ലഹരിക്കെതിരെ സാമൂഹ്യ പ്രതിജ്ഞയുമായി കേരള മദ്യനിരോധന സമിതി; ‘ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യം 2026’ സംഘടിപ്പിച്ചു

തിരുവമ്പാടി: ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് കേരള മദ്യനിരോധന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ സാമൂഹ്യ പ്രതിജ്ഞയും ‘ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യം 2026’ പരിപാടിയും സംഘടിപ്പിച്ചു.തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ആർ. അജിത പരിപാടി ഉദ്ഘാടനം ചെയ്തു. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ ഒന്നിച്ചണിനിരക്കേണ്ടതിന്റെ ആവശ്യകത അവർ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.കേരള മദ്യനിരോധന സമിതി ജില്ലാ പ്രസിഡന്റ് നടുക്കണ്ടി അബൂബക്കർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എ. പി. മുരളീധരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ലഹരി വിപത്തിനെതിരെയുള്ള ബോധവൽക്കരണവും പ്രതിരോധവും ശക്തമാക്കാൻ ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ചടങ്ങിൽ സംസ്ഥാന ഭാരവാഹികളായ അബ്ദുൽ റഷീദ് ഖാസിമി, എ. കെ. മുഹമ്മദ്, കൊഴഞ്ചേരി ദാമോദരൻ എന്നിവരും ജില്ലാ ഭാരവാഹികളായ കൊയിലാട്ട് ബഷീർ, എ. കെ. സിദ്ദിഖ്, ഒ. സി. മുഹമ്മദ് മാസ്റ്റർ, ഇ. കെ. മായിൻ മാസ്റ്റർ, ടി. പി. റഷീദ്, പി. കെ. അബ്ദുള്ള എന്നിവരും സംസാരിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. ചൂലൻ കുട്ടി, ഹസീന കൂടരഞ്ഞി തുടങ്ങിയവരും പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. ലഹരിമുക്ത സമൂഹത്തിനായി ഒന്നിച്ച് പ്രവർത്തിക്കുമെന്ന പ്രതിജ്ഞയോടെയാണ് പരിപാടി സമാപിച്ചത്.



