
കൂടരഞ്ഞി : നന്മയുടെ പാഠവുമായി വേറിട്ട രീതിയിൽ ഓണം ആഘോഷിച്ച് നീലേശ്വരം ഗവ. ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്എസ് വിദ്യാർത്ഥികൾ . ക്ലാസ്സ് മുറികൾക്കപ്പുറത്ത് വ്യത്യസ്ഥ സംസ്കാരങ്ങൾ പഠിക്കുന്നതിനുള്ള നാഷണൽ സർവ്വീസ് സ്കീമിന്റെ സാംസ്കാരിക വിനിമയം പദ്ധതി പ്രകാരമാണ് വിദ്യാർത്ഥികൾ കൂമ്പാറ മാങ്കുന്ന് കോളനിയിലെത്തിയത്.
സ്വന്തം ഓണക്കോടിക്കൊപ്പം ഒരു ഓണക്കോടി അധികം വാങ്ങി, പൂക്കളും കഴിക്കാനുള്ള ഭക്ഷണങ്ങളുമെല്ലാമായി കോളനിയിൽ എത്തിയ വിദ്യാർത്ഥികളും കോളനി നിവാസികളും നാട്ടുകാരും ചേർന്ന് പൂക്കളമൊരുക്കിയും കലാപരിപാടികൾ അവതരിപ്പിച്ചും ഭക്ഷണം കഴിച്ചും ഓണം ആഘോഷിച്ചു. ഊരിലെ വീടുകളിൽ സന്ദർശനം നടത്തി വിശേഷങ്ങൾ ചോദിച്ചറിഞ്ഞതും പഴയകാല കഥകൾ കേട്ടതും കുട്ടികൾക്ക് പുതിയ അനുഭവമായി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ഊര് മൂപ്പൻ വാസു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.എ അജാസ്, മുഹ്സിൻ , മാത്യു പാലക്കത്തടം, ഷരീഫ്, ഇസ്മായിൽ നമ്പൻകുന്നത്ത് , ഹിഷാം അറക്കൽ, നർഗ്ഗീസ്, ശാന്ത, അമ്പിളി , അശ്വതി, അനന്തു, അഷ്മിത, ദാനി അൽഫാസ് , സോനേഷ്, ശ്രീനിഥി തുടങ്ങിയവർ സംസാരിച്ചു.



