മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി; സംസ്ഥാനത്ത് 6,939 കേസുകൾ രജിസ്റ്റർ ചെയ്തു, 2,034 പേരുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗം ഒക്ടോബർ 20 മുതൽ 27 വരെ സംസ്ഥാനവ്യാപകമായി നടത്തിയ ‘ഡ്രൈവ് സോബർ – സ്റ്റേ എലൈവ്’ പ്രത്യേക പരിശോധനയിൽ ആകെ 6,939 കേസുകൾ രജിസ്റ്റർ ചെയ്തു. പരിശോധനയുടെ ഭാഗമായി 2,034 പേരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതിനുള്ള ശുപാർശകളും നൽകിയിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ ആകെ 1,50,621 വാഹനങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
എറണാകുളം റൂറലിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് – 678. കൊല്ലം സിറ്റിയിൽ 619, തിരുവനന്തപുരം റൂറലിൽ 585, പാലക്കാട് 584, കോട്ടയത്ത് 528 എന്നിങ്ങനെയാണ് മറ്റ് പ്രധാന കണക്കുകൾ.
ലൈസൻസ് റദ്ദാക്കാൻ കൂടുതൽ ശുപാർശ നൽകിയത്: കോട്ടയം ജില്ലയിലാണ് – 507. കൊല്ലം സിറ്റിയിൽ 390, ആലപ്പുഴയിൽ 244, തൃശൂർ സിറ്റിയിൽ 148, കോഴിക്കോട് റൂറലിൽ 142 എന്നിങ്ങനെയാണ് ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്ത മറ്റ് കണക്കുകൾ.
മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന റോഡ് അപകടങ്ങളും മരണങ്ങളും കുറയ്ക്കുക, ഉത്തരവാദിത്തത്തോടെയുള്ള വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഒരാഴ്ച നീണ്ടുനിന്ന ഈ പ്രത്യേക പരിശോധനയും ബോധവത്കരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചത്. ഹൈവേ പട്രോൾ യൂണിറ്റുകളും എൻഫോഴ്സ്മെന്റ് വിഭാഗവും വരുന്ന ദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.
പൊതുജനശ്രദ്ധയ്ക്ക്:
നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റിന്റെ റോഡ് സുരക്ഷാ സംരംഭമായ ‘ശുഭയാത്ര’ വാട്സ്ആപ്പ് നമ്പർ (9747001099) വഴി പൊതുജനങ്ങൾക്ക് വിവരം നൽകാവുന്നതാണ്. നിയമലംഘനങ്ങളുടെ ഫോട്ടോ, ഓഡിയോ, വീഡിയോ എന്നിവയോടൊപ്പം ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിന്റെ നമ്പർ എന്നിവയും സന്ദേശത്തോടൊപ്പം അയക്കേണ്ടതാണ്.


