
മുക്കം: അന്താരാഷ്ട്ര വയോജനദിനാഘോഷത്തിന്റെ ഭാഗമായി മുതിർന്ന പൗരന്മാർക്കായി വേറിട്ടതും മാതൃകാപരവുമായ പരിപാടികൾ സംഘടിപ്പിച്ച് മുക്കം നഗരസഭ. ആഘോഷങ്ങളുടെ ഭാഗമായി നഗരസഭാ പരിധിയിലെ വയോജനങ്ങൾക്കായി പ്രത്യേക സിനിമാ പ്രദർശനം നടത്തി. മുക്കം പി.സി. ടാക്കീസിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രമാണ് പ്രദർശിപ്പിച്ചത്. നഗരസഭയിലെ വിവിധ ഡിവിഷനുകളിൽ നിന്നായി മുന്നൂറോളം വയോജനങ്ങൾ സിനിമാപ്രദർശനം കാണാനെത്തി. സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പ്രശസ്ത നടി ഉണ്ണിമായ നാലപ്പാട്ട് വയോജനങ്ങൾക്കൊപ്പം മുഖ്യാതിഥിയായി സിനിമ കാണാനെത്തിയത് ഏറെ ആഹ്ലാദകരമായ അനുഭവമായി. വയോജനങ്ങളുടെ മാനസികോല്ലാസവും സാമൂഹിക പങ്കാളിത്തവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നഗരസഭ ഇത്തരമൊരു വേറിട്ട ആശയം നടപ്പിലാക്കിയതെന്നും വയോജനങ്ങൾക്കായി തുടർന്നും വിവിധ ക്ഷേമ-വിനോദ പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രദർശനം ഉദ്ഘാടനം ചെയ്തുകൊണ്ട് നഗരസഭ ചെയർപേഴ്സൺ അഡ്വ.കെ.പി. ചാന്ദ്നി അറിയിച്ചു. ചടങ്ങിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ അധ്യക്ഷനായിരുന്നു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു. കെ. പി സ്വാഗതം പറഞ്ഞു. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അബ്ദുൾ അസീസ് വാർപ്പിൽ, ഭവന വിനോദ്, റാഷിദ് കുന്നത്ത്, മനീഷ ഉള്ളാട്ടിൽ, നഗരസഭ കൗൺസിലർമാർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സുസ്മിത, വയോജന ക്ഷേമസമിതി ഭാരവാഹികളായ കരണങ്ങാട്ട് ഭാസ്കരൻ, കെ. ബാലൻ എന്നിവർ പങ്കെടുത്തു.

വയോജനങ്ങൾക്ക് കരുതലായി മുക്കം നഗരസഭ: രണ്ടാമത്തെ ‘വയോക്ലബ്ബ്’ പ്രവർത്തനമാരംഭിച്ചു
മുക്കം: മുക്കം നഗരസഭയിലെ മുതിർന്ന പൗരന്മാരുടെ ക്ഷേമവും മാനസികോല്ലാസവും മുൻനിർത്തി അന്താരാഷ്ട്ര വയോജനദിനത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ രണ്ടാമത്തെ വയോക്ലബ്ബ് നിലവിൽ വന്നു. നീലേശ്വരത്തെ വയലക്കോട്ടുപറമ്പ് സാംസ്കാരിക നിലയം കേന്ദ്രീകരിച്ചാണ് പുതിയ വയോക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
മുതിർന്ന പൗരന്മാർക്ക് ഒത്തുചേരാനും വിശ്രമവേളകൾ ആനന്ദകരമാക്കാനും ലക്ഷ്യമിട്ടാണ് നഗരസഭ ഈ പദ്ധതിക്ക് രൂപം നൽകിയത്. വാർദ്ധക്യകാലത്തെ ഒറ്റപ്പെടലുകൾ ഒഴിവാക്കി വയോജനങ്ങൾക്ക് പരസ്പരസൗഹൃദം പുതുക്കാനും അവരുടെ മാനസിക-ശാരീരിക ആരോഗ്യസംരക്ഷണത്തിനായി വിവിധ പരിപാടികൾ സംഘടിപ്പിക്കാനും ഈ ക്ലബ്ബ് വേദിയൊരുക്കും. വയോക്ലബ്ബിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി മിർവഹിച്ചു. പ്രദേശത്തെ വയോജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന ചടങ്ങിൽ ചടങ്ങിൽ നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു. കെ. പി അധ്യക്ഷയായിരുന്നു. ഡെപ്യൂട്ടി ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ മുഖ്യാതിഥിയായി. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അബ്ദുൾ അസീസ് വാർപ്പിൽ, ഭവന വിനോദ്, റാഷിദ് കുന്നത്ത്, മനീഷ ഉള്ളാട്ടിൽഎന്നിവർ ആശംസകൾ നേർന്നു. ബോബി ജോസഫ്, ഹാഷിദ്. കെ.സി എന്നിവർ ക്ലാസ്സുകളെടുത്തു. വാർഡ് കൗൺസിലർ ബബിത മനോജ് സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ സുസ്മിത നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.



