KERALA NEWS

ആറുമാസം റേഷൻ വാങ്ങാത്തവരുടെ കാർഡുകൾ നിർവീര്യമാക്കും; eKYC പൂർത്തിയാക്കിയില്ലെങ്കിൽ റദ്ദാക്കുമെന്ന് പൊതുവിതരണ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്മാർട്ട് പി.ഡി.എസ് (Smart PDS) പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി റേഷൻ കാർഡ് മാനദണ്ഡങ്ങളിൽ കർശന നിർദ്ദേശങ്ങളുമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്. തുടർച്ചയായി ആറുമാസമായി റേഷൻ വിഹിതം കൈപ്പറ്റാത്ത കാർഡുകൾ ‘സൈലൻ്റ് റേഷൻ കാർഡുകൾ’ (Silent Ration Cards) ആയി കണ്ടെത്തി നിർവീര്യമാക്കും.
ഡീആക്ടിവേറ്റ് ചെയ്ത കാർഡിലെ എല്ലാ ഗുണഭോക്താക്കളും മൂന്ന് മാസത്തിനകം eKYC പൂർത്തിയാക്കിയാൽ മാത്രമേ കാർഡ് വീണ്ടും ആക്ടിവേറ്റ് ചെയ്യുകയുള്ളൂ. നിശ്ചിത സമയപരിധിക്കുള്ളിൽ eKYC പൂർത്തിയാക്കാത്ത കാർഡുകൾ അസാധുവാക്കി പൊതുവിതരണ ഡാറ്റാബേസിൽ നിന്ന് പൂർണ്ണമായും നീക്കം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
കൂടാതെ, ഒന്നിലധികം റേഷൻ കാർഡുകളിൽ ഉൾപ്പെട്ടതായി കണ്ടെത്തുന്ന ഗുണഭോക്താക്കളും മൂന്ന് മാസത്തിനകം eKYC പൂർത്തിയാക്കി നിലനിർത്തേണ്ട കാർഡ് തിരഞ്ഞെടുക്കുകയും മറ്റ് കാർഡുകളിൽ നിന്ന് പേര് നീക്കം ചെയ്യുകയും വേണം. അല്ലാത്തപക്ഷം ഇവരുടെ വിവരങ്ങളും ഡാറ്റാബേസിൽ നിന്ന് നീക്കം ചെയ്യും.
റേഷൻ ആനുകൂല്യങ്ങൾ തടസ്സമില്ലാതെ തുടർന്നും ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു. പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതോടെ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഗുണഭോക്താക്കളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com