മലയോര കർഷക പ്രക്ഷോഭ ജാഥയ്ക്ക് പുല്ലൂരാംപാറയിൽ ഉജ്ജ്വല സമാപനം; പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ മലയോര ഹർത്താൽ ഉൾപ്പെടെയുള്ള സമരങ്ങളിലേക്ക്.

തിരുവമ്പാടി: പരിസ്ഥിതി ലോല പ്രദേശങ്ങളിൽ (ESA) നിന്ന് ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പൂർണമായും ഒഴിവാക്കുക, രൂക്ഷമായ വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തി കേരള കർഷക സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലയോര കർഷക പ്രക്ഷോഭ ജാഥ പുല്ലൂരാംപാറയിൽ വൻ കർഷക മുന്നേറ്റത്തോടെ സമാപിച്ചു.
ജില്ലയിലെ 10 ESA വില്ലേജ് കേന്ദ്രങ്ങളിലൂടെ പര്യടനം നടത്തിയ ജാഥയ്ക്ക് തിരുവമ്പാടി മണ്ഡലത്തിൽപ്പെട്ട ഈങ്ങപ്പുഴ, കണ്ണോത്ത്, നെല്ലിപ്പൊയിൽ, പുല്ലൂരാംപാറ എന്നീ കേന്ദ്രങ്ങളിൽ ഉജ്ജ്വല സ്വീകരണമാണ് ജനങ്ങൾ നൽകിയത്. മലയോര മേഖല നേരിടുന്ന ഗുരുതര പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമായില്ലെങ്കിൽ വരും നാളുകളിൽ മലയോര ഹർത്താൽ ഉൾപ്പെടെയുള്ള ശക്തമായ സമര മാർഗ്ഗങ്ങൾ ഏറ്റെടുക്കുമെന്ന് സമാപന സമ്മേളനത്തിൽ ജാഥ മുന്നറിയിപ്പ് നൽകി.
പുല്ലൂരാംപാറയിൽ നടന്ന സമാപന സമ്മേളനത്തിൽ ജോസ് മാത്യു അധ്യക്ഷത വഹിച്ചു. ബെന്നി ആനക്കാംപൊയിൽ സ്വാഗതം ആശംസിച്ചു. ജാഥാ ലീഡർ ബാബു പറശ്ശേരി, വൈസ് ലീഡർ ലിന്റോ ജോസഫ് എം.എൽ.എ, രാധാകൃഷ്ണൻ മാസ്റ്റർ, മോഹൻദാസ് മാസ്റ്റർ, കെ.പി. ചന്ദ്രി, സി.എൻ. പുരുഷോത്തമൻ, ജമീഷ് ഇളംതുരുത്തി, കെ.ഡി. ആന്റണി, സി. ഗണേഷ് ബാബു എന്നിവർ സംസാരിച്ചു. സാജു ഇ.കെ. ചടങ്ങിന് നന്ദി രേഖപ്പെടുത്തി.



