തിലെ വന്യജീവി സംഘർഷ പരിപാലനം’ എന്ന വിഷയത്തിൽ വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുകഴേന്തി ക്ലാസ് നയിച്ചതോടെ സാങ്കേതിക സെഷൻ ആരംഭിച്ചു. വിവിധ സാങ്കേതിക മേഖലകളിലെ വിദഗ്ധരും വിഷയാവതരണങ്ങൾ നടത്തി.



