KERALA NEWS

ഉത്സവകാല ഓൺലൈൻ ഓഫറുകൾ: വ്യാജ സെയിലുകളിൽ വീഴരുത്; മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: ഉത്സവകാല ഓഫർ വില്പനകളുടെ മറവിൽ നടക്കുന്ന വ്യാപക സൈബർ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ, ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് തുടങ്ങിയ പ്രമുഖ ഓൺലൈൻ ഷോപ്പിങ് മേളകളുടെ പേരിൽ വ്യാജ സന്ദേശങ്ങളും ലിങ്കുകളും പ്രചരിപ്പിച്ചാണ് തട്ടിപ്പുകാർ ആളുകളെ കുടുക്കുന്നത്.
സോഷ്യൽ മീഡിയ, വാട്സ്ആപ്പ്, എസ്.എം.എസ്, ഇ-മെയിൽ എന്നിവയിലൂടെയാണ് ആകർഷകമായ വിലക്കുറവുകളും സമ്മാനങ്ങളും വാഗ്ദാനം ചെയ്തുകൊണ്ടുള്ള വ്യാജ ലിങ്കുകൾ പ്രചരിക്കുന്നത്. പ്രമുഖ ബ്രാൻഡുകളുടെ പേരും ലോഗോയും ദുരുപയോഗം ചെയ്ത് അസ്സലിനെ വെല്ലുന്ന വ്യാജ വെബ്സൈറ്റുകളാണ് (Phishing Websites) തട്ടിപ്പുകാർ നിർമ്മിക്കുന്നത്

തട്ടിപ്പ് രീതികൾ ഇങ്ങനെ:
വ്യാജ വെബ്സൈറ്റുകൾ: വിപണിവിലയേക്കാൾ അമിതമായ വിലക്കുറവിൽ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ ഇത്തരം ലിങ്കുകളിലേക്ക് ആകർഷിക്കുന്നു.
സാമ്പത്തിക വിവരങ്ങൾ ചോർത്തൽ: പണമടയ്ക്കുന്നതിന്റെയും ഓർഡർ നൽകുന്നതിന്റെയും മറവിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, എ.ടി.എം/ക്രഡിറ്റ് കാർഡ് വിവരങ്ങൾ, ഒ.ടി.പി എന്നിവ തട്ടിയെടുക്കുന്നു.
വ്യാജ കസ്റ്റമർ കെയർ: സെർച്ച് എഞ്ചിനുകളിലും സോഷ്യൽ മീഡിയയിലും നൽകിയിരിക്കുന്ന വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ വഴിയും തട്ടിപ്പ് നടത്തുന്നു.
പണം നഷ്ടപ്പെടൽ: പണമടച്ചതിന് ശേഷം സാധനങ്ങൾ ലഭിക്കാതിരിക്കുകയോ, തികച്ചും നിലവാരമില്ലാത്ത വസ്തുക്കൾ അയച്ചുനൽകുകയോ ചെയ്യുന്നു. തുടർന്ന് റീഫണ്ട്, ജി.എസ്.ടി, പ്രോസസ്സിങ് ഫീസ് തുടങ്ങിയ പേരുകളിൽ വീണ്ടും പണം ആവശ്യപ്പെടുന്ന സംഭവങ്ങളുമുണ്ട്

പ്രധാന മുൻകരുതലുകൾ:
ഔദ്യോഗിക ആപ്പുകളിലൂടെയോ വെബ്സൈറ്റുകളിലൂടെയോ മാത്രം ഷോപ്പിങ് നടത്തുക.
വാട്സ്ആപ്പിലും മെസേജുകളിലും വരുന്ന അജ്ഞാത ലിങ്കുകളിൽ (Links) ക്ലിക്ക് ചെയ്യരുത്.
ബാങ്ക് വിവരങ്ങളോ ഒ.ടി.പി.യോ ആരോടും പങ്കുവെക്കരുത്.
അമിതമായ വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളിൽ സംശയം പുലർത്തുക.
തട്ടിപ്പിനിരയായാൽ എന്തുചെയ്യണം?
സൈബർ സാമ്പത്തിക തട്ടിപ്പിനിരയായാൽ ആദ്യത്തെ ‘ഗോൾഡൻ അവറിനുള്ളിൽ’ തന്നെ വിവരം അറിയിക്കുക:
ഹെൽപ്‌ലൈൻ നമ്പർ: 1930 (ദേശീയ സൈബർ ക്രൈം ഹെൽപ്‌ലൈൻ)
ഔദ്യോഗിക വെബ്സൈറ്റ്: www.cybercrime.gov.in
തട്ടിപ്പുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ, ഫോൺ നമ്പറുകൾ, വെബ്സൈറ്റ് ലിങ്കുകൾ, ബാങ്ക് ഇടപാട് വിവരങ്ങൾ തുടങ്ങിയവ തെളിവായി സൂക്ഷിക്കേണ്ടതാണെന്നും കേരള പോലീസ് അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com