LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

വിളനാശ നഷ്ടപരിഹാരത്തിന് ₹119 കോടിയും വിളനാശ ഇൻഷുറൻസിന് ₹6 കോടിയും.

വന്യജീവി ആക്രമണം ഉൾപ്പെടെയുള്ള കാരണങ്ങളാൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് കുടിശ്ശികയില്ലാതെ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനായി കാർഷികാഭിവൃദ്ധി ഫണ്ടിൽ നിന്ന് ₹119 കോടി അനുവദിച്ചതായി കൃഷിമന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.

വിളനാശ ഇൻഷുറൻസിനായി ₹6 കോടി അനുവദിക്കുന്നതിനുള്ള ഭരണാനുമതിയും നൽകിയതായി മന്ത്രി പറഞ്ഞു. തിരുവമ്പാടിയിൽ നടന്ന ‘കർഷക സുരക്ഷ – വന്യജീവി സംഘർഷ ലഘൂകരണം’ സംസ്ഥാനതല കോൺക്ലേവിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്യജീവി ആക്രമണം മൂലമുള്ള ജീവഹാനിക്കും കൃഷിനാശത്തിനുമുള്ള നഷ്ടപരിഹാര തുകയിൽ 100 ശതമാനം വർധനവ് വരുത്തുമെന്നും മന്ത്രി അറിയിച്ചു. നഷ്ടപരിഹാരവും ഇൻഷുറൻസ് തുകയും വേഗത്തിൽ കർഷകരിലെത്തിക്കുന്നതിനായി നടപടിക്രമങ്ങൾ ലളിതമാക്കും.

ആന, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ വന്യജീവികൾ മൂലം കൃഷിനാശം രൂക്ഷമായ പ്രദേശങ്ങളിൽ AI, IoT, ഡ്രോൺ, ഹൈടെക് ഫാമിങ്, പ്രിസിഷൻ ഫാമിങ് തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ശാസ്ത്രീയ പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കും. പുതിയ സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക സഹായവും നൽകും.

വന്യജീവി സംഘർഷം നേരിടുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ മാത്രം സർക്കാർ ഇടപെടൽ അവസാനിക്കില്ലെന്നും നഷ്ടപ്പെട്ട കൃഷി പുനഃസ്ഥാപിക്കുന്നതിനായി പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വിത്ത്, നടീൽ വസ്തുക്കൾ, വളം തുടങ്ങിയ സഹായങ്ങൾ ഇതിലൂടെ ലഭ്യമാക്കും.

വന്യജീവി പ്രതിരോധ സംവിധാനങ്ങളുടെ പരിപാലനച്ചെലവിന്റെ 100 ശതമാനം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കൃഷി, വനം, തദ്ദേശസ്വയംഭരണ വകുപ്പുകളുടെ സംയുക്ത ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

കാർബൺ ക്രെഡിറ്റിലൂടെ കർഷകർക്ക് അധിക വരുമാനം ലഭ്യമാക്കുന്നതിനും കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യവർധന, കോൾഡ് ചെയിൻ, വെയർഹൗസ്, പാക്ക് ഹൗസ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും നടപടികൾ സ്വീകരിക്കും.

കോൺക്ലേവ് ഒറ്റപ്പെട്ട പരിപാടിയായി അവസാനിക്കില്ലെന്നും ഇവിടെ ഉയർന്നുവന്ന പ്രായോഗിക നിർദേശങ്ങൾ പരിശോധിച്ച് പ്രത്യേക പദ്ധതികളായി നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com