കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനാചരണം; Talentia 3.0 വിജയികളെ ആദരിച്ചു.

കോടഞ്ചേരി▪️ കണ്ണോത്ത് ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ ബോധവൽക്കരണ പരിപാടികളും പ്രതിജ്ഞാ ചടങ്ങും സംഘടിപ്പിച്ചു. അതേ ചടങ്ങിൽ Talentia 3.0 സ്കൂൾതല വിജയികളെ ആദരിക്കുകയും ചെയ്തു.ഹെഡ്മാസ്റ്റർ ജിജി എം. തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ അധ്യാപകൻ നൗഫൽ ടി.എം ലഹരിയുടെ ദൂഷ്യഫലങ്ങളും ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യവും കുട്ടികൾക്ക് വിശദീകരിച്ചു.
ലഹരി ഉപയോഗം വ്യക്തി, കുടുംബം, സമൂഹം എന്നിവയുടെ തകർച്ചയ്ക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.യോഗത്തിനുശേഷം വിദ്യാർത്ഥികളും അധ്യാപകരും ഒന്നിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. “ഞാൻ ലഹരി ഉപയോഗിക്കില്ല, ഉപയോഗിക്കുന്നവരെ അതിൽ നിന്ന് പിന്തിരിപ്പിക്കും” എന്നതായിരുന്നു പ്രതിജ്ഞ.ലഹരി വിരുദ്ധ സന്ദേശം കൂടുതൽ എത്തിക്കാൻ വരും ദിവസങ്ങളിൽ ക്ലാസ്തല പോസ്റ്റർ രചന, പ്ലക്കാർഡ് നിർമ്മാണ മത്സരങ്ങൾ നടത്തുമെന്ന് സ്കൂൾ അറിയിച്ചു. വ്യക്തിത്വ വികസന ക്ലബ്ബും സോഷ്യൽ സയൻസ് ക്ലബ്ബുമാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.ചടങ്ങിൽ Talentia 3.0 സ്കൂൾതല വിജയികൾക്ക് ഹെഡ്മാസ്റ്റർ ട്രോഫി സമ്മാനിച്ചു.



