പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കണം: തിരുവമ്പാടി മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി

മുക്കം: തിരുവമ്പാടി മണ്ഡലത്തിൽ ഹയർ സെക്കൻഡറി പ്രവേശനവുമായി ബന്ധപ്പെട്ട് രൂക്ഷമായ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് നിവേദനം നൽകി. മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ ലഭ്യമായ സീറ്റുകളേക്കാൾ നിരവധി വിദ്യാർഥികളാണ് പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ളത്. ഇതുമൂലം നിരവധി വിദ്യാർഥികൾക്ക് സമീപ പ്രദേശങ്ങളിലെ സ്കൂളുകളിൽ പോലും പ്രവേശനം ലഭിക്കാത്ത സാഹചര്യം നിലനിൽക്കുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി മണ്ഡലത്തിലെ ആവശ്യകതയുള്ള ഹയർ സെക്കൻഡറി സ്കൂളുകളിൽ അധിക ബാച്ചുകൾ അനുവദിക്കുകയും വിദ്യാർഥികൾക്ക് സ്വന്തം പ്രദേശത്ത് തന്നെ ഉപരിപഠനത്തിന് അവസരം ഉറപ്പാക്കുകയും ചെയ്യണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ദൂരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുന്നത് പഠനം തുടരുന്നതിന് പ്രയാസമുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതായും നിവേദനത്തിൽ വ്യക്തമാക്കി. തിരുവമ്പാടി മണ്ഡലത്തിലെ വിദ്യാർഥികളുടെ പഠനാവകാശം സംരക്ഷിക്കുന്നതിനും എല്ലാ യോഗ്യത നേടിയ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുന്നതിനുമായി സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടു. മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റും എംഎൽഎയുമായ സി.കെ. കാസിമും മണ്ഡലം ജനറൽ സെക്രട്ടറി പി.ജി. മുഹമ്മദും ചേർന്നാണ് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം കൈമാറിയത്



