LOCAL NEWS

ബീച്ചിൽ 700 കാറുകൾക്ക്‌ പാർക്ക്‌ ചെയ്യാനുള്ള ഓപ്പൺ പാർക്കിങ് സംവിധാനം വരുന്നു

കോഴിക്കോട്‌ ബീച്ചിൽ 700 കാറുകൾക്ക്‌ പാർക്ക്‌ ചെയ്യാനുള്ള ഓപ്പൺ പാർക്കിങ് സംവിധാനത്തിന്‌ ഇന്ന് ധാരണപത്രം ഒപ്പുവയ്‌ക്കും. തുറമുഖവകുപ്പിന്റെ അധീനതയിലുള്ള മൂന്ന്‌ ഏക്കറിലാണ്‌ കോർപറേഷൻ പാശ്‌ചാത്യനഗര മാതൃകയിലുള്ള സംവിധാനം ഒരുക്കുന്നത്‌. ഗാന്ധി റോഡ്‌ മേൽപ്പാലം മുതൽ ലയൺസ്‌ പാർക്കുവരെയുള്ള കടൽത്തീരം പ്രയോജനപ്പെടുത്തിയാണിത്‌. കേരളത്തിൽ ആദ്യമായാണ്‌ ഇത്തരമൊരു സംവിധാനം. രാവിലെ പത്തിന്‌ കോർപറേഷൻ ഓഫീസിലാണ്‌ ചടങ്ങ്‌. തുറമുഖമന്ത്രി അഹമ്മദ്‌ ദേവർകോവിൽ ഓൺലൈനായി ചടങ്ങിൽ പങ്കെടുക്കും. 

ബീച്ചിലും നഗരത്തിലും എത്തുന്നവർക്ക്‌ കാറുകൾ നിർത്തിയിടാനുള്ള സൗകര്യമാവും ഇത്‌. കടൽത്തീരത്ത്‌ കാര്യമായ നിർമാണമൊന്നും നടത്താതെ, ചെലവുകുറഞ്ഞ സംവിധാനമാണ്‌ നടപ്പാക്കുക. കടൽത്തീരത്ത്‌ റോഡരികിൽ കാടുപിടിച്ചുകിടക്കുന്ന ഭൂമിയാണ്‌  ഉപയോഗിക്കുക. മുപ്പത്‌ വർഷത്തേക്കാണ്‌ പദ്ധതിക്കായി തുറമുഖ വകുപ്പ്‌  ഭൂമി വിട്ടുനൽകുക. ഇതിനുള്ള മൂലധന നിക്ഷേപവും വരുമാനവും തുല്യമായി കോർപറേഷനും തുറമുഖ വകുപ്പും പങ്കുവയ്‌ക്കും. 

ഭൂമി അധികം ഉയർത്താതെ ബലപ്പെടുത്തി പൂട്ടുകട്ട വിരിച്ചാണ്‌ ഓപ്പൺ പാർക്കിങ് ഒരുക്കുക. റോഡിൽനിന്ന്‌ പാർക്കിങ്ങിലേക്ക്‌ റാമ്പുകളുണ്ടാവും. ഇലക്‌ട്രിക്‌ വാഹനങ്ങളുടെ ചാർജിങ് സ്‌റ്റേഷൻ, കോഫി ഷോപ്പുകൾ, സഞ്ചാരികൾക്കുള്ള സഹായകേന്ദ്രം, സൈക്കിൾ വാടക ഷോപ്പ്‌, സുവനീർ വിൽപ്പനശാലകൾ തുടങ്ങിയവയും അനുബന്ധമായി ഒരുക്കും. നഗരത്തിലെ ഭക്ഷണശാലകളും മറ്റും പാർക്കിങ് കേന്ദ്രത്തിൽനിന്ന്‌ പിക്ക്‌അപ്പ്‌ സൗകര്യമൊരുക്കും. ബീച്ചിലെ കാഴ്‌ചകൾ മറക്കാത്ത വിധമായും പാർക്കിങ്. നഗരത്തിലെ ഗതാഗതം സുഗമമാക്കാനുള്ള വലിയ ചുവടുവയ്‌പാവും പാർക്കിങ് കേന്ദ്രമെന്ന്‌ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌ പറഞ്ഞു. 

ഒന്നരക്കോടി ചെലവ്‌ പ്രതീക്ഷിക്കുന്ന സംരംഭത്തിന്റെ മുടക്കുമുതൽ തുക ഒരുവർഷത്തിനകം തിരികെ ലഭിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. സിറ്റി ട്രാഫിക്‌ സബ്‌ ഇൻസ്‌പെക്ടറായിരുന്ന മനോജ്‌ ബാബുവാണ്‌ കോർപറേഷന്‌ മുന്നിൽ ഇംഗ്ലണ്ടിലെ മാതൃകയിലുള്ള പാർക്കിങ്ങിന്റെ രൂപരേഖ അവതരിപ്പിച്ചത്‌. കോർപറേഷന്റെ നയപ്രഖ്യാപനത്തിൽ ഇടംനേടിയ ആശയത്തിൽ 37 പാതയോര പാർക്കിങ്ങും ഉൾപ്പെട്ടിരുന്നു. നഗരത്തിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന ബീച്ചിൽ പാർക്കിങ് സൗകര്യമില്ലാത്തത്‌ ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്‌. 540 കിലോമീറ്റർ കടൽത്തീരമുള്ള കേരളത്തിലെ മറ്റ്‌ നഗരങ്ങൾക്കും മാതൃകയാക്കാവുന്ന പദ്ധതിയാണ്‌ കോഴിക്കോട്ട്‌ ഒരുങ്ങുന്നത്‌.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com