LOCAL NEWSMUKKAMNews

മെഗാ’ പതാകയുമായി മുക്കത്തെ അർജന്റീന ആരാധകർ.

മുക്കം : ലോകകപ്പ് ഫുട്ബോൾ ആവേശം രാജ്യത്താകമാനം നിറഞ്ഞുനിൽക്കുമ്പോൾ, പരിസ്ഥിതി സൗഹൃദ സന്ദേശവുമായി ശ്രദ്ധ നേടുകയാണ് മുക്കത്തെ അർജന്റീന ആരാധകർ. പ്ലാസ്റ്റിക് ഫ്ലക്സ് ബോർഡുകളും കൂറ്റൻ കട്ടൗട്ടുകളും നിറയുന്ന കാലത്ത്, പൂർണമായും തുണിയിൽ നിർമ്മിച്ച ഭീമൻ അർജന്റീന പതാകയാണ് ഇവർ ഒരുക്കിയത്.അരീക്കോട്–മുക്കം റോഡിലെ പാലത്തിന് സമീപം, പ്രകൃതി ഭംഗി നിറഞ്ഞ ഇരുവഴിഞ്ഞി പുഴയ്ക്ക് കുറുകെയായി ഉയർത്തിയിരിക്കുന്ന ഈ പതാക പ്രദേശത്തിന്റെ പുതിയ ആകർഷണമായി മാറിയിരിക്കുകയാണ്.

ഏകദേശം 60 മീറ്റർ നീളവും 6 മീറ്റർ വീതിയുമുള്ള പതാക അർജന്റീനയുടെ ഏറ്റവും വലിയ തുണി പതാകകളിലൊന്നായി കണക്കാക്കപ്പെടുന്നു.ഫുട്ബോൾ ആരാധകരായ മനു മുക്കവും റഫീഖ് തോട്ടുമുക്കവും ചേർന്നാണ് പരിസ്ഥിതിക്ക് ദോഷം വരുത്താത്ത ഒരു വ്യത്യസ്ത ആഘോഷ മാതൃക എന്ന ആശയം മുന്നോട്ടുവെച്ചത്.

പ്ലാസ്റ്റിക് ഫ്ലക്സുകൾക്ക് പകരം തുണിയിൽ മെഗാ പതാക ഒരുക്കുക എന്ന ഇവരുടെ നിർദേശം നാട്ടുകാരുടെ വലിയ പിന്തുണ നേടി.ഇതിനിടെ, മുക്കത്തെ ദിയ ഗോൾഡ് പദ്ധതിയുടെ മുഴുവൻ സാമ്പത്തിക ചെലവും ഏറ്റെടുത്ത് സ്പോൺസർഷിപ്പ് നൽകുകയായിരുന്നു. ഇതോടെ ആരാധകരുടെ സ്വപ്ന പദ്ധതിക്ക് യാഥാർഥ്യ രൂപം ലഭിച്ചു.പതാക നിർമ്മാണത്തിനായി പ്രത്യേക തുണി തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നിന്നാണ് എത്തിച്ചത്.

തുടർന്ന് പ്രാദേശിക പ്രവർത്തകരുടെ നേതൃത്വത്തിൽ പതാക തുന്നിച്ചേർത്തു. പതാകയുടെ മധ്യഭാഗത്ത് അർജന്റീനയുടെ ഔദ്യോഗിക സൂര്യമുദ്ര (എംബ്ലം) ഒരു കലാകാരൻ ഏകദേശം മൂന്ന് മണിക്കൂർ ചെലവഴിച്ച് കൈകൊണ്ട് വരച്ചുചേർത്തതും പ്രത്യേകതയായി.നിരവധി മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് വലിയൊരു സംഘം ആരാധകർ ചേർന്ന് പതാക പുഴയ്ക്ക് കുറുകെ സുരക്ഷിതമായി സ്ഥാപിച്ചത്. പാലത്തിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരുടെയും നാട്ടുകാരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന ഈ ദൃശ്യം ഇപ്പോൾ മുക്കത്തിന്റെ അഭിമാന കാഴ്ചയായി മാറിയിരിക്കുകയാണ്.

പതാക കാണാനും ചിത്രങ്ങൾ പകർത്താനുമായി നിരവധി ആളുകളാണ് ദിവസേന മുക്കം പാലത്തിലെത്തുന്നത്. സോഷ്യൽ മീഡിയയിലും ഈ അപൂർവ സംരംഭം വ്യാപക ശ്രദ്ധ നേടുന്നുണ്ട്. വിവിധ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും വാർത്താ മാധ്യമങ്ങളും ഇതിനോടകം തന്നെ ഈ പരിസ്ഥിതി സൗഹൃദ ആഘോഷ മാതൃക റിപ്പോർട്ട് ചെയ്യാൻ മുക്കത്തെത്തിയിട്ടുണ്ട്.ഫുട്ബോൾ ആവേശവും പരിസ്ഥിതി സംരക്ഷണ സന്ദേശവും ഒരുമിപ്പിച്ച മുക്കത്തെ അർജന്റീന ആരാധകരുടെ ഈ സംരംഭം കായിക പ്രേമികൾക്കിടയിലും പൊതുസമൂഹത്തിലും വലിയ അഭിനന്ദനമാണ് നേടുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com