മഴയെ തോൽപ്പിച്ച് കണ്ണൂരിൽ നിന്നും കാർഷിക പഠന യാത്രക്കായി ജംബോ സംഘം.

കോടഞ്ചേരി :കോഴിക്കോട് അഗ്രോ ഫാം ടൂറിസം (കാഫ്റ്റ്) ന്റെ ഭാഗമായ ഇരവഞ്ഞിവാലി ഫാം ടൂറിസം സർക്യൂട്ടിൽ പുതുമയും ആകർഷകത്വവുമുള്ള നിരവധി പുതിയ ഫാം ടൂറിസം സ്പോട്ടുകൾ കൂട്ടിച്ചേർത്ത് വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കോടഞ്ചേരി കുമ്പിളുങ്ങിൽ സണ്ണി മാസ്റ്ററുടെ ഉടമസ്ഥതയിലുള്ള ഏഡൻ ഗാർഡൻ, കണ്ണോത്ത് സ്ഥാപിച്ചിരിക്കുന്ന തുഷാര ഹണി പ്രോസസ്സിംഗ് യൂണിറ്റ്, നെല്ലിപ്പൊയിലിൽ വികാസിന്റെ ഉടമസ്ഥതയിലുള്ള വിങ്സ് ലാൻഡ് എക്സോട്ടിക് പാർക്ക് തുടങ്ങിയവ കാർഷിക പഠന സംഘങ്ങളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. കണ്ണൂർ ബ്ലോക്കിലെ കണ്ണൂർ, പള്ളിക്കുന്ന് കൃഷിഭവനുകളിൽ നിന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ ദിൽഷ ചന്ദ്രൻ (കൃഷി ഓഫീസർ), ഹരീഷ് കെ, അനീഷ കുമാരി കെ വി, ധന്യ പി വി, ജോൺ എസ്, ഷിംന എന്നിവരുടെ നേതൃത്വത്തിൽ എൺപത്തി രണ്ട് അംഗ സംഘമാണ് കഴിഞ്ഞ ദിവസം പഠന യാത്രക്കായി എത്തിയത്. തിരുവമ്പാടി കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ, കാഫ്റ്റ് കോ ഓർഡിനേറ്ററും ഇരവഞ്ഞിവാലി ടൂറിസം സൊസൈറ്റി പ്രസിഡണ്ടുമായ അജു എമ്മാനുവൽ തുടങ്ങിയവർ ചേർന്ന് പഠന സംഘത്തെ സ്വീകരിക്കുകയും ആവശ്യമായ സഹായ സഹകരണങ്ങൾ നൽകുകയും ചെയ്തു.



