LOCAL NEWSNews

കോഴിക്കോട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ഓണാഘോഷം- കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പൂക്കള മത്സരം

ഓണാഘോഷത്തിന്റ ഭാഗമായി വിനോദസഞ്ചാര വകുപ്പും ഡി.ടി.പി.സിയും ചേര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പൂക്കള മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ അഞ്ചിന് കോഴിക്കോട് മാനാഞ്ചിറ ബി.ഇ.എം സ്‌കൂളില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് മത്സരം. രാവിലെ 8.30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും.ഒന്നാം സമ്മാനമായി 10,000 രൂപയും, രണ്ടാം സമ്മാനമായി 7500 രൂപയും, മൂന്നാം സമ്മാനമായി 5000 രൂപയും നല്‍കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 8078288013 എന്ന നമ്പറുമായോ onamdtpc22@gmail.com എന്ന ഇ മെയിലിലോ ബന്ധപ്പെടുക. ആദ്യം ലഭിക്കുന്ന 30 അപേക്ഷകളാണ് സ്വീകരിക്കുക.

മുക്കം നഗരസഭയില്‍ ഡിജിറ്റലായി പണം അടക്കാം

മുക്കം നഗരസഭയിലെ ഫ്രണ്ട് ഓഫീസ് പണമിടപാടുകള്‍ പൊതുജനങ്ങള്‍ക്ക് ഡിജിറ്റലായി നടത്താം. ഡെബിറ്റ് കാര്‍ഡ്, യു.പി.ഐ.ഡി(ഗൂഗിള്‍ പേ, ഫോണ്‍ പേ, മുതലായവ) തുടങ്ങിയ സംവിധാനങ്ങളിലൂടെ ഡിജിറ്റലായി പണമടക്കാനുളള സൗകര്യം നഗരസഭ ഏര്‍പ്പെടുത്തി. നഗരസഭയും ഐ.സി.ഐ.സി.ഐ ബാങ്കും സഹകരിച്ചാണ് ഡിജിറ്റല്‍ സൗകര്യം നഗരസഭയില്‍ ഏര്‍പ്പെടുത്തിയത്.നഗരസഭ ചെയര്‍മാന്‍ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ.പി ചന്ദ്‌നി അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ സത്യനാരായണന്‍, അബ്ദുള്‍ മജീദ് മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍- ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

വനം,വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയുടെ (ഉപജീവനത്തിനുവേണ്ടി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട പട്ടിക വര്‍ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം)(കാറ്റഗറി നം.92/2022,93/2022) ഒ.എം.ആര്‍ പരീക്ഷ സെപ്തംബര്‍ മൂന്നിന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ നിന്നും അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ജില്ലയില്‍ പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നത് സംബന്ധിച്ചുള്ള സംശയനിവാരണത്തിനായി പി.എസ്.സി ജില്ലാ ഓഫീസിലെ ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടാം. ഫോണ്‍- 0495 2371971.

അങ്കണവാടി വര്‍ക്കര്‍ ഒഴിവ്

കോഴിക്കോട് റൂറല്‍ ഐ.സി.ഡിഎസ് പ്രൊജക്ടിന്റെ പരിധിയിലെ ഒളവണ്ണ, കടലുണ്ടി പഞ്ചായത്തുകളിലും ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റി മേഖലകളിലും പ്രവര്‍ത്തിക്കുന്ന അങ്കണവാടികളിലെ വര്‍ക്കറുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ.്എസ്.എല്‍.സി പാസായവരും 2022 സെപ്തംബര്‍ ഒന്നിന് 18 നും 46 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 25. ഫോണ്‍-0495 2966305.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ എ.ഇ ആന്‍ഡ് ഐ എഞ്ചിനീയറിങ് വിഭാഗത്തിലെ ക്ലാസ് റൂം,എം.ടി ലാബ് എന്നിവിടങ്ങളില്‍ പ്രൊജക്ടര്‍ ഇന്‍സ്റ്റലേഷന്‍ ചെയ്യുന്നതിനു വേണ്ടി ക്വട്ടേഷനുകള്‍ ക്ഷണിച്ചു. സെപ്തംബര്‍ 13 ന് ഉച്ചയ്ക്ക് രണ്ടുമണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍- 0495 2383220.

പുനര്‍ലേലം

ഫറോക്ക് പോലീസ് സ്റ്റേഷന് സമീപത്തായി സ്ഥിതി ചെയ്യുന്ന 3 പഴയ ഡ്യൂപ്ലക്‌സ് ക്വാര്‍ട്ടേഴ്‌സുകള്‍ സെപ്തംബര്‍ 22 ന് പകല്‍ 11 മണിക്ക് ഫറോക്ക് പോലീസ് സ്റ്റേഷന്‍ പരിസരത്ത് വെച്ച് പുനര്‍ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നേരിട്ട് ഹാജരാകണം. ഫോണ്‍- 0495 2482230.

ഐ.ടി.ഐ പ്രവേശനം

ബേപ്പൂര്‍ ഗവ. ഐ.ടി.ഐ 2022 അധ്യയന വര്‍ഷത്തെ പ്രവേശനം സെപ്റ്റംബര്‍ രണ്ടിന് രാവിലെ 10 മണിയ്ക്ക് നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ലിസ്റ്റില്‍ പേരുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടിസി, നിശ്ചിത ഫീസ് സഹിതം രക്ഷിതാവിനോടൊപ്പം ബേപ്പൂര്‍ നടുവട്ടം ഈസ്റ്റിലുളള ഐ.ടി.ഐയില്‍ എത്തിച്ചേരണം.

വനിതാ ഇന്‍സ്ട്രക്ടര്‍ നിയമനം

ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2021-2022 വര്‍ഷം നടപ്പിലാക്കിയ ‘യെസ് അയാം’ പദ്ധതിയുടെ ഭാഗമായി കക്കോടി, നരിക്കുനി ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിക്കുന്ന പിങ്ക് ഫിറ്റ്നസ് സെന്ററിലേക്ക് (ജിം) താല്‍ക്കാലികമായി 2 വനിതാ ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. അതത് ഗ്രാമ പഞ്ചായത്തുകളില്‍ ഉളളവര്‍ക്ക് മുന്‍ഗണന. യോഗ്യത എം.പി.എഡ്/ബി.പി.എഡ്/ ഗവ. അംഗീകൃത ഫിറ്റ്നസ് ട്രെയിനര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് കഴിഞ്ഞവര്‍/ ആരോഗ്യവുമായി ബന്ധപ്പെട്ട് അംഗീകൃത യൂണിവേഴ്സിറ്റി തലത്തില്‍ ബിരുദ ബിരുദാനന്തര കോഴ്സുകള്‍ കഴിഞ്ഞവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. വയസ് 25-40. അപേക്ഷകള്‍ സെപ്റ്റംബര്‍ 5ന് 5 മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ്. ഫോണ്‍- 0495 2260272.

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഇംഹാന്‍സിലേക്ക് അസിസ്റ്റ്ന്റ് പ്രൊഫസര്‍ സൈകാട്രി തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ അപേക്ഷ office@imhans.ac.in എന്ന മെയിലേക്ക് അയക്കേണ്ടതാണ്. അവസാന തീയതി സെപ്തംബര്‍ 10ന് വൈകുന്നേരം അഞ്ചുമണി വരെ. ഫോണ്‍- 0495 2359352.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com