പ്രിയങ്കാ ഗാന്ധി തിരുവമ്പാടിയുടെ പെരുമ ഉയർത്തിയ വിദർശ കെ. വിനോദിന്റെ വീട്ടിൽ.

തിരുവമ്പാടി: ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ ഇരട്ട വെള്ളിമെഡൽ നേട്ടത്തിലൂടെ നാടിന് അഭിമാനമായി മാറിയ തിരുവമ്പാടി സ്വദേശിനി വിദർശ കെ. വിനോദിനെ അഭിനന്ദിക്കാൻ പ്രിയങ്കാ ഗാന്ധി എം.പി നേരിട്ടെത്തി. ടി. സിദ്ധീഖിനൊപ്പമാണ് പ്രിയങ്ക വിദർശയുടെ താമ്പലമണ്ണയിലെ വീട്ടിലെത്തിയത്.
വിദർശയുടെ മികച്ച കായിക നേട്ടം രാജ്യത്തിന്റെ യശസ്സ് വാനോളമുയർത്തിയെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. കുടുംബത്തിന് ഭാവിയിൽ എന്ത് ആവശ്യമുണ്ടെങ്കിലും തന്നെ ഏതുനിമിഷവും സമീപിക്കാമെന്നും അവർ ഉറപ്പുനൽകി.
നേട്ടത്തിൽ ആശംസകൾ അറിയിക്കാൻ ആർ.ജെ.ഡി. പ്രതിനിധിസംഘവും വീട്ടിലെത്തിയിരുന്നു. ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലിയുടെ നേതൃത്വത്തിൽ നടന്ന സന്ദർശനത്തിൽ സംസ്ഥാന ന്യൂനപക്ഷസെൽ ചെയർമാൻ പി.എം. തോമസ്, നിയോജകമണ്ഡലം പ്രസിഡന്റ് ടാർസൻ ജോസ് കോക്കാപ്പിള്ളിൽ, സുബൈർ അത്തൂളി, ജോജി ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.
മുക്കം നഗരസഭാധ്യക്ഷ കെ.പി. ചാന്ദിനിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും തദ്ദേശീയരും ചേർന്ന് ഉപഹാരം സമ്മാനിച്ചു. ചരിത്രനേട്ടം കൈവരിച്ച കായികതാരത്തെ നേരിൽ കാണാനും ആശംസകൾ നേരാനുമായി വിദർശയുടെ വീട്ടിലേക്ക് ആളുകളുടെ പ്രവാഹം തുടരുകയാണ്.



