KERALA NEWS

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി വൻ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്

തിരുവനന്തപുരം: ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് വാങ്ങി നടത്തുന്ന സൈബർ തട്ടിപ്പുകൾ (മ്യൂൾ അക്കൗണ്ട് തട്ടിപ്പ്) കേരളത്തിൽ വ്യാപകമാകുന്നു. അക്കൗണ്ട് വാടകയ്ക്ക് നൽകിയാൽ ട്രേഡിങ് വഴി വലിയ തുക സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ചും, മറ്റുള്ളവരുടെ അക്കൗണ്ടുകളും ഫോൺ നമ്പറുകളും കൈക്കലാക്കിയുമാണ് തട്ടിപ്പുകാർ സംഘടിതമായി ഈ കുറ്റകൃത്യങ്ങൾ നടപ്പിലാക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ പാർട്ട് ടൈം ജോലികളും ഓൺലൈൻ ജോലികളും തിരയുന്ന വിദ്യാർത്ഥികളും യുവാക്കളുമാണ് ഇത്തരം സൈബർ തട്ടിപ്പുസംഘങ്ങളുടെ പ്രധാന ഇരകൾ. സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിൾ പേ അക്കൗണ്ടുമുള്ളവർക്ക് ജോലി വാഗ്ദാനം ചെയ്തുകൊണ്ട് തട്ടിപ്പുകാർ രംഗത്തുണ്ട്.

ഇത്തരക്കാരുടെ അക്കൗണ്ടുകളിലേക്ക് വരുന്ന പണം ഒരു ലക്ഷം രൂപ കടക്കുമ്പോൾ, കമ്മീഷൻ എടുത്തശേഷം ബാക്കി തുക തട്ടിപ്പുകാർ ആവശ്യപ്പെടുന്ന മറ്റ് അക്കൗണ്ടുകളിലേക്ക് അയച്ചു നൽകുകയെന്നതാണ് ഇവർ നൽകുന്ന ‘ജോലി’. വിദ്യാർത്ഥികളുടെ അക്കൗണ്ടുകൾ മ്യൂൾ അക്കൗണ്ടുകളായി (വാടക അക്കൗണ്ടുകൾ) ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുകയാണ് ഇതിനു പിന്നിലെ പ്രധാന ലക്ഷ്യം. കുറ്റകൃത്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത യുവതീസമൂഹവും വിദ്യാർത്ഥികളും തങ്ങൾ അറിയാതെ തന്നെ ഇത്തരം സൈബർ റാക്കറ്റുകളുടെ കണ്ണികളായി മാറുന്നുണ്ട്.

ഈ സാഹചര്യത്തിൽ രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
നമ്മുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ പണം കൈമാറ്റം ചെയ്യാൻ അപരിചിതരായ ആരെയും ഒരു കാരണവശാലും അനുവദിക്കരുത്.
ഇത്തരം ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്പ്‌ലൈൻ നമ്പറിൽ വിവരം അറിയിക്കുക.
കൂടാതെ www.cybercrime.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com