
കോഴിക്കോട്: ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മടവൂര്‍ സി.എം മഖാം ശരീഫ് 36-ാം ഉറൂസ് മുബാറക്ക് 2026 മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ വരെ (ശവ്വാല്‍ 4 – 13) വൈവിധ്യമാര്‍ന്ന പരിപാടികളോടെ അതിവിപുലമായി സി.എം മഖാം അങ്കണത്തില്‍ വെച്ച് നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ശവ്വാല്‍ 4 ന് രാവിലെ 9.30 ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മഖാം സിയാറത്തിന് നേതൃത്വം നല്‍കും. 10.00 മണിക്ക് സി.എം മഖാം കമ്മറ്റി പ്രസിഡന്റ് സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കൊടി ഉയര്‍ത്തല്‍ കര്‍മം നിര്‍വഹിക്കും. തുടര്‍ന്ന് ഓത്തിടല്‍ ചടങ്ങിന് സയ്യിദ് അത്വാഉള്ള തങ്ങള്‍ മഞ്ചേശ്വരം, സയ്യിദ് ബാപ്പു തങ്ങള്‍ തീണ്ടക്കാട്, ഒളവണ്ണ അബൂബക്കര്‍ ദാരിമി നേതൃത്വം നല്‍കും. തുടര്‍ന്ന് മാര്‍ച്ച് 25 ന് രാത്രി 7 മണിക്ക് മൗലിദ് പാരായണം, 26 വ്യാഴം രാത്രി 7 മണിക്ക് സ്വലാത്ത് മജ്‌ലിസ്, 27 വെള്ളി രാത്രി 7 മണിക്ക് ബുര്‍ദ മജ്‌ലിസ്, 28 ശനി രാത്രി 7 മണിക്ക് അനുസ്മരണ സമ്മേളനം എന്നിവ നടക്കും. 29 ന് ഞായര്‍ രാത്രി 7 മണിക്ക് സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലിയുടെ നേതൃത്വത്തില്‍ മജ്‌ലിസുന്നൂര്‍, 30 ന് തിങ്കള്‍ രാത്രി 7 മണിക്ക് ബഷീര്‍ ഫൈസി ദേശമംഗലം നയിക്കുന്ന ഇഷ്ഖ് മജ്‌ലിസ് എന്നിവ നടക്കും.
മാര്‍ച്ച് 31 ന് ചൊവ്വ രാത്രി 7 മണിക്ക് സി.എം മഖാം ജാമിഅ അശ്അരിയ്യ ഇസ്‌ലാമിക് & ആര്‍ട്‌സ് കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ യുവ പണ്ഡിതര്‍ക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ സനദ് നല്‍കും. ചടങ്ങില്‍ ഡോ. അബ്ദുറഹിമാന്‍ ഫൈസി അരിപ്ര സനദ് ദാന പ്രഭാഷണം നടത്തും. എം.കെ രാഘവന്‍ എം.പി, എം.കെ മുനീര്‍ എം.എല്‍.എ, ഓണംപിള്ളി മുഹമ്മദ് ഫൈസി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. എ.എം നൗഷാദ് ബാഖവി ചിറയിന്‍കീഴ് മുഖ്യ പ്രഭാഷണം നടത്തും.
ഉറൂസ് മുബാറക്കിന്റെ ഭാഗമായി ആയിരങ്ങള്‍ സംബസിക്കുന്ന ദിക്‌റ് ദുആ സമ്മേളനം ഏപ്രില്‍ 1 ന് ബുധന്‍ വൈകിട്ട് 7 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മഖാം കമ്മറ്റി പ്രസിഡന്റ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ അധ്യക്ഷത വഹിക്കും. സമസ്ത ജനറല്‍ സെക്രട്ടറി പ്രാഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ മുഖ്യാതിഥിയാകും. ട്രഷറര്‍ കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. സയ്യിദ് നാസര്‍അലി ശിഹാബ് തങ്ങള്‍ പാണക്കാട്, ഉമര്‍ മുസ്ല്യാര്‍ കിഴിശ്ശേരി, ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, സഫ്‌വാന്‍ തങ്ങള്‍ ഏഴിമല , സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, സമസ്ത മുശാവറ അംഗങ്ങളായ നെല്ലായ കുഞ്ഞഹമ്മദ് മുസ്ലിയാര്‍, ത്വാഖ അഹമ്മദ് മുസ്ലിയാര്‍, മൂസക്കോയ മുസ്‌ലിയാര്‍ വയനാട് തുടങ്ങിയ കേരളത്തിനകത്തും പുറത്തുമുള്ള സയ്യിദന്‍മാരും, പണ്ഡിതന്‍മാരും സംബന്ധിക്കും. ഏപ്രില്‍ 2 വ്യാഴം രാവിലെ 6 മുതല്‍ വൈകിട്ട് 4 വരെ നടക്കുന്ന അന്നദാനത്തോടെ പത്ത് ദിവസങ്ങളിലായി തുടര്‍ന്ന് വരുന്ന പരിപാടികള്‍ക്ക് സമാപനമാകും.
വാര്‍ത്താ സമ്മേളനത്തില്‍ യു. ശറഫുദ്ദീന്‍ മാസ്റ്റര്‍,മൂത്താട്ട് അബ്ദുറഹിമാന്‍ മാസ്റ്റര്‍, വി.സി റിയാസ്ഖാന്‍, ഫൈസല്‍ ഫൈസി മടവൂര്‍,ഹാരിസ് അശ്അരി, ഷമീർ കെ.പി സംബന്ധിച്ചു.



