പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നാളെ; തിരുവമ്പാടിയിൽ ഒരുക്കങ്ങൾ പൂർത്തിയായി.

തിരുവമ്പാടി : പോളിയോ നിർമ്മാർജനം ലക്ഷ്യമിട്ട് രാജ്യത്തുടനീളം നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ക്രമീകരണങ്ങൾ തിരുവമ്പാടിയിൽ പൂർത്തിയായതായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ടും മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയയും അറിയിച്ചു.
അഞ്ചു വയസിന് താഴെയുളള 1616 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകുന്നതിനായി ഗ്രാമപഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിലായി 33 ബൂത്തുകൾ ക്രമീകരിച്ചിട്ടുണ്ട്. തിരുവമ്പാടി ബസ്സ്റ്റാൻ്റിൽ ട്രാൻസിറ്റ് ബൂത്തും സജ്ജീകരിച്ചിട്ടുണ്ട്. അഞ്ചു വയസ്സിന് താഴെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഓരോ ഡോസ് പോളിയോ തുള്ളിമരുന്ന് ഉറപ്പുവരുത്താന്‍ എല്ലാ മാതാപിതാക്കളും രക്ഷാകര്‍ത്താക്കളും ശ്രദ്ധിക്കണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം തിരുവമ്പാടി ബസ്സ്സ്റ്റാൻ്റിലെ ഓപ്പൺ സ്റ്റേജിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിതിൻ പല്ലാട്ട് നിര്‍വ്വഹിക്കും. തുള്ളിമരുന്ന് നല്‍കാന്‍ 66 പരിശീലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കും. സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യകേന്ദ്രങ്ങള്‍, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്വകാര്യ ആശുപത്രികള്‍, വായനശാലകള്‍, സ്കൂളുകള്‍ എന്നിവയുള്‍പ്പെടെ ജനങ്ങള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലങ്ങളിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.



