LOCAL NEWS

കര്‍ഷക സുരക്ഷ-വന്യജീവി സംഘര്‍ഷ ലഘൂകരണം: സംസ്ഥാനതല കോണ്‍ക്ലേവ് നാളെ തിരുവമ്പാടിയിൽ



• വന്യജീവി ആക്രമണങ്ങള്‍ക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങള്‍ തേടി കര്‍ഷകരും വിദഗ്ധരും ഒരേ വേദിയില്‍

തിരുവമ്പാടി:കര്‍ഷക സുരക്ഷ ഉറപ്പാക്കുന്നതിനും വന്യജീവി ആക്രമണങ്ങള്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും കര്‍ഷക സുരക്ഷ-വന്യജീവി സംഘര്‍ഷ ലഘൂകരണ സംസ്ഥാനതല കോണ്‍ക്ലേവ് സെപ്റ്റംബര്‍ 29 ന് വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ തിരുവമ്പാടിയില്‍ ഉദ്ഘാടനം ചെയ്യും . തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് പാരിഷ് ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് കോണ്‍ക്ലേവ്.

കൃഷിമന്ത്രി ടി. സിദ്ദിഖ് അധ്യക്ഷത വഹിക്കും. റവന്യൂ മന്ത്രി എ.പി. അനില്‍കുമാര്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പങ്കെടുക്കും.

കൃഷിവകുപ്പ്,വനംവകുപ്പുമായി സഹകരിച്ചാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. കേരള കാര്‍ഷിക സര്‍വകലാശാല, അമൃത സര്‍വകലാശാല,വെറ്ററിനറി സര്‍വകലാശാല,ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് , വൈല്‍ഡ്ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരും അഗ്രി-ടെക് സ്റ്റാര്‍ട്ടപ്പുകളും വന്യജീവി ആക്രമണം നേരിടുന്ന കര്‍ഷകരും കോണ്‍ക്ലേവില്‍ പങ്കെടുക്കും.

വന്യജീവി ആക്രമണം തടയുന്നതിനും സംഘര്‍ഷ സാധ്യത കുറയ്ക്കുന്നതിനുമുള്ള വിവിധ ശാസ്ത്രീയ-സാങ്കേതിക പരിഹാരങ്ങള്‍ കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യും.ഇതിന്റെ ഭാഗമായി വിള അധിഷ്ഠിതം, വന്യജീവി അധിഷ്ഠിതം, പ്രദേശാധിഷ്ഠിതം എന്നിങ്ങനെ മൂന്ന് തലത്തിലുള്ള പ്രതിരോധ പദ്ധതികള്‍ ആവിഷ്‌കരിക്കും. ഓരോ പ്രദേശത്തിന്റെയും കൃഷിരീതി, വന്യജീവി സാന്നിധ്യം, ഭൂപ്രകൃതി തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചായിരിക്കും പ്രതിരോധ മാര്‍ഗങ്ങള്‍ രൂപപ്പെടുത്തുക. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡ്രോണ്‍, വിവിധ ഫെന്‍സിങ് മാതൃകകള്‍ തുടങ്ങിയ പ്രതിരോധ സംവിധാനങ്ങളുടെ സാധ്യതകളും പ്രായോഗികതയും പരിശോധിക്കും.

കര്‍ഷകരുടെ നേരിട്ടുള്ള അനുഭവങ്ങള്‍, ശാസ്ത്രീയ പഠനങ്ങള്‍, സാങ്കേതിക പരിഹാരങ്ങള്‍, സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ എന്നിവ സംയോജിപ്പിച്ച് പ്രദേശാധിഷ്ഠിതവും പ്രവര്‍ത്തനാധിഷ്ഠിതവുമായ നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുകയാണ് ലക്ഷ്യം. കോണ്‍ക്ലേവില്‍ രൂപപ്പെടുന്ന മികച്ച പ്രായോഗിക നിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ പൈലറ്റ് പദ്ധതികളായി ഉടന്‍ നടപ്പാക്കും. വന്യജീവി ആക്രമണം മൂലമുള്ള വിളനാശം, വിള ഇന്‍ഷുറന്‍സ് പരിരക്ഷ എന്നവയില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യും.

കര്‍ഷക സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി ശാസ്ത്രവും സാങ്കേതികവിദ്യയും പ്രാദേശിക അനുഭവങ്ങളും സമന്വയിപ്പിച്ച് വന്യജീവി ആക്രമണ പ്രതിരോധത്തിന് പ്രായോഗിക മാതൃകകള്‍ രൂപപ്പെടുത്തുന്നതിനുള്ള വേദിയാകും സംസ്ഥാനതല കോണ്‍ക്ലേവ്.

വാർത്ത സമ്മേളനത്തിൽ
സി.കെ കാസിം എം എൽ എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ജിതിൻ പല്ലാട്ട് , ബിജു താന്നിക്കാ കുഴി,  ജില്ലാ കൃഷി ഓഫീസർ അജയ് അലക്സ് , പി.ആർ അജിത എന്നിവർ സംബദ്ധിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com