മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്ക് കൈത്താങ്ങായി ഫുഡ് ഫെസ്റ്റുമായി കൂമ്പാറ ഫാത്തിമ ബി.എച്ച്.എസ്.എസ്.

കൂടരഞ്ഞി : എസ്.എം.എ. (സ്പൈനൽ മസ്കുലർ അട്രോഫി) ബാധിച്ച മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി കൈത്താങ്ങൊരുക്കി കൂമ്പാറ ഫാത്തിമ ബി. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ. കുട്ടികളുടെ ചികിത്സാ സഹായനിധിയിലേക്ക് തുക സമാഹരിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ ‘മുഹബ്ബത്ത് കി ബസാർ’ എന്ന പേരിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റ് ശ്രദ്ധേയമായി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു പൈമ്പിള്ളി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ. പ്രസിഡന്റ് വിൽസൺ പുൽവേലിൽ അധ്യക്ഷത വഹിച്ചു.സ്കൂളിലെ എൻ.എസ്.എസ്., സ്കൗട്ട്, ഗൈഡ്സ്, സൗഹൃദ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. വിദ്യാർഥികൾ കൂപ്പണുകൾ വിതരണം ചെയ്തും ഓരോ ക്ലാസിന്റെയും നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ പലഹാരങ്ങൾ, ജ്യൂസുകൾ, പഴവർഗങ്ങൾ എന്നിവയുടെ സ്റ്റാളുകൾ ഒരുക്കിയുമാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിലൂടെ പരിപാടി വിജയകരമാക്കാനും ചികിത്സാ സഹായനിധിയിലേക്ക് ഗണ്യമായ തുക സമാഹരിക്കാനും സാധിച്ചു.രക്ഷിതാക്കളും പൊതുപ്രവർത്തകരും നാട്ടുകാരും സ്കൂളിലെത്തി കുട്ടികൾക്ക് പിന്തുണയും പ്രോത്സാഹനവും നൽകി. സ്കൂളിന് സമീപത്തെ വീട്ടുകാരും പലഹാരങ്ങളും സംഭാവനകളും നൽകി കുട്ടികളുടെ കാരുണ്യ സംരംഭത്തിന് പിന്തുണയേകി.സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ നാസർ ചെറുവാടി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ജിമ്മി ജോസ്, വാർഡ് മെമ്പർ ആദർശ് ജോസഫ്, ഡോ. അഷറഫ് കയ്യലശ്ശേരി, പി.ടി.എ. വൈസ് പ്രസിഡന്റ് നൗഫൽ മരഞ്ചാട്ടി, പ്രിൻസ് ടി.സി. എന്നിവർ പ്രസംഗിച്ചു.



