
റോഡുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സീബ്ര ക്രോസിംഗുകളിൽ ഡ്രൈവർമാർ പാലിക്കേണ്ട പ്രധാന നിർദ്ദേശങ്ങളുമായി കേരള പോലീസ്. സീബ്ര ക്രോസിംഗുകളിലൂടെ റോഡ് മുറിച്ചുകടക്കുന്നവർക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്ന് സംസ്ഥാന പോലീസ് പുറത്തുവിട്ട അറിയിപ്പിൽ വ്യക്തമാക്കുന്നു.
പോലീസ് നൽകുന്ന പ്രധാന നിർദ്ദേശങ്ങൾ:
സീബ്ര ക്രോസ്സ് കണ്ടാൽ വേഗം കുറയ്ക്കുക: സീബ്ര ക്രോസിംഗ് സൂചിപ്പിക്കുന്ന റോഡ് സിഗ്നൽ കണ്ടാൽ വാഹനത്തിന്റെ വേഗത കുറയ്ക്കുകയും, റോഡിന്റെ ഇടതുവശം ചേർന്ന് നിശ്ചിത റോഡ് മാർക്കിംഗിന് മുമ്പായി വാഹനം നിർത്തുകയും വേണം.
കാൽനടയാത്രക്കാർക്ക് മുൻഗണന: പെഡസ്ട്രിയൻ ക്രോസിംഗിലൂടെ റോഡ് ക്രോസ്സ് ചെയ്യാൻ കാൽനടയാത്രക്കാരെയും വീൽചെയറിൽ പോകുന്നവരെയും മറ്റ് ഭിന്നശേഷിക്കാരെയും അനുവദിക്കുക.
റോഡ് പൂർണ്ണമായും ഒഴിവെന്ന് ഉറപ്പാക്കുക: ക്രോസിംഗിൽ ആളുകൾ ആരുമില്ലെന്ന് പൂർണ്ണമായും ഉറപ്പുവരുത്തിയ ശേഷം മാത്രം വാഹനം മുന്നോട്ട് എടുക്കുക.
ട്രാഫിക് സിഗ്നലുകളിലെ നിയമങ്ങൾ: ട്രാഫിക് കൺട്രോൾ സിഗ്നൽ ഉള്ള സ്ഥലങ്ങളിൽ സ്റ്റോപ്പ് ലൈനിന് പുറകിലായി വേണം വാഹനം നിർത്താൻ. സ്റ്റോപ്പ് ലൈൻ മാഞ്ഞുപോയിട്ടുണ്ടെങ്കിലോ ലൈൻ ഇല്ലെങ്കിലോ പെഡസ്ട്രിയൻ ക്രോസിംഗിന് പുറകിൽ വാഹനം നിർത്തണം. പെഡസ്ട്രിയൻ ക്രോസിംഗ് അടയാളപ്പെടുത്തിയിട്ടില്ലെങ്കിൽ പ്രൈമറി ട്രാഫിക് സിഗ്നലിൽ വാഹനം നിർത്തേണ്ടതാണ്.
ഗ്രീൻ സിഗ്നൽ വന്നാലും ശ്രദ്ധിക്കുക: ട്രാഫിക് ലൈറ്റിൽ ഗ്രീൻ സിഗ്നൽ തെളിഞ്ഞാലും, പെഡസ്ട്രിയൻ ക്രോസിംഗിൽ ആളുകൾ ആരുമില്ലെങ്കിൽ മാത്രമേ വാഹനം മുന്നോട്ട് എടുക്കാൻ പാടുള്ളൂ.
‘Give Way’ അടയാളം: “Give Way” അടയാളത്തിന് മുമ്പായി പെഡസ്ട്രിയൻ ക്രോസിംഗ് ഇല്ലെങ്കിൽ പോലും അവിടെ കാൽനടയാത്രക്കാർക്കാണ് പ്രഥമ പരിഗണന.
ട്രാഫിക് ബ്ലോക്കുകളിൽ ശ്രദ്ധിക്കാൻ: ട്രാഫിക് ജാമിൽപ്പെടുകയാണെങ്കിൽ യാതൊരു കാരണവശാലും വാഹനം പെഡസ്ട്രിയൻ ക്രോസിംഗിന് മുകളിൽ നിർത്തിയിടാൻ പാടില്ല.
റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനും കാൽനടയാത്രക്കാരുടെ ജീവന് സുരക്ഷ ഉറപ്പാക്കുന്നതിനും എല്ലാവരും ഈ റോഡ് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് കേരള പോലീസ് അഭ്യർത്ഥിച്ചു.



