പാചകത്തൊഴിലാളികളുടെ ശമ്പള കുടിശ്ശിക; നാല് ദിവസത്തിനകം വിതരണം ചെയ്യുമെന്ന് മന്ത്രി.

മുക്കം: പൊതുവിദ്യാലയങ്ങളിലെ പാചക തൊഴിലാളികൾക്ക് ആശ്വാസമായി തിരുവമ്പാടി എം എൽ എ സി.കെ കാസിമിൻ്റെ ഇടപെടൽ.അധ്യയന വർഷം തുടങ്ങി രണ്ട് മാസമായിട്ടും ഇവർ വേതനം ലഭിച്ചില്ലെന്ന പരാതി ഉയർന്നിരുന്നു.കഴിഞ്ഞ ദിവസം പന്നിക്കോട് എയുപി സ്കൂളിൽ പ്രഭാത ഭക്ഷണ പദ്ധതി ഉദ്ഘാടനത്തിനെത്തിയ സി.കെ കാസിം എംഎൽഎ യോട് സ്കൂളിലെ പാചക തൊഴിലാളിയായ മാലിനി വിഷയം നേരിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് എംഎൽഎ മുക്കം എ ഇ ഒ യുമായി സംസാരിച്ച് കാര്യങ്ങൾ പഠിക്കുകയും തുടർന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്യുകയായിരുന്നു. ഇതോടെയാണ് മന്ത്രി എൻ ശംസുദ്ധീൻ 4 ദിവസത്തിനകം പ്രശ്നത്തിന് പരിഹാരം കാണുമെന്ന ഉറപ്പ് നൽകിയത്.വിഷയത്തിൽ മറ്റ് വിവിധ സംഘടനകളും ഇടപെടൽ നടത്തുകയും മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തിരുന്നു.കേരളത്തിലെ13000 ൽപരം പാചക തൊഴിലാളികൾക്ക് വേനലവധിക്ക് 2,000 രൂപയുടെ അലവൻസ് മാത്രമാണ് ലഭിച്ചത്.രണ്ട് മാസത്തെ ശമ്പളം കുടിശ്ശികയായി കിടക്കുകയാണ്. പുതിയ സർക്കാർ അധികാര മേറ്റതിന് പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ച 1,000 രൂപ അലവൻസ് ഉൾപ്പെടെയാണ് നൽകുകയെന്ന് മന്ത്രി പറഞ്ഞു.ശമ്പളം ലഭിക്കാതെ തൊഴിലാളികൾ കടുത്ത ദുരിതത്തിലായതിന് പിന്നാലെ സംഘടനകൾ സമര പ്രഖ്യാപനവുമായി രംഗത്തെത്തിയിരുന്നു. 500 കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളിയെന്ന കർശന മാനദണ്ഡം കാരണം അമിത ജോലിഭാരം പേറുന്നവരാണ് അധികവും.സഹായിയെ വെച്ചാൽ അവർക്കുള്ള വേതനം കൈയിൽ നിന്ന് നൽകണം. ശമ്പളം കിട്ടാതെ വന്നതോടെ അവർക്കും പണം നൽകാനാകുന്നില്ല. 65 വയസ്സ് കഴിഞ്ഞ തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യവും, പെൻഷനും ഓണ ബോണസായി 20 ദിവസത്തെ വേതനവും ആഗസ്റ്റിലെ മുൻകുർ ശമ്പളവും നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും തൊഴിലാളി സം ഘടനകൾ ഉന്നയിക്കുന്നുണ്ട്.



