
തോട്ടുമുക്കം: എസ്.എം.എ ബാധിച്ച കുട്ടികളുടെ ചികിത്സാ സഹായത്തിനായി തോട്ടുമുക്കം ജനകീയ കൂട്ടായ്മയുടെയും ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ യും ആഭിമുഖ്യത്തിൽ ‘കൂടെയുണ്ട് തോട്ടുമുക്കം’ എന്ന പേരിൽ വിപുലമായ ജനകീയ കൂട്ടായ്മയും ധനസഹായ സമാഹരണവും സംഘടിപ്പിച്ചു.
കഴിഞ്ഞ ദിവസം രാവിലെ 8:00 മണി മുതൽ ആരംഭിച്ച പരിപാടികൾ നാടിന്റെ ഒത്തൊരുമയുടെ നേർക്കാഴ്ചയായി മാറി. രാവിലെ മുതൽ വിവിധ വ്യക്തികളുടെ നേതൃത്വത്തിൽ ഗാനാലാപനം നടന്നു. ഇതിനോടൊപ്പം സംയുക്ത പ്രവർത്തകരുടെയും ഓട്ടോ തൊഴിലാളികളുടെയും നേതൃത്വത്തിൽ ചായ സൽക്കാരം സംഘടിപ്പിക്കുകയും പൊതുജനങ്ങളിൽ നിന്ന് ചികിത്സാ ഫണ്ട് സ്വീകരിക്കുകയും ചെയ്തു.
ഉച്ചയ്ക്ക് ശേഷം പ്രമുഖരായ ഗായകരും നാട്ടിലെ പ്രഗത്ഭരായ ഗായകരും അണിനിരന്നുകൊണ്ട് വിപുലമായ ഗാനമേള അരങ്ങേറി. പരിപാടിയുടെ ഭാഗമായി നാട്ടുകാർ സംഭാവനയായി നൽകിയ വിവിധ സാധനങ്ങളുടെ ലേലവും നടന്നു. വലിയ ആവേശത്തോടെയാണ് നാട്ടുകാർ ലേലത്തിൽ പങ്കെടുത്തത്. സുമനസ്സുകളുടെ സഹകരണത്താൽ ലേലത്തിലൂടെയും ഫണ്ട് ശേഖരണത്തിലൂടെയും ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ തുക ചികിത്സാ സഹായത്തിനായി സമാഹരിക്കാൻ സാധിച്ചു. നാടിന്റെ നാനാഭാഗത്തുനിന്നും നിരവധി ആളുകളാണ് ഈ സത്കർമ്മത്തിൽ പങ്കാളികളായത്.
എ.എം. റഹ്‌മാൻ ചെയർമാനും വൈ.പി. അഷ്‌റഫ് കൺവീനറുമായുള്ള ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടികൾ ഏകോപിപ്പിച്ചത്. വി.കെ. അബൂബക്കർ, സുധീഷ് മുണ്ടാട്ടിൽ, ടോമി മാസ്റ്റർ, ശിവദാസൻ മാസ്റ്റർ,
ബ്ലോക്ക് മെമ്പർ ധന്യ ബാബുരാജ്,
ബാസിത് തോട്ടുമുക്കം, ബെൻസ് തങ്കച്ചൻ, അബ്ദു തിരുനിലത്ത്, കെ.സി. നാടിക്കുട്ടി, സുഹാസ് പി.കെ. (വാർഡ് നമ്പർ), കെ.ജി. ഷിജുമോൻ, മുസ്തഫ പരുത്തിക്കുന്നൻ, ഹുസൈൻ തിരുനിലത്ത്, സത്യൻ ചൂരക്കായി,ഷാലു കൊല്ലോലത്ത്,അലിയാർ പുത്തൻപുരക്കൽ, സിജോ പാറത്തല എന്നിവരടങ്ങുന്ന വിപുലമായ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.



