LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കോഴിക്കോട് ജില്ലയിലെ ഏക ടിബി മുക്ത നഗരസഭയായി മുക്കം പുരസ്കാരം സ്വന്തമാക്കി.

മുക്കം: കോഴിക്കോട് ജില്ലയിലെ നഗരസഭകളിൽ ഏക ടിബി മുക്ത നഗരസഭയായി മുക്കം നഗരസഭ തിരഞ്ഞെടുക്കപ്പെട്ടു. ടിബി നിർമ്മാർജ്ജന രംഗത്ത് മുക്കം നഗരസഭയും മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രവും (സി.എച്ച്.സി) സംയുക്തമായി നടത്തിയ മാതൃകാപരമായ ക്യാമ്പയിൻ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് 2025-26 വർഷത്തെ ഈ ഉന്നത പുരസ്കാരം നഗരസഭയെ തേടിയെത്തിയത്.

ജില്ലയിലെ നഗരസഭകളുടെ വിഭാഗത്തിൽ മുക്കം മാത്രമാണ് നേട്ടത്തിന് അർഹത നേടിയത്.മലാപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്ര പരിശീലന ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹനിൽ നിന്ന് മുക്കം നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാഷിദ് കുന്നത്ത് അവാർഡ് ഏറ്റുവാങ്ങി.

ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ. ഇ.കെ. രൂപ, ടി.ബി യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ. ആർ. രഞ്ജു, ഹെൽത്ത് സൂപ്പർവൈസർ സിജു കെ. നായർ, സീനിയർ ട്രീറ്റ്മെന്റ് സൂപ്പർവൈസർ എം.ടി. ശശി, എസ്.ടി.എൽ.എസ് വി. നീതു തുടങ്ങിയവർ പങ്കെടുത്തു.നഗരസഭയും ആരോഗ്യവകുപ്പും ഒത്തൊരുമിച്ച് താഴെത്തട്ടിൽ നടത്തിയ ബോധവൽക്കരണം, നിരന്തരമായ സ്ക്രീനിംഗ് ക്യാമ്പുകൾ, കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയാണ് മുക്കത്തെ ഈ ചരിത്രനേട്ടത്തിലേക്ക് നയിച്ചത്.

രോഗലക്ഷണങ്ങൾ ഉള്ളവരെ മുൻകൂട്ടി കണ്ടെത്താനും അവർക്ക് കൃത്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കാനും ക്യാമ്പയിനിലൂടെ സാധിച്ചു.ഈ വലിയ നേട്ടം നഗരസഭയിലെ ആരോഗ്യപ്രവർത്തകർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ആശാ വർക്കർമാർ എന്നിവരുടെ അശ്രാന്തപരിശ്രമത്തിന്റെയും ജനപ്രതിനിധികളുടെ കൃത്യമായ ആസൂത്രണത്തിന്റെയും ഫലമാണ്. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങളോട് പൂർണ്ണമായി സഹകരിച്ച മുക്കത്തെ പൊതുജനങ്ങളുടെ ഉയർന്ന ആരോഗ്യബോധവും പങ്കാളിത്തവും ഈ പോരാട്ടത്തിൽ നിർണ്ണായകമായി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com