KERALA NEWS

വ്യാജ ഹോസ്പിറ്റൽ ആപ്പുകൾ വഴി ഓൺലൈൻ തട്ടിപ്പ്: മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: പ്രമുഖ ആശുപത്രികളുടെ ഒ.പി അപ്പോയിന്റ്മെന്റുകൾക്കും കോൺടാക്റ്റ് വിവരങ്ങൾക്കുമായി ഗൂഗിളിൽ തിരയുന്നവരെ ലക്ഷ്യമിട്ട് വ്യാജ എ.പി.കെ (APK) ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി.
ഗൂഗിൾ സെർച്ചിൽ കാണുന്ന വ്യാജ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുമ്പോൾ, ആശുപത്രി ജീവനക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പുകാർ വാട്സ്ആപ്പ് വഴി “ഹോസ്പിറ്റൽ അപ്പോയ്ന്റ്മെന്റ് ബുക്കിംഗ്” എന്ന പേരിലോ സമാനമായോ ഉള്ള വ്യാജ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ (APK) ഫയലുകൾ അയച്ചു നൽകുകയാണ് ചെയ്യുന്നത്. ഇത് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഉപയോക്താവിന്റെ ഫോൺ പൂർണ്ണമായും തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാവുകയും രഹസ്യവിവരങ്ങൾ, ഒ.ടി.പി, യു.പി.ഐ സേവനങ്ങൾ എന്നിവ ചോർന്ന് അനധികൃതമായി പണം നഷ്ടപ്പെടുകയും ചെയ്യുന്നു.
ഫോണിലുള്ള ഫോൺ പേ, ഗൂഗിൾ പേ തുടങ്ങിയ യു.പി.ഐ ആപ്പുകൾ ദുരുപയോഗം ചെയ്യപ്പെടാനും ഉപയോക്താവ് അറിയാതെ മറ്റ് പേയ്മെന്റ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടാനും സാധ്യതയുണ്ട്. പ്രത്യേകിച്ച് യു.പി.ഐ ലൈറ്റ് (UPI Lite) സജീവമാക്കിയിട്ടുള്ള ഫോണുകളിൽ, നിശ്ചിത പരിധിക്കുള്ളിലുള്ള തുകകളുടെ കൈമാറ്റത്തിന് പിൻ നമ്പറോ ഒ.ടി.പിയോ ആവശ്യമായി വരാറില്ല. അതിനാൽ 1,000 രൂപയിൽ താഴെയുള്ള ചെറിയ തുകകൾ തുടർച്ചയായി അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ചെറിയ തുകയാണെന്ന് കരുതി അവഗണിക്കരുതെന്നും പോലീസ് വ്യക്തമാക്കുന്നു.

സുരക്ഷിതരായിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ഗൂഗിൾ സെർച്ചിൽ കാണുന്ന ഫോൺ നമ്പറുകൾ സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ വെരിഫൈഡ് സോഷ്യൽ മീഡിയ പേജുകൾ വഴിയോ മാത്രം ഉറപ്പുവരുത്തുക.
അപ്പോയിന്റ്മെന്റ് ബുക്കിംഗ്, കെ.വൈ.സി പുതുക്കൽ, റീഫണ്ട് തുടങ്ങിയ ആവശ്യങ്ങൾക്കായി വാട്സ്ആപ്പ് വഴിയോ മറ്റ് മെസ്സേജുകൾ വഴിയോ ലഭിക്കുന്ന എ.പി.കെ (APK) ഫയലുകൾ യാതൊരു കാരണവശാലും ഇൻസ്റ്റാൾ ചെയ്യരുത്.
ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോർ പോലുള്ള ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്ന് മാത്രം ഡൗൺലോഡ് ചെയ്യുക.
അപരിചിതമായ ആപ്പുകൾക്ക് എസ്.എം.എസ്, നോട്ടിഫിക്കേഷൻസ്, കോൺടാക്റ്റ്സ്, ഫോൺ തുടങ്ങിയ അനുമതികൾ (Permissions) നൽകാതിരിക്കുക.
വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്തതായി സംശയം തോന്നിയാൽ ഉടൻ തന്നെ ഫോണിലെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ച്, ബന്ധപ്പെട്ട ബാങ്കുമായോ യു.പി.ഐ സർവീസ് പ്രൊവൈഡറുമായോ ബന്ധപ്പെട്ട് അക്കൗണ്ട് ബ്ലോക്ക് ചെയ്യുക.
സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒട്ടും സമയം കളയാതെ ആദ്യ മണിക്കൂറുകളിൽ തന്നെ 1930 എന്ന സൈബർ ഹെൽപ്പ്‌ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴിയോ പരാതി രജിസ്റ്റർ ചെയ്യേണ്ടതാണ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com