LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഇ എസ് എ പരിധി നിർണ്ണയം: മലയോര ജനതയുടെ ആശങ്കയകറ്റണമെന്ന് പെൻഷനേഴ്സ് യൂണിയൻ.

തിരുവമ്പാടി: കേരളത്തിലെ വിവിധ ജില്ലകളിലെ മലയോര കുടിയേറ്റ മേഖലയിലെ ലക്ഷക്കണക്കിന് ആളുകളുടെ നിലനിൽപ്പിനും അതിജീവനത്തിനും ഭീഷണിയാകുന്ന ഇ എസ് എ (പരിസ്ഥിതി ലോല പ്രദേശം) പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സത്വര നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് യോഗം ആഹ്വാനം ചെയ്തു.
പരിസ്ഥിതി ലോല പ്രദേശങ്ങൾ നിർണ്ണയിക്കുന്നതിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്നും ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഇ എസ് എ പരിധിയിൽ നിന്നും പൂർണ്ണമായി ഒഴിവാക്കി അന്തിമ വിജ്ഞാപനം ഇറക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വനവും മറ്റ് സംരക്ഷിത പ്രദേശങ്ങളും മാത്രം ഇ എസ് എ പരിധിയിൽ പെടുത്തി ബാക്കി മുഴുവൻ ജനവാസ മേഖലകളെയും ഒഴിവാക്കണമെന്ന ആവശ്യം കഴിഞ്ഞ 12 വർഷമായി ഉന്നയിച്ചിട്ടും, അടുത്തിടെ പുറത്തിറങ്ങിയ ഏഴാം കരട് വിജ്ഞാപനത്തിലും കാര്യമായ ഭേദഗതികളില്ലാതെ തനിയാവർത്തനമാകുന്നത് തികച്ചും ആശങ്കാജനകമാണെന്ന് യോഗം വിലയിരുത്തി.
യൂണിറ്റ് പ്രസിഡന്റ് എം.വി. ജോർജ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ടി.ടി. സദാനന്ദൻ യോഗം ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് സെക്രട്ടറി കെ.കെ. ഹരിദാസ്, ട്രഷറർ എം.എം. ജോസഫ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടി.ഒ. അബ്ദുറഹ്മാൻ, എം.ജെ. ജെയിംസ്, ജോർജ് ജോസഫ്, കെ.സി. ജോസഫ്, പി.ജെ. തങ്കച്ചൻ, കെ.എഫ്. ഇട്ടിയവിര, ആനി സഖറിയാസ്, മിനി അബ്രാഹം എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com